പോപ്പീസ്: മലപ്പുറത്തു നിന്നും കുഞ്ഞുടുപ്പുകളുമായി മാഞ്ചസ്റ്ററിലേക്ക്
മലപ്പുറത്തെ ഉള്‍ഗ്രാമത്തില്‍ നിന്ന് യു.കെയിലെ വിശ്വപ്രസിദ്ധ ടെക്സ്റ്റൈല്‍ സിറ്റിയായ മാഞ്ചസ്റ്റര്‍ വരെ വളര്‍ന്ന ഒരു ബേബി കെയര്‍ ബ്രാന്‍ഡിന്റെ അസാധാരണ യാത്ര
തിരുവാലി ഒരു ചെറിയ ഗ്രാമമാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ ഒരു ഉള്‍പ്രദേശം. 2005ല്‍ അവിടെ നിന്നാണ് 2500 ചതുരശ്രയടി കെട്ടിടത്തില്‍ ഒരു യുവസംരംഭകന്‍ 20 ജീവനക്കാരുമായി കുഞ്ഞുങ്ങള്‍ക്കുള്ള ഉടുപ്പുകള്‍ തുന്നുന്ന ഫാക്ടറി തുറന്ന് വലിയൊരു സ്വപ്നസാക്ഷാത്ക്കാരത്തിനായുള്ള യാത്ര ആരംഭിച്ചത്.
നവജാത ശിശുക്കള്‍ക്കുള്ള ഉടുപ്പ് മുതല്‍ സോപ്പും ഷാംപുവും പൗഡറുമെല്ലാം നിര്‍മിച്ച് വിപണിയിലെത്തിക്കുന്ന അക്കാലത്ത് വിപണിയില്‍ തിളങ്ങി നില്‍ക്കുന്ന ബഹുരാഷ്ട്ര ബ്രാന്‍ഡിനെ പോലൊന്ന് സൃഷ്ടിക്കണമെന്നായിരുന്നു അയാളുടെ മോഹം. ഏറെ കഷ്ടപ്പെട്ട് ബാങ്കില്‍ നിന്ന് വായ്പ ലഭിച്ച പത്തുലക്ഷം രൂപയുടെ ബലത്തില്‍ പിച്ചവെച്ച് തുടങ്ങിയ ആ ബ്രാന്‍ഡിനെ മലയാളികള്‍ അറിയാതിരിക്കില്ല-പോപ്പീസ്.
പത്രപ്രവര്‍ത്തനം വിട്ട് സംരംഭകത്വത്തിലേക്ക്
2020 ല്‍ ലോകം കോവിഡിന് മുന്നില്‍ പകച്ചുനില്‍ക്കുന്ന സമയത്ത് വിശ്വപ്രസിദ്ധ ടെക്സ്റ്റൈല്‍ നഗരമായ മാഞ്ചസ്റ്ററില്‍ പോപ്പീസ് തങ്ങളുടെ ഓഫീസ് തുറന്നു! പത്രപ്രവര്‍ത്തനം ഉപേക്ഷിച്ച് സംരംഭകനാകാന്‍ ഇറങ്ങിത്തിരിച്ച ഷാജു തോമസ് 2001 മുതല്‍ കാണുന്ന സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു അത്.
''മലയാളി ഇരുകൈയും നീട്ടി സ്വീകരിക്കുന്ന ഒരു ബ്രാന്‍ഡാണെങ്കില്‍ അതിന് ലോകമെമ്പാടും സ്വീകാര്യത ലഭിക്കും,'' -മലപ്പുറത്തെ ഗ്രാമത്തില്‍ പിറന്ന് രാജ്യത്തിന്റെ പല ഭാഗത്തേക്കും പടര്‍ന്ന് ഇന്ന് ലോകത്തെ മുപ്പതിലേറെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന പോപ്പീസിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ഷാജു തോമസ് ധൈര്യത്തോടെ പറയുന്നു.
