ബ്ലൂംബെര്‍ഗ് ശതകോടീശ്വരപ്പട്ടികയിലെ ആദ്യ നൂറില്‍ രാധാകിഷന്‍ ധമാനിയും; വായിക്കാം അദ്ദേഹത്തിന്റെ 10 വിജയമന്ത്രങ്ങള്‍

19.2 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ലോക കോടീശ്വരപ്പട്ടികയില്‍ 98 ാം സ്ഥാനമാണ് ധമാനി നേടിയത്.

Update:2021-08-19 12:02 IST

ഇന്നലെയാണ് പ്രമുഖ വ്യവസായകന്‍ രാധാകിഷന്‍ ധമാനിക്ക് തന്റെ വിജയകിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കപ്പെട്ടത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്മാരുടെ സൂചിക പ്രകാരം, ലോകത്തിലെ ഏറ്റവും ധനികരായ 100 പേരില്‍ ഒരാള്‍ ആണ് രാധാകിഷന്‍ ധമാനി ഇപ്പോള്‍.

റീറ്റെയ്ല്‍ ചെയിന്‍-ഓപ്പറേറ്റര്‍ അവന്യൂ സൂപ്പര്‍മാര്‍ട്സ് അഥവാ ഡി മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ഉടമയായ ധമാനിക്ക് നിലവില്‍ 19.2 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ 98-ആം സ്ഥാനത്താണ് അദ്ദേഹം ഇടം പിടിച്ചത്.
കോവിഡ് കാലത്ത് എല്ലാ ബിസിനസുകള്‍ക്കും തിരിച്ചടി നേരിടുമ്പോഴും ഡി മാര്‍ട്ടും ധമാനിയും തിളങ്ങുന്നതിന്റെ രഹസ്യം എന്താണെന്ന് നോക്കാം. ഇതാ ആ പത്ത് കാര്യങ്ങള്‍
1. എപ്പോഴും ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മാത്രം
ഓഹരി നിക്ഷേപകനായ കാലം മുതല്‍ ധമാനി ദീര്‍ഘകാല നേട്ടങ്ങള്‍ മാത്രമാണ് നോക്കിയിരുന്നത്; വാറന്‍ ബഫറ്റിനെ പോലെ. സംരംഭകനായപ്പോഴും ആ സ്വഭാവം മാറ്റിയില്ല. ഡി മാര്‍ട്ട് കെട്ടിപ്പടുത്തത് ഇതേ ആശയത്തിലാണ്. വിജയത്തിനായി കുറുക്കുവഴികള്‍ തേടിയില്ല. ഉദാഹരണത്തിന് ഡി മാര്‍ട്ടിനായി കെട്ടിടങ്ങള്‍ വാടകക്കെടുക്കില്ല. കെട്ടിടം വാങ്ങും. അതുകൊണ്ട് വാടക നല്‍കണ്ട.
2. ചെറുതാണ് വലുത്
ധമാനി എന്തും ചെറിയ രീതിയിലാണ് തുടങ്ങുക. വിപുലീകരണത്തിന് തിടുക്കം കൂട്ടില്ല. ചെറിയ രീതിയിലായതിനാല്‍ എല്ലാ രംഗത്തും പ്രാരംഭ ഘട്ടത്തില്‍ ശ്രദ്ധ പതിയും. അതുകൊണ്ട് തന്നെ ലാഭകരമായി കൊണ്ടുപോകാനും പറ്റും. ഇക്കാലത്തിനിടെ എല്ലാ വര്‍ഷവും ഡി മാര്‍ട്ട് ലാഭമുണ്ടാക്കിയിട്ടുണ്ട്.
3. ജനങ്ങള്‍ക്ക് എന്നും മൂല്യവത്തായ സേവനം നല്‍കുക
സ്റ്റോറില്‍ വരുന്നവരോട് മാത്രമല്ല ഡി മാര്‍ട്ടിന്റെ സപ്ലയര്‍മാരോടും വെന്‍ഡര്‍മാരോടുമെല്ലാം വ്യക്തിഗത അടുപ്പം ധമാനി സൂക്ഷിക്കും. തന്നോട് ഇടപെടുന്ന ഏവര്‍ക്കും മൂല്യവത്തായ സേവനം നല്‍കുക എന്നതാണ് ധമാനിയുടെ രീതി. അതുകൊണ്ട് തന്നെ ആരും ഡി മാര്‍ട്ടിനെ വിട്ടുപോകില്ല. മാത്രമല്ല, സ്റ്റോറുകളില്‍ ഒരു കാലത്തും അവശ്യ വസ്തുക്കള്‍ ഇല്ലാതെയുമിരിക്കില്ല.
4. ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങുക, വില്‍ക്കുക
ധമാനിക്ക് തന്റെ ബിസിനസ് എന്താണെന്ന് ശരിക്കറിയാം. ജനങ്ങള്‍ കുറഞ്ഞ വിലയില്‍ മികച്ച സാധനങ്ങള്‍ വാങ്ങാനാണ് തന്റെ കടയില്‍ വരുന്നത്. അതുറപ്പാക്കാന്‍, സപ്ലെയര്‍മാര്‍ക്ക് തുക മുന്‍കൂര്‍ നല്‍കിയോ അതോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നല്‍കിയോ സാധനങ്ങള്‍ ബള്‍ക്കായി വാങ്ങും. തുക അതിവേഗം റൊക്കം കിട്ടുന്നതുകൊണ്ട് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സപ്ലെയര്‍ വില്‍ക്കും. അവിടെ കിട്ടുന്ന മെച്ചം ഉപഭോക്താക്കള്‍ക്ക് ധമാനി നല്‍കും. കോവിഡ് കാലത്തും ജനങ്ങള്‍ ഡി മാര്‍ട്ടിനെ കൈവിടാതിരുന്നത് അതുകൊണ്ടാണ്.
