ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ് അടുത്ത ഒന്നര നൂറ്റാണ്ട് മുന്നില്‍ കണ്ട് നടത്തുന്ന മാറ്റങ്ങളില്‍ നിന്ന് സംരംഭകര്‍ എന്ത് പഠിക്കണം?
സൈറസ് മിസ്ത്രിയെ വീണ്ടും ചെയര്‍മാന്‍ സ്ഥാനത്തു നിയമിച്ച എന്‍സിഎല്‍എടി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി, എന്‍. ചന്ദ്രശേഖര്‍ തന്നെ ടാറ്റയുടെ തലപ്പത്ത്. ടാറ്റാ സണ്‍സ് നല്‍കിയ അപ്പീലിലാണ് നടപടി. അങ്ങനെ എത്രയെത്ര യുദ്ധങ്ങളും വിജയങ്ങളും. കമ്പനിയുടെ അടുത്ത ഒന്നര നൂറ്റാണ്ടിലേക്കുള്ള ബ്ലൂപ്രിന്റ് കയ്യില്‍വച്ചാണ് ടാറ്റ നീങ്ങുന്നത്. വായിക്കാം വിജയകഥകളും കാണാപ്പുറങ്ങളും.
ടാറ്റ.... ഓരോ ഇന്ത്യക്കാരന്റെയും സ്വകാര്യ അഹങ്കാരമാണീ നാമം. ലോകത്തെ ഏതൊരു വമ്പനുമുന്നിലും ബിസിനസ് നൈതികതയുടെയും കോര്‍പ്പറേറ്റ് മസില്‍ പവറിന്റെയും പേരില്‍ ഇന്ത്യയ്ക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അതിന് ടാറ്റ വഹിക്കുന്ന പങ്ക് വളരെ വലുതും. ഒന്നര നൂറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പ്, കഴിഞ്ഞ നാലുവര്‍ഷത്തിനിടെ അടിമുടി മാറ്റത്തിനാണ് വിധേയമായിരിക്കുന്നത്.
ഒരിക്കലും ടാറ്റ ഗ്രൂപ്പിന്റെ ബോര്‍ഡ് റൂമില്‍ നിന്ന് കേള്‍ക്കില്ലെന്ന് വിശ്വസിച്ചിരുന്ന, കോര്‍പ്പറേറ്റ് ലോകത്തെ അമ്പരിപ്പിച്ച സംഭവത്തിനുശേഷം ടാറ്റ അക്ഷരാര്‍ത്ഥത്തില്‍ രൂപപരിണാമത്തിനാണ് സാക്ഷ്യം വഹിച്ചിരിക്കുന്നത്. നാല് വര്‍ഷമായി ടാറ്റ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന, തമിഴ്നാട്ടിലെ നാമക്കല്‍ ജില്ലയിലെ മോഹനൂര്‍ ഗ്രാമത്തില്‍ ഇടത്തരം കുടുംബത്തില്‍ ഒരു അഭിഭാഷകന്റെ മകനായി പിറന്ന നടരാജന്‍ ചന്ദ്രശേഖരനാണ് ഈ മാറ്റത്തിന്റെ ശില്‍പ്പി. അഭിഭാഷകനായിരുന്ന പിതാവ് കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞപ്പോള്‍ തനിക്കും ഒരു വാഴപ്പഴ കര്‍ഷകനാകണമെന്ന് ആഗ്രഹിച്ചിരുന്ന എന്‍. ചന്ദ്രശേഖരന്‍ ഇപ്പോള്‍ ഏതാണ്ട് ഒറ്റയ്ക്ക് തന്നെ ടാറ്റ ഗ്രൂപ്പിനെ തോളില്‍ വഹിക്കുകയാണ്; അടുത്ത 150 വര്‍ഷങ്ങള്‍ മുന്നില്‍ കണ്ടുള്ള നീക്കങ്ങളുമായി.