വൈക്കത്തുനിന്ന് നിലമ്പൂരിലേക്ക് കുടിയേറി പാര്‍ത്തവരാണ് ഷാജു തോമസിന്റെ പൂര്‍വികര്‍. മെരുങ്ങാത്ത പ്രകൃതിയോട് മല്ലിട്ട്ജയിക്കാനുള്ള കഴിവ് രക്തത്തിലലിഞ്ഞവര്‍. മുതുമുത്തച്ഛന്മാര്‍ മുതല്‍ സ്വന്തം വഴിവെട്ടി നടന്ന് ശീലമുള്ളതു കൊണ്ടാകാം ഷാജു തോമസ് തന്റെ പിതാവായ ടി.ജി തോമസിന്റെ റബര്‍ മൊത്തവ്യാപാര ബിസിനസിലേക്ക് കടന്നില്ല.
പകരം, പഠിക്കുന്ന കാലത്തുതന്നെ ഇഷ്ടമേഖലയായ ഫോട്ടോഗ്രഫിയിലെ താല്‍പ്പര്യം കൈമുതലാക്കി സ്റ്റുഡിയോ ആരംഭിച്ചു. 'സ്വന്തം സ്റ്റുഡിയോയിലെവരുമാനം കൊണ്ടാണ് ഞാന്‍ പഠിച്ചത്' - ഷാജു തോമസ് പറയുന്നു. അന്നുമുതലേ ജനങ്ങള്‍ ശ്രദ്ധിക്കുന്ന ബ്രാന്‍ഡ് സൃഷ്ടിക്കാനുള്ള വഴികളും ഷാജു തോമസിന് അറിയാമായിരുന്നു. നിലമ്പൂരില്‍ ഷാജുവിന്റെ ഉടമസ്ഥതയില്‍ തുറന്ന 'തനിമ' സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തത് ചലച്ചിത്രതാരം സലിംകുമാറാണ്.
പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ഡിപ്ലോമ നേടി മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുമ്പോഴും സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം കൈവെടിഞ്ഞില്ല. 'പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുമ്പോഴും മലയാള മനോരമയിലെ രീതിയാണ് എന്നെ ആകര്‍ഷിച്ചത്. വലിയൊരു ബിസിനസ് കെട്ടിപ്പടുക്കാന്‍ കെട്ടുറപ്പുള്ള സിസ്റ്റം വേണമെന്ന് പഠിപ്പിച്ചത് മനോരമയാണ്'-ഷാജു തോമസ് പറയുന്നു.
പോപ്പീസ് ബിസിനസ് ആശയം വന്ന വഴി
മഞ്ചേരിയിലെ ചെറിയൊരു തുണിക്കടയുടെ പങ്കാളിത്തമായിരുന്നു ഷാജു തോമസിനെ കുട്ടിയുടുപ്പ് മേഖലയിലെ സാധ്യതകളിലേക്ക് കണ്ണുതുറപ്പിച്ചത്. 'ആ ഷോപ്പില്‍ ചൂടപ്പം പോലെ വിറ്റുപോയിരുന്നത് കുട്ടികളുടെ ഉടുപ്പുകളും നവജാത ശിശുക്കള്‍ക്കായുള്ള മറ്റു ഉല്‍പ്പന്നങ്ങളുമായിരുന്നു'- ബിസിനസ് ആശയം കണ്ടെത്തിയ രീതി ഷാജു തോമസ് വിവരിക്കുന്നു.
പിറന്നുവീഴുന്ന സമയത്ത് ശിശുക്കള്‍ അണിയുന്ന വസ്ത്രത്തിന് അങ്ങേയറ്റത്തെ ഗുണമേന്മ വേണമെന്ന നിര്‍ബന്ധം ആദ്യം മുതലേ എനിക്കുണ്ടായിരുന്നു. ഞാന്‍ ആഗ്രഹിക്കുന്ന ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ക്കായി നൂലെടുത്ത് നെയ്ത് തുണിത്തരങ്ങളുണ്ടാക്കി അത് അത്യാധുനിക രീതിയില്‍ കഴുകിയും ഡൈ ചെയ്തുമാണ് കുട്ടിയുടുപ്പ് തുന്നിയത്'- ഷാജു തോമസ് പറയുന്നു.