5. പ്രാദേശികമായ ഉല്‍പ്പന്നങ്ങളെ സംഭരിക്കുക
രാജ്യത്തെ വിജയകരമായ റീറ്റെയ്ല്‍ ശൃംഖലയാണെങ്കിലും ഇന്ത്യയില്‍ എല്ലായിടത്തും ഡി മാര്‍ട്ട് പടര്‍ന്നിട്ടില്ല. അതിന് കാരണം, ഡി മാര്‍ട്ട് അതിന്റെ പ്രാദേശിക സംഭരണ രീതികളാണ്. വളരെ വിപുലമായ സപ്ലെ ചെയ്ന്‍ ശൃംഖലയല്ല ഡി മാര്‍ട്ടിന്റേത്. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് സംഭരിച്ച് ന്യായവിലയ്ക്ക്് ഡി മാര്‍ട്ട് വില്‍ക്കുന്നു.
6. പതുക്കെ പോകല്‍ നയം
റീറ്റെയ്ല്‍ രംഗത്തെ വമ്പന്മാരായ കിഷോര്‍ ബിയാനി, മുകേഷ് അംബാനി എന്നിവരെ പോലെ അതിവേഗം രാജ്യം മുഴുവന്‍ പടരുക എന്നത് ധമാനിയുടെ രീതിയെ അല്ല. വളരെ പതുക്കെ വളരുക എന്നതാണ് ധമാനി ശൈലി. അതുകൊണ്ട് തന്നെ പ്രോഫിറ്റബിലിറ്റി ഉറപ്പാക്കാനും പ്രതിസന്ധികളില്‍ തിരിച്ചടി ഒഴിവാക്കാനും സാധിച്ചു. തുറന്ന സ്റ്റോറുകള്‍ പൂട്ടുന്ന ചരിത്രവും ഡി മാര്‍ട്ടിനില്ല. അംബാനിയെയും ബിയാനിയെയും അപേക്ഷിച്ച് ഓരോ ഷോറൂമില്‍ നിന്നുള്ള നേട്ടവും ധമാനിക്കാണ് കൂടുതല്‍.
7. കണ്ണഞ്ചിപ്പിക്കുന്ന ഇളവുകളില്ല, ആഡംബരം നിറയ്ക്കുന്ന സ്റ്റോറില്ല
ധമാനിക്കറിയാം ജനങ്ങള്‍ ഡി മാര്‍ട്ടില്‍ വരുന്നത് അവശ്യ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനാണെന്ന്. അതുകൊണ്ട് ന്യായവിലയ്ക്ക് ജനങ്ങള്‍ക്ക് വേണ്ട സാധനങ്ങള്‍ ആവശ്യത്തിന് സംഭരിച്ചിരിക്കും. ജനങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന സൗജന്യങ്ങളുടെ നീണ്ടനിര ധമാനിയുടെ രീതിയല്ല.
8. ആള്‍ക്കൂട്ടങ്ങളുടെ രീതിക്ക് പുറകേ പോകില്ല
നിക്ഷേപകനായിരിക്കെ തന്നെ ധമാനി പഠിച്ച ഒരു കാര്യമുണ്ട്, വിജയം ആള്‍ക്കൂട്ടത്തെ പിന്തുടരുന്നവര്‍ക്കുള്ളതല്ല. മറിച്ച് വഴിമാറി തനിയെ നടക്കുന്നവര്‍ക്കാണ്. സംരംഭം തുടങ്ങിയപ്പോഴും ധമാനി ചെയ്തത് ഇതാണ്. റീറ്റെയ്ല്‍ മേഖലയില്‍ ഒരു പാട് പുത്തന്‍ പ്രവണതകള്‍ വന്നപ്പോഴും റീറ്റെയ്ല്‍ സ്റ്റോറുകളില്‍ നിരവധി കാര്യങ്ങള്‍ പുതുതായി വന്നപ്പോഴും ധമാനി സ്വന്തം ഉപഭോക്താവിന്റെ ആവശ്യം മാത്രം നോക്കി ബിസിനസ് ചെയ്തുകൊണ്ടിരിക്കുന്നു.
9. കടം വെച്ചുപുലര്‍ത്തില്ല
താന്‍ വാങ്ങുന്ന എന്തു സാധനത്തിന്റെയും വില അതിവേഗം കൊടുക്കുക എന്നതാണ് ധമാനിയുടെ രീതി. ക്രെഡിറ്റ് കുന്നുകൂടാന്‍ ധമാനി അനുവദിക്കില്ല. സപ്ലെയര്‍മാര്‍ക്ക് അവര്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ പണം നല്‍കും.
10. ശ്രദ്ധ ജോലിയില്‍ മാത്രം
ധമാനി പത്രങ്ങള്‍ക്കോ ടെലിവിഷന്‍ ചാനലുകള്‍ക്കോ ഓടിനടന്ന് അഭിമുഖം കൊടുക്കില്ല. വലിയ വലിയ സൗഹൃദങ്ങള്‍ പുറംലോകത്ത് അറിയിക്കാന്‍ വേണ്ടി പാര്‍ട്ടികളോ മറ്റോ നടത്തില്ല. സ്വന്തം ഓഫീസില്‍ വെള്ള വസ്ത്രത്തില്‍ വന്നിരുന്ന് ശാന്തനായി ജോലി ചെയ്യും. ബിസിനസിലെ സവിശേഷ ശ്രദ്ധയാണ് ധമാനിയെ വ്യത്യസ്തനാക്കുന്നത്.


Tags:    

Similar News