ബൈജൂസിന്റെ രക്ഷകനാകുമോ മണിപ്പാല്‍ ഗ്രൂപ്പ് ചെയര്‍മാന്‍?
രഞ്ജന്‍ പൈ ആകാശില്‍ 740 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു
പ്രമുഖ വിദ്യാഭ്യാസ സാങ്കേതിക (EdTech/എഡ്ടെക്) സ്റ്റാര്‍ട്ടപ്പായ ബൈജൂസിന്റെ ഉടമസ്ഥതയിലുള്ള ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസില്‍ മണിപ്പാൽ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രഞ്ജന്‍ പൈ നിക്ഷേപം നടത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുന്നതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തു. ബൈജൂസിന്റെ മുന്‍കാല നിക്ഷേപകരിലൊരാളാണ് രഞ്ജന്‍ പൈ.
ആകാശില്‍ ബൈജു രവീന്ദ്രനുള്ള 30 ശതമാനം ഓഹരികളുടെ ഒരു ഭാഗം 80-90 മില്യണ്‍ ഡോളറിന്(740 കോടി രൂപ) രഞ്ജന്‍ പൈയ്ക്ക് നല്‍കുമെന്നാണ് അറിയുന്നത്.ഡേവിസണ്‍ കെപ്‌നറില്‍ നിന്ന് കഴിഞ്ഞ മേയിലെടുത്ത 800 കോടി രൂപയുടെ വായ്പ തിരിച്ചടയക്കാനായിരിക്കും ഈ തുക വിനിയോഗിക്കുക. വായ്പ ലഭിക്കാന്‍ ഈടായി നല്‍കിയ ആകാശിന്റെ ഓഹരികള്‍ തിരികെയെടുക്കും.
1600 കോടിയുടെ മറ്റൊരു നിക്ഷേപവും
നേരത്തെ ആരിന്‍ ക്യാപിറ്റല്‍ വഴി ബൈജൂസില്‍ നിക്ഷേപം നടത്തിയിട്ടുള്ള പൈ ഇത്തവണ കുടുംബസ്വത്ത് ഉപയോഗിച്ചാകും നിക്ഷേപിക്കുക. ആകാശില്‍ 200 മില്യണ്‍ ഡോളറിന്റെ (1600 കോടി രൂപ) നിക്ഷേപവും പ്രതീക്ഷിക്കുന്നുണ്ട്. 2011 ലാണ് രഞ്ജന്‍ പൈ ബൈജൂസില്‍ ആദ്യം നിക്ഷേപിക്കുന്നത്.
ബൈജൂസിന് കച്ചിത്തുരുമ്പ്
2021 ലാണ് 7,500 കോടി രൂപയ്ക്ക് ബൈജൂസ് ആകാശിനെ ഏറ്റെടുക്കുന്നത്. ബൈജൂസിന്റെ ഏറ്റവും മികച്ച ഏറ്റെടുക്കലുകളിലൊന്നായാണ് ഇതിനെ വിലയിരുത്തുന്നത്. നിരവധി പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന ബൈജൂസിനെ സംബന്ധിച്ച് പുതിയ നിക്ഷേപം ഒരു കച്ചിത്തുരുമ്പാണ്. രഞ്ജന്‍ പൈ ബോര്‍ഡിലെത്തുന്നതോടെ ബൈജൂസിന് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാനാകുമെന്ന് വിദഗ്ധര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്.