അക്കാലത്ത് വെറും ആറ് രൂപയ്ക്ക് കുഞ്ഞുങ്ങള്‍ക്കുള്ള കെട്ടുടുപ്പ് വിപണിയില്‍ ലഭിച്ചിരുന്നപ്പോള്‍ പോപ്പീസിന്റെ കെട്ടുടുപ്പിന്റെ വില 60 രൂപയായിരുന്നു. 'വിപണി പിടിക്കാന്‍ വില കുറയ്ക്കാന്‍ തയാറല്ല. വില കുറയുമ്പോള്‍ അതിന്റെ ഗുണമേന്മയില്‍ എവിടെയെങ്കിലും നമ്മള്‍ വിട്ടുവീഴ്ച ചെയ്യണം. പോപ്പീസിന്റെ ഫാക്ടറിയില്‍ ജപ്പാന്‍ നിര്‍മിത യന്ത്രങ്ങളാണുള്ളത്. അത് 20-25 ലക്ഷം രൂപ കുറ
വില്‍ ചൈനയില്‍ നിന്ന് ലഭിക്കും. പക്ഷേ ഞാനത് വാങ്ങിയിട്ടില്ല. വിലയിലല്ല ഗുണമേന്മയിലാണ് കാര്യം' - ഷാജു തോമസ് നയം വ്യക്തമാക്കുന്നു.
ചോദിച്ചത് 10 ലക്ഷം, കിട്ടിയതോ ഒരുലക്ഷം
ഷാജു തോമസിന്റെ പിതാവ് ടി.ജി തോമസ് എം.ആര്‍.എഫ് കമ്പനിക്ക് റബര്‍ മൊത്തവ്യാപാരം നടത്തിയിരുന്ന ബിസിനസുകാരനാണ്. അക്കാലത്ത് ഒരു കോടിയോളം രൂപയൊക്കെ വായ്പയായി ഇദ്ദേഹത്തിന് ബാങ്കുകള്‍ നല്‍കുമായിരുന്നു. ഷാജു തോമസ് കമ്പനി തുടങ്ങാന്‍ വായ്പയ്ക്കായി ബാങ്കിനെ സമീപിച്ചപ്പോള്‍ സ്വന്തം പദ്ധതിക്കായി വായ്പ കിട്ടുമോയെന്നു മാത്രമാണ് നോക്കിയത്. ആദ്യം 10 ലക്ഷം വായ്പ ചോദിച്ചപ്പോള്‍ ബാങ്ക് അനുവദിച്ചതോ ഒരുലക്ഷം.
നിരാശനാകാതെ സ്വന്തം സമ്പാദ്യവും അതുവരെ ഹൃദയത്തോട് ചേര്‍ത്ത് കൊണ്ടുനടന്ന സ്റ്റുഡിയോയും വിറ്റ് ബേബി കെയര്‍ കമ്പനിക്കുള്ള മൂലധനം സമാഹരിച്ചു. പിന്നീട് സ്ഥലംമാറി വന്ന ബാങ്കിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ ഷാജുവിന്റെ പ്രോജക്റ്റ് വീണ്ടും പരിശോധിച്ച് വായ്പ 10 ലക്ഷമാക്കി നല്‍കുകയായിരുന്നു.
'ആദ്യം മലപ്പുറത്തെയും പിന്നെ മലബാര്‍ മേഖലയിലെയും കടകളിലാണ് ബേബി സെറ്റും ഉടുപ്പുകളുമെല്ലാം നല്‍കിയത്. കടക്കാരുടെ താല്‍പ്പര്യത്തിനനുസരിച്ചാണ് എല്ലാം കൊടുത്തത്. അതുകൊണ്ട് വില്‍പ്പന നടക്കാതെ കടകളില്‍ പോപ്പീസ് ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടന്നില്ല. കച്ചവടക്കാര്‍ക്കും ലാഭമായി'- ഷാജു
തോമസ് പറയുന്നു. കടക്കാരുമായുള്ള അടുത്ത ബന്ധമാണ് പോപ്പീസ് ബ്രാന്‍ഡിന്റെ വളര്‍ച്ചയ്ക്ക് കരുത്തായത്. '2008ല്‍ ആഗോള സാമ്പത്തിക മാന്ദ്യനാളുകളില്‍ പോപ്പീസിനും പ്രതിസന്ധിയുണ്ടായി. അതൊരിക്കലും പുറത്തെ സാഹചര്യങ്ങള്‍ കൊണ്ടായിരുന്നില്ല. സംരംഭത്തിനുള്ളിലെ പ്രശ്നങ്ങളായിരുന്നു. അതിനെ ഞാന്‍ പ്രതിസന്ധിയെന്നല്ല വിളിക്കുന്നത്, പകരം അനിവാര്യമായ മാറ്റമെന്നാണ്. മാറ്റം വേണ്ട സമയത്ത് അത് സംഭവിച്ചു. ആ പ്രതിസന്ധിയോടെയാണ് ഞാന്‍ ബാലന്‍സ് ഷീറ്റില്‍ അങ്ങേയറ്റം ശ്രദ്ധ കൊടുക്കാന്‍ തുടങ്ങിയത്.
