റോബിന്‍ റെയ്‌ന : ഇന്ത്യയുടെ ആഗോള വ്യവസായി
വൈവിധ്യമാര്‍ന്ന മേഖലകളിലേക്ക് പടര്‍ത്തി എബിക്‌സിനെ ഒരു ബഹുരാഷ്ട്ര കമ്പനിയാക്കി വളര്‍ത്താന്‍ റോബിന്‍ റെയ്‌നയ്ക്ക് കഴിഞ്ഞു
എന്നെങ്കിലും പ്രശസ്തനാവണം എന്നായിരുന്നു റോബിന്‍ റെയ്‌ന എന്ന കുട്ടിതന്റെ അമ്മയോട് പറഞ്ഞ ആഗ്രഹം. ഡോക്ടറാകാന്‍ കൊതിച്ച് വളര്‍ന്ന ആ കുട്ടി പക്ഷേ ടെക്‌നോളജിയുടെ ലോകത്താണ് എത്തിപ്പെട്ടത്. തന്റെ മിടുക്ക് കൊണ്ട് രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന എബിക്‌സ് ഗ്രൂപ്പിന്റെ തലവനായി മാറിയ റോബിന്‍ റെയ്‌ന എന്ന കാശ്മീരി പണ്ഡിറ്റ് ഇന്ന് ഇന്ത്യയ്ക്കകത്ത് മാത്രമല്ല, ലോകമാകെ ചര്‍ച്ച ചെയ്യപ്പെടുന്ന ചീഫ് എക്‌സിക്യൂട്ടീവുകളില്‍ ഒരാളാണ്.
ധനകാര്യ സേവന രംഗത്ത് ബിടുസി സേവനങ്ങളും ബിടുബി സേവനങ്ങളും ഒരുക്കുകയും പേമെന്റ് സൊലൂഷന്‍സ്, മണി ട്രാന്‍സ്ഫര്‍ സര്‍വീസസ്, ട്രാവല്‍, ഇന്‍ഷുറന്‍സ്, കോര്‍പറേറ്റ്, ഇന്‍സെന്റീവ് സൊലൂഷന്‍സ് മേഖലയിലെല്ലാം സേവനങ്ങള്‍ നല്‍കുന്ന വന്‍കിട കമ്പനിയാണിന്ന് റോബിന്‍ റെയ്‌ന സാരഥ്യം വഹിക്കുന്ന എബിക്‌സ് ഗ്രൂപ്പ്. ഫിസിക്കല്‍ സ്‌റ്റോറുകളും ഡിജിറ്റല്‍ സേവനങ്ങളുമായി ഫിജിറ്റല്‍ കമ്പനിയായാണ് എബിക്‌സിനെ അദ്ദേഹം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ഗ്രൂപ്പിന് കീഴില്‍ എബിക്‌സ്, എബിക്‌സ്‌കാഷ് പ്രൈവറ്റ് ലിമിറ്റഡ്, എബിക്‌സ് കാഷ് വേള്‍ഡ് മണി ഇന്ത്യ ലിമിറ്റഡ് എന്നീ കമ്പനികളാണുള്ളത്.
54 കാരനായ റോബിന്‍ റെയ്‌നയുടെ കുടുംബം കശ്മീരില്‍ നിന്ന വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബിലെ പട്യാലയിലേക്ക് കുടിയേറിയതാണ്. 1980കളിലെ ഏതൊരു ചെറുപ്പക്കാരനെയും പോലെ ഡോക്ടര്‍ ആകുകയായിരുന്നു അദ്ദേഹത്തിന്റെയും സ്വപ്നം. എന്നാല്‍ പഠിക്കേണ്ടി വന്നതാകട്ടെ ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിംഗും. പഠനത്തിനു ശേഷം മുംബൈയിലെ പെര്‍ടെക് കംപ്യൂട്ടേഴ്‌സ് ലിമിറ്റഡില്‍ ജോലിക്ക് ചേര്‍ന്നതോടെ റോബിന്റെ ജീവിതം തന്നെ മാറിമറിഞ്ഞു. കമ്പനിയുടെ ഏറ്റവും മികച്ച വില്‍പ്പന റെക്കോര്‍ഡ് അദ്ദേഹം സ്ഥാപിച്ചു. അതോടെ സിംഗപ്പൂരിലേക്ക് മാനേജീരിയല്‍ തസ്തികയോടെ സ്ഥലംമാറ്റം ലഭിച്ചു. എന്നാല്‍ വലിയ സ്വപ്‌നം കാണുന്ന റോബിനെ പോലൊരാള്‍ക്ക് യോജിച്ചതായിരുന്നില്ല സിംഗപ്പൂര്‍ എന്ന കൊച്ചു രാജ്യം. യുഎസ് എന്ന ലക്ഷ്യത്തിലേക്കുള്ള പാലമായിരുന്നു ഡെല്‍ഫി ഡെല്‍ഫി ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ്. 1999 ല്‍ ഡെല്‍ഫിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റോബിന്‍ റെയ്‌ന സ്ഥാനമേല്‍ക്കുമ്പോള്‍ 19 ദശലക്ഷം ഡോളര്‍ നഷ്ടത്തിലായിരുന്നു കമ്പനി. കമ്പനിയെ അദ്ദേഹം അടിമുടി മാറ്റി. സോഫ്റ്റ് വെയര്‍ ഡെവലപ്‌മെന്റ് കേന്ദ്രം ബോസ്റ്റണില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റി. പുതിയ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിച്ചു. 2000ല്‍ എബിക്‌സ് എന്ന പേരില്‍ കമ്പനിയെ പുനരതവതരിപ്പിക്കുകയും റോബിന്‍ ചെയര്‍മാന്‍ ആകുകയും ചെയ്തു. അപ്പോഴേക്കും കമ്പനി 1.07 ലക്ഷം ഡോളര്‍ ലാഭത്തിലെത്തിയിരുന്നു. 1976 ന് ശേഷം കമ്പനി ആദ്യമായി ലാഭം നേടുന്നത് അപ്പോഴാണ്.