ചന്ദ്രശേഖരന്റെ ' വണ്‍ ടാറ്റ'
ടാറ്റ ഗ്രൂപ്പിന്റെ സാരഥ്യത്തില്‍ നിന്ന് സൈറസ് മിസ്ട്രി പുറത്തേക്ക് പോയതിനുശേഷം രത്തന്‍ ടാറ്റയുടെ തന്നെ പ്രത്യേക താല്‍പ്പര്യ പ്രകാരമാണ് അതുവരെ ടാറ്റ ഗ്രൂപ്പിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന് നേതൃത്വം നല്‍കിയിരുന്ന എന്‍. ചന്ദ്രശേഖര്‍ ഗ്രൂപ്പ് ചെയര്‍മാനായി വരുന്നത്. 2017 മെയ് മാസത്തില്‍ ചന്ദ്രശേഖര്‍ പദവി ഏറ്റെടുക്കുമ്പോള്‍ ടാറ്റ എന്ന കോര്‍പ്പറേറ്റ് വമ്പന്റെ ഗ്രൂപ്പ് കമ്പനികളില്‍ കാര്യങ്ങള്‍ അത്ര പന്തിയായിരുന്നില്ല. ടിസിഎസ് പോലുള്ള ചില കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോള്‍ ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍ പോലുള്ളവ എടുത്താല്‍ പൊങ്ങാത്ത കടത്തില്‍ മുങ്ങുകയായിരുന്നു. കടഭാരത്തില്‍ നിന്ന് ഇപ്പോഴും ഗ്രൂപ്പ് കമ്പനികളില്‍ പലതും പുറത്തുകടന്നിട്ടില്ലെങ്കിലും നാല് വര്‍ഷം കൊണ്ട് ചന്ദ്രശേഖരന്‍ ടാറ്റ ഗ്രൂപ്പിന് പുതിയൊരു ദിശാബോധം നല്‍കിയിരിക്കുന്നു.
ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസിന്റെ അകത്തും പുറത്തും മാത്രമല്ല ഗ്രൂപ്പ് കമ്പനികളുടെ പ്രവര്‍ത്തനത്തിലും സാരഥ്യത്തിലും ബിസിനസ് മോഡലിലും വരെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. 'വണ്‍ ടാറ്റ' എന്ന ആശയത്തിലൂന്നിയാണ് ചന്ദ്രശേഖരന്റെ പ്രവര്‍ത്തനം. ബോംബെ ഹൗസ് എന്ന കോര്‍പ്പറേറ്റ് ആസ്ഥാനത്തായിരുന്നു ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ ഭരണകേന്ദ്രങ്ങളെങ്കിലും അവയെല്ലാം തന്നെ പരസ്പര ബന്ധമില്ലാത്ത 'ചെറുരാജ്യ'ങ്ങള്‍ക്ക് തുല്യമായിരുന്നു. ഒരു ടാറ്റ ഗ്രൂപ്പ് കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ മറ്റൊരു ടാറ്റ ഗ്രൂപ്പ് കമ്പനിയുടെ ഓഫീസിലേക്ക് പോകുന്നതുപോലും നിയന്ത്രിക്കപ്പെട്ടിരുന്നു.
ബോംബെ ഹൗസിന്റെ കെട്ടും മട്ടും മാറ്റിയതുപോലെ തന്നെ ഗ്രൂപ്പ് കമ്പനി സാരഥികള്‍ക്കിടയിലെ ചങ്ങാത്തമില്ലായ്മയും ചന്ദ്രശേഖര്‍ മാറ്റിയെടുത്തു. ബോംബെ ഹൗസില്‍ സ്റ്റാര്‍ബക്സിന്റെ ഒരു കോഫീ ഷോപ്പ് തുറന്നും പ്രത്യേകം പ്രത്യേകം ബോര്‍ഡ് റൂം കോണ്‍ഫറന്‍സ് ഹാള്‍ എന്ന രീതി ഇല്ലാതാക്കിയുമാണ് ടാറ്റ ഗ്രൂപ്പിലെ ഭിന്നഭാവത്തിന്റെ അതിരുകള്‍ മാച്ചുകളഞ്ഞത്.