പ്രതിസന്ധികളെ അതിജീവിച്ച്
സി.എ ഇന്റര്‍ കഴിഞ്ഞവരെയൊക്കെ എക്കൗണ്ട്‌സ് വിഭാഗത്തില്‍ നിയമിച്ചു. മൂലധന-കട അനുപാതമൊക്കെ കൃത്യമായി നോക്കിത്തുടങ്ങി. സഹോദരന്‍ ഷിജു തോമസും അമ്മാവന്‍ റെജിയുമൊക്കെ സാമ്പത്തികമായി സഹായിച്ച് പ്രതിസന്ധിയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തി'- പ്രതിസന്ധി മറികടന്ന രീതി ഷാജു തോമസ് വിശദീകരിക്കുന്നു.
2005ല്‍ ഷാജുവിന്റെ ജീവിതസഖിയായെത്തിയ ലിന്റ പി ജോസ് ഉറച്ച പിന്തുണയോടെ കൂടെനിന്നപ്പോള്‍ പോപ്പീസ് കരുത്തോടെ മുന്നേറി. 'ഞങ്ങള്‍ക്ക് ആദ്യ കുഞ്ഞ് പിറക്കുന്നത് 2010ലാണ്. എന്റെ സ്വന്തം കുഞ്ഞിനുള്ള വസ്ത്രത്തിനായി ഞാനെന്തൊക്കെ ചെയ്യുമോ അതെല്ലാം പോപ്പീസിലും ചെയ്തു. അതിനുമുമ്പും ഇക്കാര്യങ്ങളെല്ലാം ചെയ്തിരുന്നുവെങ്കിലും മകന്റെ പിറവിയോടെ ഓരോ ദിവസവും പോപ്പീസ് കൂടി നവീകരിക്കപ്പെടുകയായിരുന്നു. അതോടെ വന്‍കിട ടെക്‌സ്‌റ്റൈല്‍ റീറ്റെയ്ല്‍ ഷോപ്പുകളിലേക്ക് കൂടി പോപ്പീസിന് പ്രവേശനമായി. നല്ലത് കൊടുത്തുകൊണ്ടിരുന്നാല്‍ നല്ലത് മാത്രം നമുക്ക് തിരിച്ചുകിട്ടുമെന്ന തിരിച്ചറിവ് കൂടിയാണ് അക്കാലം സമ്മാനിച്ചത്'- ഷാജു പറയുന്നു.
2009ല്‍ തിരുപ്പൂരില്‍ പരിസ്ഥിതി മലിനീകരണത്തെ തുടര്‍ന്ന് ഡൈയിംഗ് സ്തംഭിച്ചപ്പോള്‍ അവിടെ നിന്നുള്ള കുട്ടിക്കുപ്പായങ്ങളുടെ വരവ് കുറഞ്ഞു. മേന്മയേറിയ നൂലുകൊണ്ട് നെയ്തെടുത്ത തുണിത്തരങ്ങള്‍ ഷാജു തോമസ് രാജ്യത്തിന്റെ മറ്റിടങ്ങളില്‍ കൊണ്ടു
പോയി ഡൈ ചെയ്യാനും വാഷ് ചെയ്യാനും തുടങ്ങി. അതില്‍ നിര്‍മിച്ച കുഞ്ഞുടുപ്പുകള്‍ കേരള വിപണിയില്‍ ചൂടപ്പം പോലെ വിറ്റുപോയി. അങ്ങനെ തിരുപ്പൂരിലെ പ്രതിസന്ധി കാലത്ത് മാത്രം പോപ്പീസ് നേടിയത് 200 ശതമാനം വളര്‍ച്ച!
