ഓപ്പണ്‍; കാത്തിരിപ്പുകള്‍ക്കൊടുവില്‍ കേരളത്തില്‍ നിന്നൊരു യുണീകോണ്‍

ഇന്ത്യയിലെ നൂറാമത്തെ യുണീകോണെന്ന പ്രത്യേകതയും ഓപ്പണിനുണ്ട്

Update: 2022-05-03 05:35 GMT

മലയാളികളുടെ ഫിന്‍ടെക്ക് സ്റ്റാര്‍ട്ടപ്പ് ഓപ്പണ്‍ യുണീകോണ്‍ പട്ടികയില്‍ ഇടംനേടി. ആദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു കമ്പനി യുണീകോണാവുന്നത്. ഇന്ത്യയിലെ നൂറാമത്തെ യുണീകോണെന്ന പ്രത്യേകതയും ഓപ്പണിനുണ്ട്. ഒരു ബില്യണ്‍ മൂല്യത്തിലെത്തുന്ന കമ്പനികളെയാണ് യുണീകോണെന്ന് വിശേഷിപ്പിക്കുന്നത്.

പെരിന്തല്‍മണ്ണ സ്വദേശി അനീഷ് അച്യുതന്‍, സഹോദരന്‍ മേബല്‍ ചാക്കോ, അനീഷിന്റെ ഭാര്യ മേബല്‍ ചാക്കോ, മല്ലപ്പള്ളി സ്വദേശി ഡീന ജേക്കബ് ( ടാക്‌സി ഫോര്‍ ഷുവര്‍ മുന്‍ സിഎഫ്ഒ) എന്നിവര്‍ ചേര്‍ന്ന് 2017ല്‍ തുടങ്ങിയ സ്ഥാപനമാണ് ഓപ്പണ്‍. സീരീസ് ഡി ഫണ്ടിംഗില്‍ 50 മില്യണ്‍ സമാഹരിച്ചതോടെയാണ് കമ്പനിയുടെ മൂല്യം ഒരു ബില്യണിലെത്തിത്.

ഇടപാടുകള്‍ ഓട്ടോമേറ്റ് ചെയ്യാന്‍ സഹായിക്കുന്ന നിയോ ബാങ്കിംഗ് സേവനമാണ് ഓപ്പണ്‍ നല്‍കുന്നത്. നിലവില്‍ കമ്പനി നല്‍കുന്ന സേവനങ്ങളായ Zwitch (എംബെഡഡ് ഫിനാന്‍സ് പ്ലാറ്റ്ഫോം), ബാങ്കിംഗ്സ്റ്റാക്ക് (ബാങ്കുകള്‍ക്കുള്ള എന്റര്‍പ്രൈസ് ബാങ്കിംഗ് സൊല്യൂഷന്‍) എന്നിവ മെച്ചപ്പെടുത്താനും ആഗോള തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ഫണ്ടിംഗിലൂടെ ലഭിച്ച തുക ഉപയോഗിക്കും.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 5 ദശലക്ഷത്തിലധികം ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുകയാണ് ഓപ്പണിന്റെ ലക്ഷ്യം. പെരുന്തല്‍ മണ്ണയില്‍ ആരംഭിച്ച സ്ഥാപനം ഇപ്പോള്‍ ബംഗളൂരു ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തെ സീരീസ് സി ഫണ്ടിംഗില്‍ ഗൂഗിള്‍ ഉള്‍പ്പടെയുള്ള കമ്പനികള്‍ ഓപ്പണില്‍ നിക്ഷേപം നടത്തിയിരുന്നു.

Tags:    

Similar News