സൂപ്പര്‍ ആപ്പിലേക്ക് വന്നതിങ്ങനെ
ഉപ്പു തൊട്ട് സോഫ്റ്റ് വെയര്‍ വരെയുള്ള രംഗങ്ങളില്‍ ടാറ്റ ഗ്രൂപ്പ് കമ്പനികളുണ്ടെങ്കിലും ലോകത്തിലെ ടെക് വമ്പന്മാരുടെ വെള്ളിത്തിളക്കം കമ്പനിക്കുണ്ടായിരുന്നില്ല. പരമ്പരാഗതമായ വലിയൊരു കോര്‍പ്പറേറ്റ് എന്ന സങ്കല്‍പ്പത്തെ ഇപ്പോള്‍ ടാറ്റ തച്ചുടച്ചുകൊണ്ടിരിക്കുന്നതാണ്. ഇ കോമേഴ്സ്, ഇല്കട്രോണിക്സ്, ഇലക്ട്രിക്കല്‍ മൊബിലിറ്റി, മെഡിക്കല്‍ - ഡയഗനോസിസ്, റിന്യൂവബ്ള്‍ എനര്‍ജി, പേയ്മെന്റ്സ് എന്നു തൂടങ്ങി ഇവയെല്ലാം ഒരുമിക്കുന്ന സൂപ്പര്‍ ആപ്പിന്റെ പിന്നണിയില്‍ വരെ ടാറ്റയുണ്ട്. ഏറ്റെടുക്കലുകളിലൂടെയും ഭാവനാശാലികളായ സാരഥികളെ ഗ്രൂപ്പുകമ്പനികളുടെ തലപ്പത്ത് നിയമിച്ചുകൊണ്ടുമാണ് ചന്ദ്രശേഖരന്‍ ടാറ്റയെ 'ഫ്യൂച്ചര്‍ റെഡി'യാക്കുന്നത്.
പുതിയ ബിസിനസ് അവസരങ്ങള്‍ കണ്ടെത്തി ഉപയോഗിക്കുക, നിലവിലുള്ള ബിസിനസ് മോഡലുകളെ ആധുനികവല്‍ക്കരിക്കുക, ഗ്രൂപ്പിനെ കടഭാരത്തിലേക്കും പ്രശ്നങ്ങളിലേക്കും വലിച്ചുതാഴ്ത്തുന്ന ദീര്‍ഘകാല പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക എന്നീ മൂന്ന് അജണ്ടകള്‍ വെച്ചായിരുന്ന ചന്ദ്രശേഖരന്റെ പ്രവര്‍ത്തനം. അതോടൊപ്പം തന്നെ ഉല്‍പ്പന്നം/ സേവനം മാത്രം ഉപഭോക്താവിന് നല്‍കി കാഴ്ചക്കാരായി നില്‍ക്കാതെ ഇടപാടുകാരുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്ന, ഉപഭോക്താവിന്റെ പ്രതീക്ഷയ്ക്കപ്പുറം കടന്ന് പ്രവര്‍ത്തിക്കുന്ന ബിസിനസ് ഗ്രൂപ്പായി ടാറ്റ കമ്പനികളെ മാറ്റുകയും ചെയ്തു.
ടാറ്റയുടെ സമ്പന്നമായ പാരമ്പര്യം ഊട്ടിയുറപ്പിക്കുമ്പോള്‍ തന്നെ ഫ്യൂച്ചര്‍ റെഡിയാക്കാനുള്ള വിത്തുകളാണ് ചന്ദ്രശേഖരന്‍ വിതച്ചിരിക്കുന്നത്. ഗ്രൂപ്പ് കമ്പനികളിലെ ഡിജിറ്റല്‍ വിദഗ്ധന്മാരെ സമന്വയിപ്പിച്ച് ഇന്ത്യയുടെ ആദ്യ സൂപ്പര്‍ ആപ്പ് സൃഷ്ടിക്കാന്‍ നടത്തുന്ന ശ്രമം തന്നെ അതിന്റെ ഉദാഹരണം.
കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ടാറ്റ സണ്‍സ് 80,000 കോടി രൂപയാണ് ഗ്രൂപ്പ് കമ്പനികളില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ഇതോടൊപ്പം ഗ്രൂപ്പിന് കീഴിലുള്ള 100 ഓളം കമ്പനികളെ അവയുടെ സ്വഭാവവും ഭാവി സാധ്യതകളും കണക്കിലെടുത്ത് 10 ക്ലസ്റ്ററുകളാക്കി. പേയ്മെന്റ് സേവനങ്ങള്‍, ഇലക്ട്രോണിക്സ് തുടങ്ങി പുതിയ മേഖലകളിലേക്ക് കടക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് എന്ന ആശയം ടാറ്റ ഗ്രൂപ്പിനും ഏറെ കരുത്തായിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയും ടാറ്റ മെഡിക്കല്‍ - ഡയഗണോസ്റ്റിക് രംഗത്തേക്ക് കടക്കാനുള്ള അവസരമാക്കിയെടുത്തു. അതുപോലെ തന്നെ ടാറ്റാ സ്റ്റീല്‍ പോലുള്ള കമ്പനികളുടെ ബിസിനസ് മോഡല്‍ തന്നെ അഴിച്ചുപണിതു.
