ലിഷ്യസ്; ഇന്ത്യക്കാരുടെ നോണ്‍-വെജ് പ്രിയം വിജയിപ്പിച്ച സ്റ്റാര്‍ട്ട്അപ്പ്
കഴിക്കാന്‍ കയറിയ ഹോട്ടലില്‍ നിന്ന് ലഭിച്ച ക്വാളിറ്റി ഇല്ലാത്ത ചിക്കന്‍ വിഭവത്തില്‍ നിന്നാണ് ലിഷ്യസ് എന്ന ബ്രാന്റിന്റെ സാധ്യതകള്‍ ഈ യുവാക്കള്‍ തിരിച്ചറിഞ്ഞത്
നേരിട്ട് ഉപയോഗിക്കാവുന്ന മാംസ വിഭവങ്ങള്‍ ഒരുക്കുന്ന ലിഷ്യസ് ഈ വര്‍ഷം യൂണികോണ്‍ ക്ലബ്ബിലേക്ക് നടന്നു കയറിയ ഇരുപത്തി ഒമ്പതാമത്തെ ഇന്ത്യന്‍ കമ്പനിയാണ്. പുതിയ നിക്ഷേപകരില്‍ നിന്ന് 52 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചതോടെയാണ് ലിഷ്യസ് യുണികോണ്‍ കമ്പനിയായി മാറിയത്. 2015ല്‍ ആണ് വിവേക് ഗുപ്ത , അഭയ് ഹന്‍ജുരാ എന്നീ യുവ സംരംഭകര്‍ ചേര്‍ന്ന് ബംഗളൂരു ആസ്ഥാനമായി ലിഷ്യസ് ആരംഭിച്ചത്.
ദി ലിഷ്യസ് സ്‌റ്റോറി
ഒരിക്കല്‍ വിവേകും അഭയും ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ നിന്ന് ലഭിച്ച ക്വാളിറ്റി ഇല്ലാത്ത ചിക്കന്‍ വിഭവത്തില്‍ നിന്നാണ് ലിഷ്യസ് എന്ന ബ്രാന്റിന്റെ തുടക്കം. അന്താരാഷ്ട്ര ക്വാളിറ്റി മാനദണ്ഡങ്ങള്‍ പാലിക്കുന്ന നോണ്‍- വെജ് വിഭവങ്ങള്‍ ഇന്ത്യക്കാര്‍ക്ക് നല്‍കുക എന്നതായിരുന്നു ലിഷ്യസിന്റെ ലക്ഷ്യം. അതിന് ഏറെ അനുകൂലമായിരുന്നു രാജ്യത്തെ മത്സ്യ- മാംസ വിപണിയും.
73 ശതമാനം ആളുകളും മത്സ്യവും മാസവും ഉപയോഗിക്കുന്ന നാടാണ് ഇന്ത്യ. ബാക്കി എല്ലാക്കാര്യത്തിനും വിവിധ ബ്രാന്റുകളെ ആശ്രയിക്കുന്ന ഇന്ത്യക്കാര്‍ മത്സ്യവും മാംസവും വാങ്ങാന്‍ ആശ്രയിക്കുന്നത് പ്രാദേശിക മാര്‍ക്കറ്റുകളെ. ഈ മാര്‍ക്കറ്റുകളില്‍ ഭൂരിഭാഗവും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്നവയും. ഇവിടെയാണ് ലിഷ്യസ് തങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞത്.
ചിക്കന്‍, മട്ടണ്‍, മുട്ട, ചെമ്മീന്‍, റെഡി-ടു-കുക്ക് വിഭവങ്ങള്‍ ആണ് ലിഷ്യസ് വില്‍ക്കുന്നത്. സ്വന്തം വെബ്‌സൈറ്റ്, ആപ്പ് എന്നിവയിലൂടെയും ഫ്‌ലിപ്കാര്‍ട്ട് ഉള്‍പ്പടെയുള്ള സൈറ്റുകളിലൂടെയും ആണ് ലിഷ്യസ് തങ്ങളുടെ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. കൂടാതെ സ്വന്തം ആപ്പിലൂടെ പാചക റെസിപ്പീകളും ഇവര്‍ നല്‍കുന്നുണ്ട്.
കൊച്ചി, ചെന്നൈ,ഹൈദരാബാദ്, ഡല്‍ഹി തുടങ്ങി 14 നഗരങ്ങളില്‍ ലിഷ്യസിന്റെ സേവനം ലഭ്യമാണ്. 3500ല്‍ അധികം ആളുകള്‍ ജോലി ചെയ്യുന്ന ലിഷ്യസിന്റെ ആദ്യ വര്‍ഷത്തെ വരുമാനം 1.47 കോടി രൂപയായിരുന്നു. 2019-20 ആയപ്പോഴേക്കും അത് 180 കോടിയിലെത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയ്ക്ക് 500 ശതമാനം വളര്‍ച്ചയാണ് കമ്പനി നേടിയത്. ഈ മേഖലയില്‍ ഫ്രഷ് ടു ഹോം, സാപ്പ് ഫ്രഷ്, ടെന്‍ഡര്‍ കട്ട് തുടങ്ങിയ ഏതാനും എതിരാളികള്‍ മാത്രമേ ഉള്ളു എന്നതും ലിഷ്യസിന് ഗുണം ചെയ്തു. നിലവില്‍ കൂടുതല്‍ നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.