2012ല്‍ പുതിയ ലോഗോയിലേക്ക് മാറിയ പോപ്പീസ് ടാഗ്ലൈനും മാറ്റി അവതരിപ്പിച്ചു. 2015ല്‍ ടഅജ സംവിധാനം പോപ്പീസില്‍ നടപ്പാക്കി. 'അതുകൊണ്ട് ജി.എസ്.ടി വന്നപ്പോഴൊക്കെ അതിലേക്കുള്ള മാറ്റം അനായാസം നടന്നു.'- ഷാജു തോമസ് പറയുന്നു.
'2019ല്‍ തിരുവാലി ഗ്രാമത്തില്‍ 300 ചതുരശ്രയടിയില്‍ ഒരു എക്സ്‌ക്ലൂസിവ് ബ്രാന്‍ഡ് ഔട്ട്ലെറ്റ് (ഇ.ബി.ഒ) തുറന്നു. വമ്പിച്ച സ്വീകരണമാണ് ജനങ്ങളില്‍ നിന്ന് അതിന് ലഭിച്ചത്. അതോടെ പോപ്പീസിനെ എത്രമാത്രം ജനങ്ങള്‍ സ്നേഹിക്കുന്നുണ്ടെന്ന് മനസിലായി' - ഷാജു തോമസ് വെളിപ്പെടുത്തുന്നു. 2019 നവംബര്‍ ഒന്നിന് കൊച്ചി നഗരത്തില്‍ രാജ്യത്തെ മികച്ച ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ അണിയിച്ചൊരുക്കിയ പോപ്പീസിന്റെ വിശാലമായ ഇ.ബി.ഒ തുറന്നത് കമ്പനിയുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലായി.
ഇ.ബി.ഒയിലേക്ക് കൂടി കടന്നത് പോപ്പീസിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന മള്‍ട്ടി ബ്രാന്‍ഡഡ് ഔട്ട്ലെറ്റുകളില്‍ ഒരു വിഭാഗത്തിന്റെ വിരോധം ക്ഷണിച്ചുവരുത്തി. 'ഞാന്‍ വ്യാപാരികളെ നേരില്‍ കണ്ട് പോപ്പീസിന്റെ ഇ.ബി.ഒയില്‍ വില്‍ക്കുന്നവയുടെയും എം.ബി.ഒകളില്‍ നല്‍കുന്നവയുടെയും വ്യത്യാസം പറഞ്ഞു മനസിലാക്കി. അന്നും ഇന്നും മള്‍ട്ടി ബ്രാന്‍ഡ് റീറ്റെയ്ല്‍ ഔട്ട്ലെറ്റുകളില്‍ വില്‍പ്പനയ്ക്ക് നല്‍കുന്ന ഒരു ഉല്‍പ്പന്നവും പോപ്പീസിന്റെ ഇ.ബി.ഒയിലുണ്ടാവില്ല. രണ്ടിടത്തും രണ്ടുതരം ഉല്‍പ്പന്നങ്ങളാണ്. ഇത് വ്യാപാരികള്‍ക്ക് മനസിലായതോടെ അവരുടെ പ്രതിഷേധം തണുത്തു.'- ഷാജു തോമസ് വ്യക്തമാക്കുന്നു.
