സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് അവസരങ്ങളുടെ ലോകം തുറന്ന് മെഗാ സംഗമങ്ങള്‍
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഈ വര്‍ഷത്തെ ഫണ്ട് ഓഫ് ഫണ്ട് പ്രഖ്യാപനവും സീഡിംഗ് കേരളയില്‍ നടന്നു
നവ ഊര്‍ജം പകര്‍ന്ന് സീഡിംഗ് കേരള: 18 കോടിയുടെ നിക്ഷേപ പ്രഖ്യാപനം
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച ആറാമത് സീഡിംഗ് കേരള സമ്മേളനത്തില്‍ 18.4 കോടി രൂപയുടെ നിക്ഷേപം നാല് ഏയ്ഞ്ചല്‍ നെറ്റ്‌വർക്കുകള്‍ പ്രഖ്യാപിച്ചു. ഏയ്ഞ്ചല്‍ നെറ്റ്‌വർക്കുകളുടെ നേതൃത്വത്തിലാണ് ഈ നിക്ഷേപ തുക സമാഹരിക്കുന്നത്. സ്പാര്‍ക്സ് ഏയ്ഞ്ചല്‍ നെറ്റ്‌വർക്കിന്റെ നേതൃത്വത്തില്‍ നാല് സ്റ്റാര്‍ട്ടപ്പുകളിലായി എട്ടു കോടി രൂപ, കേരള ഏയ്ഞ്ചല്‍ നെറ്റ്‌വർക്കിന്റെ നേതൃത്വത്തില്‍ നാല് സ്റ്റാര്‍ട്ടപ്പുകളിലായി അഞ്ച് കോടി രൂപ, ഫീനിക്സ് ഏയ്ഞ്ചല്‍ നെറ്റ്‌വർക്കിന്റെ നേതൃത്വത്തില്‍ രണ്ട് സ്റ്റാര്‍ട്ടപ്പുകളിലായി മൂന്നര കോടി രൂപ, ജി.എസ്.എഫ് ആക്സിലറേറ്റര്‍ 40 ലക്ഷം രൂപ, സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ ചേര്‍ന്ന് അഞ്ച് സ്റ്റാര്‍ട്ടപ്പുകളിലായി ഒന്നര കോടി രൂപ എന്നിങ്ങനെയാണ് നിക്ഷേപം പ്രഖ്യാപിച്ചത്.
സര്‍വകലാശാലകളും വ്യവസായ ലോകവും സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തുന്നതിന് ഊന്നല്‍ നല്‍കണമെന്ന് ഐടി-ഇലക്ട്രോണിക്സ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. കേരളം ഇലക്ട്രോണിക്സ് വിപ്ലവമാണ് പ്രതീക്ഷിക്കുന്നതെന്ന് കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. നിക്ഷേപക സ്ഥാപനമായ 100 എക്സ് വിസി സ്ഥാപകന്‍ സഞ്ജയ് മേത്ത, സീമെന്‍സ് വൈസ് പ്രസിഡന്റ് അമൃത വേണുഗോപാല്‍, സോഹോ സോഹോ കോര്‍പ്സ് സഹസ്ഥാപകന്‍ ടോണി തോമസ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഈ വര്‍ഷത്തെ ഫണ്ട് ഓഫ് ഫണ്ട് പ്രഖ്യാപനവും സീഡിംഗ് കേരളയില്‍ നടന്നു. ഹൈദരാബാദ് ഏയ്ഞ്ചല്‍സിന്റെ രത്നാകര്‍ സാമവേദം, ചെന്നൈ ഏയ്ഞ്ചല്‍സിന്റെ ചന്തു നായര്‍, യൂണികോണ്‍ ഇന്ത്യയുടെ അനില്‍ ജോഷി, മലബാര്‍ ഏയ്ഞ്ചല്‍ നെറ്റ്‌വർക്കിന്റെ പി.കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ അവതരണം നടത്തി. സോഹോ കോര്‍പ്സ് സി.ഇ.ഒ ശ്രീധര്‍ വേമ്പു,ഓപ്പണ്‍ ഫിനാന്‍ഷ്യല്‍ ടെക്നോളജീസിന്റെ അനീഷ് അച്യുതന്‍, ജെന്‍ റോബോട്ടിക്സിന്റെ വിമല്‍ ഗോവിന്ദ് എന്നിവര്‍ സംസാരിച്ചു.
സര്‍ക്കാര്‍-വ്യവസായ-വിദ്യാഭ്യാസ-കോര്‍പ്പറേറ്റ് മേഖലയിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രത്യേക സമ്മേളനവും നടന്നു. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിലെ ലിംഗനീതി, സ്റ്റാര്‍ട്ടപ്പില്‍ നിന്ന് ഏയ്ഞ്ചല്‍ നെറ്റ്‌വർക്കിലേക്ക്, ഏയ്ഞ്ചല്‍ നിക്ഷേപത്തിലെ സാധ്യതകള്‍, സ്റ്റാര്‍ട്ടപ്പുകളെ എങ്ങനെ വിലയിരുത്താം, നിക്ഷേപം നടത്താം, ഏയ്ഞ്ചല്‍ നിക്ഷേപത്തിലെ പാഠങ്ങള്‍ എന്നീ വിഷയങ്ങളിലാണ് വിദഗ്ധര്‍ സംസാരിച്ചത്.
