അണ്‍അക്കാദമിയുടെ 40 കോടി രൂപ ശമ്പളം വേണ്ടന്ന് വെച്ച അധ്യാപകന്‍, അറിയാം ഇന്ത്യയുടെ ഫിസിക്‌സ് വാലയെ

ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏക എഡ്‌ടെക്ക് യുണീകോണായി മാറിയിരിക്കുകയാണ് ഫിസിക്‌സ് വാല

Update:2022-06-08 12:57 IST

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രമുഖ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനം അണ്‍അക്കാദമി ഒരു അധ്യാപകന് 40 കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്തത്. എന്നാല്‍ അയാള്‍ അണ്‍അക്കാദമിയുടെ ഓഫര്‍ സ്വീകരിച്ചില്ല. യൂട്യൂബ് ചാനല്‍ നടത്തിയിരുന്ന ആ അധ്യാപകന് തന്റെ കഴിവിന്മേലുള്ള വിശ്വാസം അത്ര വലുതായിരുന്നു.

ഫിസിക്‌സ് വാല (physics wallah) എന്ന പേരില്‍ ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന മൂപ്പതുകാരന്‍ അലഖ് പാണ്ഡെ (alakh pandey) ആയിരുന്നു ആ അധ്യാപകന്‍. പാണ്ഡെ എന്ന ഫിസിക്‌സ് വാലെയുടെ ടീച്ചിംഗ് സ്റ്റൈല്‍ അത്രയ്ക്ക് പ്രശ്‌സ്തമായിരുന്നു. അലക് പാണ്ഡ, പ്രതീപ് മഹേശ്വര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഫിസിക്‌സ് വാല ഇന്ന് രാജ്യത്തെ നൂറ്റിയൊന്നാമത്തെ യൂണീകോണായി (101th unicorn in india) മാറിയിരിക്കുകയാണ്.

ആദ്യ റൗണ്ട് ഫണ്ടിംഗില്‍ തന്നെ 100 മില്യണ്‍ ഡോളര്‍ സമാഹരിച്ച കമ്പനിയുടെ മൂല്യം ഇപ്പോള്‍ 1.1 ബില്യണ്‍ ഡോളറാണ്. ഒരു ബില്യണ്‍ ഡോളര്‍ മൂല്യം നേടുന്ന സ്റ്റാര്‍ട്ടപ്പുകളാണ് യുണീകോണുകള്‍. ബൈജൂസ്, അണ്‍കാഡമി, എറുഡിറ്റസ്, വേദാന്തു, അപ്‌ഗ്രേഡ്, ലീഡ് സ്‌കൂള്‍ എന്നിവയാണ് രാജ്യത്തെ മറ്റ് യൂണികോണ്‍ എഡ്‌ടെക്ക് കമ്പനികള്‍

ഫിസിക്‌സ് വാലയുടെ തുടക്കം

2013ല്‍ ആണ് പാണ്ഡെ 'ഫിസിക്‌സ് വാല' എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. ആദ്യവര്‍ഷം വെറും 10,000 സബ്‌സ്‌ക്രൈബേഴ്‌സിനെ മാത്രമാണ് ചാനലിന് ലഭിച്ചത്.  ഫിലിക്‌സ് വാല- അലഖ് പാണ്ഡെ എന്ന ചാനലിന് ഇന്ന് 7 മില്യണോളം വരിക്കാരുണ്ട്.

എട്ടാം ക്ലാസ് മുതല്‍ കുട്ടികള്‍ക്ക് ട്യൂഷനെടുത്ത് തുടങ്ങിയ പാണ്ഡെ, ഫിസിക്‌സ് വാലയെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. 'ഒരു ബിസിനസ് തുടങ്ങുന്നതിനെക്കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ല. അതെല്ലാം പ്രതീപിന്റെ ഐഡിയ ആയിരുന്നു. എനിക്ക് പഠിപ്പിക്കാന്‍ ഇഷ്ടടമാണ്'. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ട്യൂഷന്‍ ടീച്ചറാവാന്‍ പാണ്ഡെയെ പ്രേരിപ്പിച്ചത്.

രാജ്യത്തെ മറ്റ് യൂണികോണ്‍ സ്ഥാപകരെ പോലെ ഐഐടി പശ്ചാത്തലമൊന്നും യുപിയിലെ പ്രയാഗ് രാജില്‍ ജനിച്ച പണ്ഡെയ്ക്കില്ല. മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാതക്കിയ ശേഷം പാര്‍ട്ട്ണര്‍ഷിപ്പില്‍ ഒരു കോച്ചിംഗ് സ്ഥാപനം നടത്തുകയായിരുന്ന പാണ്ഡെ 2013ല്‍ ആണ് യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. പക്ഷെ 2013-17 വരെ ഓഫ് ലൈന്‍ ടീച്ചിംഗില്‍ ആയിരുന്നു ശ്രദ്ധ. 2017ല്‍ ആണ് പൂര്‍ണമായും യൂട്യൂബില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയത്‌.

2019 ഓടെ ഇന്ത്യയില്‍ ഏറ്റവും അധികം സബ്‌സ്‌ക്രൈബേഴ്‌സുള്ള ജെഇഇ കോച്ചിംഗ് ചാനലായി ഫിസിക്‌സ് വാല മാറി. കൂട്ടികളാണ് ഒരു എഡ്‌ടെക്ക് പ്ലാറ്റ്‌ഫോം തുടങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് പാണ്ഡെ പറയുന്നത്. അങ്ങനെയാണ് 2020ല്‍ ഫിസിക്‌സ് വാല ആപ്പ് ലോഞ്ച് ചെയ്യുന്നത്. മറ്റ് ആപ്പുകളില്‍ നിന്ന് ഫിസിക്‌സ് വാല പ്ലാറ്റ്‌ഫോമിനെ വ്യത്യസ്തമാക്കുന്നത് പാണ്ഡെയുടെ ടീച്ചിംഗ് രീതിയും കുറഞ്ഞ ഫീസും തന്നെയാണ്. 2021-22 കാലയളവില്‍ 350 കോടിയായിരുന്നു ഫിസിക്‌സ് വാലയുടെ വരുമാനം. ഈ വര്‍ഷം വരുമാനം ഇരട്ടിയോളം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.

ജെഇഇ, നീറ്റ്, എന്‍ഡിഎ കോച്ചിംഗും 9-12 ക്ലാസ് ട്യൂഷനുമാണ് ഫിസിക്‌സ് വാല നല്‍കുന്നത്. ഇപ്പോള്‍ 500ലധികം അധ്യാപകര്‍ ഉള്‍പ്പടെ 1900 ജീവനക്കാരുണ്ട് ഫിസിക്‌സ് വാലയ്ക്ക്. 1000 രൂപ മുതല്‍ 4000 രൂപ വരെയാണ് ഫിസിക്‌സ് വാല ഈടാക്കുന്ന നിരക്ക. ഫീസ് വര്‍ധിപ്പിച്ചാല്‍ പോലും 100-200 രൂപയുടെ വര്‍ധനവ് മാത്രമേ ഉണ്ടാകു എന്നാണ് പാണ്ഡെ പറയുന്നത്. പുതുതായി ലഭിച്ച ഫണ്ടിംഗിലൂടെ സേവനങ്ങള്‍ വിപുലപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണിവര്‍. മലയാളം , തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി, ഒഡിയ, ഗുജറാത്തി തുടങ്ങിയ ഭാഷകളില്‍ ക്ലാസുകള്‍ നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഫിസിക്‌സ് വാല

Tags:    

Similar News