ലോകം കോവിഡിന്റെ പിടിയിലകപ്പെട്ടിരുന്ന കാലത്ത് പോപ്പീസ് അതിവേഗം എക്സ്‌ക്ലൂസിവ് ബ്രാന്‍ഡഡ് ഔട്ട്‌ലെറ്റുകളുടെ ശൃംഖല വ്യാപിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു. കമ്പനി നേരിട്ട് നടത്തുന്ന എക്സ്പീരിയന്‍സ് സെന്ററുകള്‍ക്ക് പുറമേ ഫ്രാഞ്ചൈസികളും തുറന്നു. 2019ല്‍ കമ്പനി റെക്കോര്‍ഡ് വളര്‍ച്ചയും നേടി. ഇപ്പോള്‍ കേരളത്തിലും കര്‍ണാടകയിലുമായി 53ഓളം ഇ.ബി.ഒകളാണ് പോപ്പീസിനുള്ളത്. 2023 ജൂണിനുള്ളില്‍ ഇത് നൂറിലെത്തിക്കുകയാണ് ലക്ഷ്യം. കോവിഡ് കാലത്തുതന്നെ യു.കെയില്‍ ഷാജു തോമസ് നേരിട്ടുപോയി ഓഫീസ് തുറന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. യു.കെയിലും പോപ്പീസ് സ്റ്റോറുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
കരുത്തായി കുടുംബം
ഷാജു തോമസിന്റെ സംരംഭക യാത്രയില്‍ കുടുംബം എപ്പോഴും കൂടെയുണ്ട്. ജീവിതപങ്കാളി ലിന്‍ഡ പി ജോസിന്റെ നേതൃത്വത്തിലാണ് ഗ്രൂപ്പ് കമ്പനിയായ എസ്താന ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവര്‍ത്തനം. കോഴിക്കോട് ചേവരമ്പലത്തിനടുത്താണ് എസ്താനയുടെ കമ്പനി പ്രവര്‍ത്തിക്കുന്നത്. പോപ്പീസിന് വേണ്ട മറ്റേണിറ്റി കിറ്റ്, തൊട്ടില്‍ എന്നിവയെല്ലാം ഇവിടെയാണ് നിര്‍മിക്കുന്നത്. നൂറോളം ജീവനക്കാര്‍ ഇവിടെയുണ്ട്. ഷാജു-ലിന്റ ദമ്പതികള്‍ക്ക് മൂന്ന് മക്കളാണ്. മകന്‍ ഏയ്ബന്‍ തോമസ്, പെണ്‍മക്കളായ അന്ന മരിയ ഷാജു, എസ്തര്‍ മരിയ ഷാജു.
കുരുന്നുകളിലേക്ക് നീണ്ട കാരുണ്യസ്പര്‍ശം
കോവിഡ് കാലത്ത് രണ്ടുകോടിയോളം രൂപയുടെ കുഞ്ഞുടുപ്പുകളാണ് പോപ്പീസ് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ നവജാത ശിശുക്കള്‍ക്ക് സൗജന്യമായി വിതരണം ചെയ്തത്. 'ഒരു ദിവസം വൈകിട്ടത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിലാണ് കുഞ്ഞുങ്ങള്‍ക്ക് ഉടുപ്പുകള്‍ ലഭിക്കാത്ത കാര്യം മുഖ്യമന്ത്രി പറഞ്ഞത് ശ്രദ്ധിച്ചത്. അപ്പോള്‍ ഞങ്ങളുടെ ഫാക്ടറിയില്‍ മാസ്‌ക് നിര്‍മാണം നടക്കുന്നുണ്ട്.