അവസരങ്ങള്‍ തുറന്ന് ഐ.ഇ.ഡി.സി ഉച്ചകോടി
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെ.എസ്.യു.എം) കാക്കനാട് രാജഗിരി സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയും (ആര്‍.എസ്.ഇ.ടി) സംയുക്തമായി നടത്തിയ വിദ്യാര്‍ത്ഥി സംരംഭകര്‍ക്കായുള്ള ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ ഇന്നൊവേഷന്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സെന്റര്‍ (ഐ.ഇ.ഡി.സി) ഉച്ചകോടി ശ്രദ്ധേയമായി. ഐ.ഇ.ഡി.സി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ കേളെജുകളില്‍ നിന്നും ഒരു സംരംഭകനെയെങ്കിലും സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു.എം സി.ഇ.ഒ അനൂപ് അംബിക അധ്യക്ഷത വഹിച്ചു. വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ആര്‍.എസ്.ഇ.ടി പ്രിന്‍സിപ്പല്‍ ഡോ. പി.എസ് ശ്രീജിത്ത്, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സീനിയര്‍ മാനേജര്‍ ശ്രുതി സിംഗ്, സി.എം.ഐ ആര്‍.എസ്.ഇ.ടി ഡയറക്റ്റര്‍ റവ. ഡോ. ജോസ് കുരിയേടത്ത്, ആര്‍.എസ്.ഇ.ടി ഐ.ഇ.ഡി.സി സി.ഇ.ഒ എബി ഷീഷ് എന്നിവര്‍ സംസാരിച്ചു.
വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രതിനിധികള്‍ പങ്കെടുത്തു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ ലോക്നാഥ് ബെഹ്റ സമാപന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഒ.ഒ ടോം തോമസ് അധ്യക്ഷനായി. ആര്‍.എസ്.ഇ.ടി വൈസ് പ്രസിഡന്റ് ഫാ. ഡോ. ജെയ്സണ്‍ പോള്‍ മുളേരിക്കല്‍ സി.എം.ഐ, ഐ.ഇ.ഡി.സി നെസ്റ്റ് (എന്‍.ഇ.എസ്.ടി) ലീഡ് അക്ഷയ് പ്രദീപ്, ആര്‍.എസ്.ഇ.ടി ഐ.ഇ.ഡി.സി നോഡല്‍ ഓഫീസര്‍ നിതീഷ് കുര്യന്‍, ആര്‍.എസ്.ഇ.ടി ഐ.ഇ. ഡി.സി ക്വാളിറ്റി ആന്‍ഡ് ഓപ്പറേഷന്‍സ് ലീഡ് ശ്വേതാ ശരചന്ദ്ര എന്നിവര്‍ പങ്കെടുത്തു.
പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സാക്ഷരത അനിവാര്യം: സീഡിംഗ് കേരള
ചെറുപ്രായത്തില്‍ തന്നെ പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സാക്ഷരത ലഭ്യമാക്കണമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിച്ച സീഡിംഗ് കേരള സമ്മേളനത്തിലെ വനിതാ പാനല്‍ ചര്‍ച്ചയില്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആണ്‍കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ തന്നെ നിക്ഷേപത്തെക്കുറിച്ചും സാമ്പത്തിക ഭദ്രതയെക്കുറിച്ചും അവബോധം നല്‍കുന്നത് പതിവാണ്. രാജ്യത്തെ തൊഴിലിടങ്ങള്‍ കൂടുതല്‍ ലിംഗസമത്വം ഉള്ളതാകാന്‍ പെണ്‍കുട്ടികള്‍ക്കും സമാന അവബോധം നല്‍കണമെന്നും വനിത സംരംഭകര്‍ ചൂണ്ടിക്കാട്ടി.
കുട്ടികളെ വളര്‍ത്തി വലുതാക്കേണ്ട ഉത്തരവാദിത്വം പൂര്‍ണമായും സ്ത്രീകള്‍ക്കാണെന്ന പൊതുബോധമാണ് തൊഴിലിടങ്ങളില്‍ പുരുഷനൊപ്പം ഉയര്‍ച്ച കൈവരിക്കാന്‍ സ്ത്രീകള്‍ക്ക് വിഘാതമായിരിക്കുന്നതെന്ന് വിദഗ്ധര്‍ പറഞ്ഞു.'സ്റ്റാര്‍ട്ടപ്പ് ഫണ്ടിലെ ലിംഗപരമായ അസമത്വം' എന്ന വിഷയത്തിലായിരുന്നു പാനല്‍ ചര്‍ച്ച. വിദ്യാഭ്യാസ പരമായി ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ത്രീകള്‍ പോലും കുടുംബത്തിനുവേണ്ടി തങ്ങളുടെ തൊഴില്‍ ജീവിതം ഉപേക്ഷിച്ചിട്ടുണ്ട്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കില്‍ നിലവില്‍ രാജ്യത്തെ സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി. കെ.എസ്.യു.എം സി.ഒ.ഒ ടോം തോമസ് ആണ് ചര്‍ച്ച നിയന്ത്രിച്ചത്. എ.ഡബ്ല്യൂ.ഇ ഫണ്ടിന്റെ ദിവ്യാ സമ്പത്ത്, വി ഫൗണ്ടര്‍ സര്‍ക്കിളിന്റെ ഭാവന ഭട്നാഗര്‍, ഇന്‍ഫോ എഡ്ജ് വെഞ്ച്വേഴ്സിന്റെ അനിക്ത സത്പതി, ലീഡ് ഏയ്ഞ്ചല്‍സിന്റെ കൃതി റിയാനി എന്നിവര്‍ സംസാരിച്ചു.
This story was published in the 31st March 2023 issue of Dhanam Magazine