ബൈജൂസിനെ കൈയൊഴിഞ്ഞ് ഷാരൂഖ് ഖാന്‍?
പ്രതിസന്ധിമൂലം കരാര്‍ പുതുക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍
സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട പ്രമുഖ വിദ്യഭ്യാസ സാങ്കേതിക വിദ്യ (എഡ്‌ടെക്/EdTech) സ്ഥാപനമായ ബൈജൂസ് ചെലവു കുറയ്ക്കുന്നതിന്റെ ഭാഗമായി ബോളിവുഡ് താരം ഷാരൂഖ് ഖാനുമായുള്ള കരാര്‍ പുതുക്കിയേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ വരെയാണ് നിലവിലെ കരാര്‍.
നിരന്തരമായി പ്രശ്‌നങ്ങള്‍ നേരിടുന്ന ബൈജൂസിന്റെ മുഖമായി നില്‍ക്കാന്‍ ഷാരൂഖിന്റെ ടീം വിമുഖത കാണിക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2017 ലാണ് ബൈജൂസ് നാലു കോടി രൂപയ്ക്ക് ബ്രാന്‍ഡ് പ്രചരണത്തിനായി ഷാരൂഖാനുമായി കരാര്‍ ഒപ്പുവയ്ക്കുന്നത്. അന്നുമതുല്‍ ബൈജൂസിന്റെ പരസ്യമുഖമായി ഷാരൂഖ് ഖാന്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വിമർശനവുമായി ആരാധകർ
ഷാരൂഖ് ഖാനുമായുള്ള സഹകരണത്തില്‍ ഇതിനു മുന്‍പും പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. പഠന നിലവാരം പോരെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നുവെന്നും കാട്ടി ഇക്കഴിഞ്ഞ ഏപ്രിലില്‍ മധ്യപ്രദേശ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ബൈജൂസിനും ഷാരൂഖ് ഖാനും 50,000 രൂപ വീതം പിഴ ചുമത്തിയിരുന്നു. ഇതേ തുടര്‍ന്ന് താരത്തിന്റെ ബൈജൂസുമായുള്ള സഹകരണത്തെ സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ നിരന്തരമായി ചോദ്യം ചെയ്യുന്നുണ്ട്.
2021 ല്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ വിവാദങ്ങളിലകപ്പെട്ടപ്പോള്‍ ഷാരൂഖ് ഖാനെ വച്ചുള്ള പരസ്യങ്ങള്‍ ബൈജൂസ് നിര്‍ത്തിവച്ചിരുന്നു.