അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സാധ്യത; യുവ ഗവേഷകര്‍ക്ക് പരിശീലനം നല്‍കും
സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച രാജ്യത്ത് ഇന്ന് 80,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ കാരണമായി
അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പിന് ഇന്ത്യയില്‍ ഒരു പ്രത്യേക സാധ്യതയുണ്ടെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. ഈ ആശയം വിജയകരമാകാന്‍ രാജ്യത്തെ സംരംഭകര്‍ക്ക് കൂടുതല്‍ അവബോധം ആവശ്യമാണ്. അഗ്രി-ടെക് സംരംഭകത്വത്തില്‍ ലാഭകരമായ ഉപജീവന മാര്‍ഗങ്ങളെക്കുറിച്ചും വരുമാന മാര്‍ഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സ്റ്റാര്‍ട്ടപ്പ് പ്രസ്ഥാനത്തിന്റെ വളര്‍ച്ച രാജ്യത്ത് ഇന്ന് 80,000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ സൃഷ്ടിക്കാന്‍ കാരണമായി. 2014-ന് മുമ്പ് ഇതിന്റെ എണ്ണം വെറും 350 ആയിരുന്നെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലെ ഈ കുതിച്ചുചാട്ടം അഗ്രി, ബയോടെക് എന്നിവയിലും തുല്യമായും ആനുപാതികമായും പ്രതിഫലിക്കണം.
വിവിധ ജീനോം എഡിറ്റിംഗ് രീതികള്‍ക്കായി ദേശീയ പ്ലാറ്റ്ഫോമായ ദേശീയ ജീനോം എഡിറ്റിംഗ് & ട്രെയിനിംഗ് സെന്റര്‍ (NGETC) പഞ്ചാബില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പ്ലാറ്റ്‌ഫോം യുവ ഗവേഷകര്‍ക്ക് അറിവും വിളകളിലെ പ്രയോഗവും സംബന്ധിച്ച് പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കി അവരെ ശാക്തീകരിക്കും.
നിലവില്‍ മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക അവസ്ഥയോട് പൊരുത്തപ്പെടാന്‍ വിളകള്‍ മെച്ചപ്പെടുത്തുന്നത് ഒരു പ്രധാന വെല്ലുവിളിയാണ്. ഇതിനെ മറി കടാക്കാന്‍ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഭക്ഷ്യ പോഷകാഹാര സുരക്ഷയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിലാണ് (iFANS2023) ദേശീയ ജീനോം എഡിറ്റിംഗ് & ട്രെയിനിംഗ് സെന്ററിന്റെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത്.