കോടികളുടെ കുഞ്ഞുടുപ്പുകളും റെഡിയാണ്. ഞാനും ഭാര്യയും അപ്പോള്‍ തന്നെ കുട്ടികള്‍ക്കുള്ള ഉടുപ്പുകള്‍ സൗജന്യമായി നല്‍കാമെന്ന തീരുമാനമെടുത്തു. അക്കാര്യം അറിയിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് മെയ്ല്‍ ചെയ്തു. അടുത്ത ദിവസത്തെ വാര്‍ത്താസമ്മേളനത്തിനിടെ പോപ്പീസിന്റെ പേരും മുഖ്യമന്ത്രി പരാമര്‍ശിച്ചിരുന്നു. പക്ഷേ അതിലും ഏറെ സന്തോഷം പകര്‍ന്നത് സൗജന്യമായി ഉടുപ്പ് കിട്ടിയ കുഞ്ഞുമക്കളുടെ മാതാപിതാക്കള്‍ പോപ്പീസ് ബ്രാന്‍ഡ് തേടിപ്പിടിച്ച് പിന്നീട് വാങ്ങാന്‍ തുടങ്ങിയതാണ്' - ഷാജു തോമസ് നിറഞ്ഞ സംതൃപ്തിയോടെ പറയുന്നു. ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനായി ടി.ജി തോമസ്മെമ്മോറിയല്‍ ചാരിറ്റബ്ള്‍ ട്രസ്റ്റ് എന്ന വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
സമ്പൂര്‍ണ പരിചരണത്തിലേക്ക് അമ്മയുടെ ഉദരത്തില്‍ ആറുമാസമെത്തി നില്‍ക്കുന്ന ശിശു മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളെയാണ് പോപ്പീസ് സ്നേഹവും കരുതലും ഒരുമിക്കുന്ന ഉല്‍പ്പന്നങ്ങളിലൂടെ ലക്ഷ്യമിടുന്നത്. ഗര്‍ഭിണികള്‍ക്കുള്ള മറ്റേണിറ്റി വെയര്‍ മുതല്‍ കുട്ടികള്‍ക്കുള്ള കളിപ്പാട്ടം വരെ പോപ്പീസിന്റെ ഉല്‍പ്പന്ന ശ്രേണിയില്‍ വരുമെന്ന് ഷാജു തോമസ് പറയുന്നത് അതുകൊണ്ടാണ്. നിലവില്‍ നവജാത ശിശുക്കള്‍ക്കുള്ള ഏതാണ്ടെല്ലാ ഉല്‍പ്പന്നങ്ങളും പോപ്പീസ് നിര്‍മിച്ച് വിതരണം ചെയ്യുന്നുണ്ട്.
ശിശുക്കള്‍ക്കുള്ള സോപ്പ് നിര്‍മിക്കാന്‍ ഒരു സോപ്പ് നിര്‍മാണ കമ്പനിയില്‍ ഷാജു തോമസ് നിക്ഷേപം നടത്തിയിട്ടുമുണ്ട്. ബേബി ഡയപ്പറും വിപണിയിലെത്തിച്ചു. ഇതുകൂടാതെ 100 ശതമാനം വനിതാ ജീവനക്കാര്‍ ജോലി ചെയ്യുന്ന പോമീസ് എന്ന മറ്റേണിറ്റി ബ്രാന്‍ഡഡ് ഔട്ട്ലെറ്റുകളും ഗ്രൂപ്പിന് കീഴിലുണ്ട്. ഷാജു തോമസും പോപ്പീസ് ഗ്രൂപ്പ് ഓഫ് കമ്പനീസും അനുനിമിഷം തേടുന്നത് പുതിയ അവസരങ്ങളാണ്. 'അങ്ങേയറ്റം ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്ന വ്യക്തിയാണ് ഞാന്‍. നമ്മള്‍ ശരിയായാണ് ബിസിനസ് നടത്തുന്നതെങ്കില്‍ മികച്ച രീതിയില്‍ തന്നെ അത് മുന്നോട്ടുപോകും.
നമ്മുടെ വരുതിയില്‍ നില്‍ക്കാത്ത പ്രതിസന്ധികള്‍ വന്നെന്നിരിക്കാം. അതുമൂലം ചിലപ്പോള്‍ ബിസിനസ് കുറഞ്ഞേക്കാം. ശക്തമായ അടിത്തറ ബിസിനസിനുണ്ടെങ്കില്‍ പ്രതിസന്ധികളില്‍ തകരില്ല. പോപ്പീസ് ഗ്രൂപ്പ് അങ്ങേയറ്റം ശ്രദ്ധിക്കുന്നതും ശക്തമായ അടിത്തറയിലാണ്' -ഷാജു തോമസ് പറയുന്നു.
വസ്ത്ര നിര്‍മാണ രംഗത്തും റീറ്റെയ്ല്‍ രംഗത്തും ഒരുപോലെ സാന്നിധ്യമറിയിക്കുന്നുവെന്നതാണ് പോപ്പീസിന്റെ പ്രത്യേകത. പോപ്പീസിന്റെ വളര്‍ച്ചാ വഴികള്‍ ഒറ്റ നോട്ടത്തില്‍ കാണാം :