രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണം ജനുവരിയില്‍ 96 കോടി ഡോളറായി

അക്‌സെല്‍, സെക്വോയ ക്യാപിറ്റല്‍, വൈ കോമ്പിനേറ്റര്‍ എന്നിവയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപകര്‍

Update:2023-02-07 12:45 IST

രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ധനസമാഹരണം 2022 ഡിസംബറിലെ 93.5 കോടി ഡോളറില്‍ നിന്ന് 2023 ജനുവരിയില്‍ 96.2 കോടി ഡോളറായി ഉയര്‍ന്നു. 3 ശതമാനം വര്‍ധനവാണ് ഇതില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇതേ കാലയളവില്‍ ധനസമാഹരണ റൗണ്ടുകളുടെ എണ്ണം 22 ശതമാനം കുറഞ്ഞു. സാമ്പത്തിക സാങ്കേതിക വിദ്യ, എന്റര്‍പ്രൈസ് ആപ്ലിക്കേഷനുകള്‍, ഊര്‍ജ സാങ്കേതിക വിദ്യ എന്നിവയാണ് ജനുവരിയില്‍ ഏറ്റവും കൂടുതല്‍ ധനസമാഹരണം നടത്തിയ മൂന്ന് മേഖലകളെന്ന് ട്രാക്‌സണിന്റെ ഇന്ത്യ ടെക് മൊബിലിറ്റി ഫണ്ടിംഗ് റിപ്പോര്‍ട്ട് പറയുന്നു.

ധനസമാഹരണത്തില്‍ സാമ്പത്തിക സാങ്കേതിക വിദ്യ മേഖല ഡിസംബറിലെ 26.1 കോടി ഡോളറില്‍ നിന്ന് 144 ശതമാനം വര്‍ധനവോടെ ജനുവരിയില്‍ 63.7 കോടി ഡോളര്‍ രേഖപ്പെടുത്തി. ഉപഭോക്താക്കള്‍ യുപിഐ പോലുള്ള ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ സ്വീകരിച്ചതാണ് വര്‍ധനവിന് പ്രധാന കാരണം. ഊര്‍ജ സാങ്കേതിക വിദ്യയില്‍ പ്രതിമാസം 386 ശതമാനം ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഭക്ഷ്യ, കാര്‍ഷിക സാങ്കേതിക വിദ്യാ മേഖല ധനസമാഹരണത്തില്‍ 31.9 കോടി ഡോളറില്‍ നിന്ന് 82 ശതമാനം ഇടിവോടെ 5.68 കോടി ഡോളര്‍ രേഖപ്പെടുത്തി.

2023 ജനുവരിയില്‍ അവസാനഘട്ട ധനസമാഹരണത്തില്‍ മൊത്തം 68.8 കോടി ഡോളര്‍ സമാഹരിച്ചതോടെ, 2022 ഡിസംബറില്‍ നിന്ന് 16 ശതമാനം വര്‍ധനവുണ്ടായി. ഇതേ കാലയളവില്‍ സീഡ് സ്റ്റേജ് ധനസമാഹരണം 6.1 കോടി ഡോളറില്‍ നിന്ന് 9 ശതമാനം കുറഞ്ഞ് 5.6 കോടി ഡോളറായി. അതേസമയം ആദ്യഘട്ട ഫണ്ടിംഗ് 3 ശതമാനം കുറഞ്ഞ് 28.3 കോടി ഡോളറില്‍ നിന്ന് 19.9 കോടി ഡോളറായി.

ജനുവരിയില്‍ 14 കമ്പനികള്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ട് പറയുന്നു. 2022 ഡിസംബറിലെ 12 ഏറ്റെടുക്കലുകളില്‍ നിന്ന് 17 ശതമാനം വര്‍ധനവാണുണ്ടായത്. അക്‌സെല്‍, സെക്വോയ ക്യാപിറ്റല്‍, വൈ കോമ്പിനേറ്റര്‍ എന്നിവയാണ് 2023 ജനുവരിയിലെ ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപകര്‍. ബെംഗളൂരുവിലാണ് ഏറ്റവും കൂടുതല്‍ ധമസമാഹരണം നടന്നതെന്നും ട്രാക്‌സണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News