അഞ്ചു വര്‍ഷം മുമ്പ് രാജ്യത്ത് പേടിഎം പോലുള്ള ഫിന്‍ടെക് കമ്പനികള്‍ പേമെന്റ്, വായ്പ സേവനങ്ങളുമായി സജീവമായതോടെ എബിക്‌സിന്റെ ബോര്‍ഡില്‍ ഇന്ത്യന്‍ വിപണിയിലേക്ക് കടക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. ബിടുബി ബിടുസി മോഡലുകള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
നാസ്ഡാകില്‍ ലിസ്റ്റ് ചെയ്യപ്പെട്ട എബിക്‌സിന്റെ ആഗോള ഇന്‍ഷുറന്‍സ് ഹബ് മാതൃക ഇന്ത്യയില്‍ അവതരിപ്പിച്ച ഫിനാന്‍ഷ്യല്‍ ഹബ്ബായി ഇന്ത്യയെ മാറ്റുകയും ലൈസന്‍സുള്ള കമ്പനികളെ വാങ്ങുകയും, വിവിധ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനു ശേഷം ഇന്‍ഷുറന്‍സ്, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിലേക്ക് കടക്കാനും പദ്ധതിയിട്ടു.
പ്രാദേശിക കമ്പനികളെ ഏറ്റെടുത്തുകൊണ്ട് വളരാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. നിയമപരമായ ലൈസന്‍സുകളും ഉപഭോക്തൃ നിരയും മറ്റു ബന്ധങ്ങളും അതോടൊപ്പം ലഭിക്കുമെന്നതായിരുന്നു അതില്‍ കണ്ട നേട്ടം. 522 കോടി രൂപയ്ക്ക് ഇറ്റ്‌സ്‌കാഷ് എന്ന കമ്പനിയെ ഏറ്റെടുത്തു കൊണ്ടായിരുന്നു തുടക്കം. ട്രൈമാക്‌സ് ഐറ്റി ഇന്‍ഫ്രാസ്ട്രക്ചര്‍ & സര്‍വീസസ്, സിലിയസ് സൊലൂഷന്‍സ്, മൈല്‍സ് സോഫ്റ്റ് വെയര്‍ തുടങ്ങി പത്തിലേറെ ഇന്ത്യന്‍ കമ്പനികളെയാണ് പിന്നീട് എബിക്‌സ് ഏറ്റെടുത്തത്.
ഇന്ന് ഫോറിന്‍ എക്‌സ്‌ചേഞ്ച് വഴി 6.5 ശതകോടി ഡോളര്‍ ഇന്ത്യയിലേക്കും 5 ശതകോടി ഡോളര്‍ ഇന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്കും എബ്കിസ് വഴി അയക്കുന്നുണ്ട്. ട്രാവല്‍ മേഖലയില്‍4 ശതകോടി ഡോളര്‍ ഇടപാടുകള്‍ എബിക്‌സ് വഴി നടക്കുന്നു. ബിഎസ്ഇയുമായി ചേര്‍ന്ന് ഐആര്‍ഡിഎയുടെ അംഗീകാരത്തോടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ലഭ്യമാക്കുന്ന എബ്കിസ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുള്ള ബാക്ക് എന്‍ഡ് സേവനങ്ങളും നല്‍കുന്നു. കെ ടു മുതല്‍ കെ 12 വരെ ഡിജിറ്റല്‍ എഡ്യുക്കേഷന്‍ സേവനങ്ങള്‍, ലോജിസ്റ്റിക്‌സ് ടെക്‌നോളജി തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളിലേക്കാണ് എബിക്‌സിനെ റോബിന്‍ റെയ്‌ന നയിച്ചത്. ഇന്ത്യയില്‍ നിന്നൊരു ബഹുരാഷ്ട്ര കമ്പനിയെന്ന സ്വപ്‌നമാണ് അദ്ദേഹം എബിക്‌സിലൂടെ നിറവേറ്റിയത്.
ഡിസൈനര്‍ വസ്ത്രങ്ങളും സണ്‍ ഗ്ലാസും ടോണ്‍ ജീന്‍സും ഇഷ്ടപ്പെടുന്ന അദ്ദേഹം ലോകത്തെ സമ്പന്നരായ എക്‌സിക്യൂട്ടീവുകളില്‍ മുന്നിലാണ്. മികച്ചൊരു മനുഷ്യസ്‌നേഹി എന്ന നിലയിലും റോബിന്‍ റെയ്‌ന ശ്രദ്ധിക്കപ്പെടുന്നുണ്ട്.