ഫിസിക്‌സ് വാല ഓഫ്‌ലൈന്‍ ക്ലാസുകള്‍ വ്യാപകമാക്കുന്നു
60-ലധികം പുതിയ സെന്റുകള്‍ തുറക്കും, അടുത്തിടെ കേരള സ്റ്റാര്‍ട്ടപ്പായ സൈലത്തിന്റെ 50% ഓഹരികള്‍ സ്വന്തമാക്കിയിരുന്നു
നോയിഡ ആസ്ഥാനമായ പമുഖ വിദ്യാഭ്യാസ സാങ്കേതിക (Edtech) സ്റ്റാര്‍ട്ടപ്പായ ഫിസിക്‌സ് വാല (Physics Wallah) ഓഫ്‌ലൈനിലും സാന്നിധ്യം വിപുലപ്പെടുത്തുന്നു. 2025ഓടെ 150 കോടി രൂപയാണ് ഓഫ്‌ലൈന്‍ ബിസിനസ് ശക്തിപ്പെടുത്താനായി നിക്ഷേപിക്കുന്നതെന്ന് ഫിസിക്‌സ് വാലാ സഹസ്ഥാപകന്‍ പ്രതീക് മഹേശ്വരി പറഞ്ഞു.
സ്റ്റാര്‍ട്ടപ്പിന് കീഴില്‍ 38 നഗരങ്ങളിലായി 'വിദ്യാപീഠ 'എന്ന പേരില്‍ ഓഫ്‌ലൈന്‍ കേന്ദ്രങ്ങളുണ്ട് കൂടാതെ ഓണ്‍ലൈന്‍-ഓഫ്'ലൈന്‍ സംയോജിപ്പിച്ചുകൊണ്ടുള്ള ഹൈബ്രിഡ് മോഡലായ 'പാഠശാല' 16 നഗരങ്ങളില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 'വിദ്യാപീഠ 26 നഗരങ്ങളിലും 'പാഠശാല' 39 നഗരങ്ങളിലേക്കും ഉടന്‍ തന്നെ വ്യാപിപ്പിക്കും. ഇതോടെ മൊത്തം 119 നഗരങ്ങളില്‍ ഫികിസ്‌ക്‌സ് വാലയ്ക്ക് സാന്നിധ്യമുണ്ടാകും.
കേരളത്തിലെ പ്രമുഖ എഡ്‌ടെക് ഫ്‌ളാറ്റ്‌ഫോമായ സൈലം ലേണിംഗിന്റെ (Xylem Learning) 50 ശതമാനം ഓഹരികള്‍ ഫിസിക്‌സ് വാല 500 കോടി രൂപയ്ക്ക് സ്വന്തമാക്കുന്നതായി ഇക്കഴിഞ്ഞ ജൂണില്‍ പ്രഖ്യാപിച്ചിരുന്നു. ദക്ഷിണേന്ത്യയിലേക്കും സാന്നിധ്യം ശക്തമാക്കാന്‍ ലക്ഷ്യമിട്ടാണ് സൈലത്തെ ഏറ്റെടുക്കുന്നത്. മൂന്ന് വര്‍ഷം കൊണ്ടാണ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുക.
നിലവില്‍ 1,35,000 ത്തോളം വിദ്യാര്‍ത്ഥികളാണ് ഫിസിക്‌സ് വാലയ്ക്കുള്ളത്. ഇത് 2024 ഓടെ 2,50,000 ആക്കി ഉയര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കുന്നു. യൂണികോണ്‍ കമ്പനികളില്‍ മികച്ച പ്രകടനമാണ് ഫിസിക്‌സ്‌വാല കാഴ്ചവച്ചത്. 100 കോടി ഡോളറിലധികം മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികളെയാണ് യൂണികോണ്‍ സ്റ്റാര്‍ട്ടപ്പ് എന്നു പറയുന്നത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 780 കോടി രൂപ വരുമാനം നേടി. ഈ വര്‍ഷം 2,400 കോടി രൂപയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതില്‍ 1,900 കോടി രൂപ ഓണ്‍ലൈന്‍ ബസിനസില്‍ നിന്നും ബാക്കി വിപുലീകരിച്ചു വരുന്ന ഓഫ്‌ലൈന്‍ ബിസിനസില്‍ നിന്നുമാണ്.