കുതിച്ചുമുന്നേറി ടാറ്റ മോട്ടോഴ്സ്
2018-19 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ പാസഞ്ചര്‍ കാര്‍ വിപണിയുടെ 4.8 ശതമാനം മാത്രമായിരുന്നു ടാറ്റ മോട്ടോഴ്സിന്റെ വിഹിതം. 2020 ഒക്ടോബര്‍ - ഡിസംബറില്‍ ഇത് 9.5 ആയി മാറി. ടിയാഗോ, ആല്‍ട്രോസ്, ടിഗോര്‍ എന്നീ ടാറ്റാ കാറുകള്‍ക്കായി ആളുകള്‍ ബുക്ക് ചെയ്ത് കാത്തിരിപ്പാണിപ്പോള്‍. ടാറ്റ മോട്ടോഴ്സിന്റെ തലപ്പത്ത് വരുത്തിയ മാറ്റങ്ങളും വാഹന രൂപകല്‍പ്പനയില്‍ കൊണ്ടുവന്ന വിപ്ലവകരമായ ആശയങ്ങളും കൊണ്ടാണ് ഈ കുതിപ്പ് സാധ്യമാക്കിയത്. കോമേഴ്സ്യല്‍ വാഹന വിപണിയില്‍ ടാറ്റ മോട്ടോഴ്സിനുള്ള ക്ഷീണം ഇതുവരെ മറികടക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും അതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുതിയ കരുത്തുറ്റ ട്രക്കുകള്‍ അടുത്തിടെ വിപണിയിലെത്തിയതും ഇതിന്റെ ഭാഗം തന്നെയാണ്.
ടാറ്റ ഗ്രൂപ്പ് കമ്പനികളെല്ലാം തന്നെ ലാഭപാതയിലേക്ക് എത്തിയിട്ടില്ല. കടഭാരവും ദീര്‍ഘകാലമായി തുടരുന്ന പല പ്രശ്നങ്ങളും ഇപ്പോഴുമുണ്ട്. എന്നിരുന്നാലും 2020 മാര്‍ച്ച് വരെയുള്ള മൂന്നുവര്‍ഷങ്ങളില്‍ ഗ്രൂപ്പ് വരുമാനം 15 ശതമാനം വര്‍ധിച്ച് 7,53,000 കോടി രൂപയായി. അറ്റാദായത്തിലും വര്‍ധനയുണ്ട്. 2017 മാര്‍ച്ചിനെ അപേക്ഷിച്ച്, ടാറ്റ ഗ്രൂപ്പിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തിലും വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. 2017 മാര്‍ച്ചിലെ 8.4 കോടി ലക്ഷമെന്ന തലത്തില്‍ നിന്ന് 17.7 ലക്ഷം കോടി രൂപയെന്ന തലത്തിലാണ് വിപണി മൂല്യം എത്തിനില്‍ക്കുന്നത്.
ടാറ്റ ഒരു കോര്‍പ്പറേറ്റ് വമ്പനാണ്. പാരമ്പര്യവും പണവും നിര്‍ലോഭമായുണ്ട്. അതുപോലെ തന്നെ സങ്കീര്‍ണതയും. ഭാവിയിലെ സാധ്യതകള്‍ മുന്നില്‍ കണ്ട് ഗ്രൂപ്പിനുള്ളിലും പുറത്തും നടത്തിയ രൂപപരിണാമങ്ങളാണ് ടാറ്റ ഗ്രൂപ്പ് ഇനിയും കരുത്തോടെ മറ്റൊരു 150 വര്‍ഷം കൂടി മുന്നോട്ട് പോകുമെന്ന വിശ്വാസം ഇന്ത്യക്കാരില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ദീര്‍ഘകാലം നിലനില്‍ക്കാന്‍ സംരംഭകര്‍ എന്തൊക്കെ ചെയ്യണമെന്നതിന് ഇന്ത്യയിലെ മാതൃകയായിരുന്നു ടാറ്റ. ഇനിയും അങ്ങനെയായി തന്നെ ടാറ്റ നിലനില്‍ക്കും. എന്‍. ചന്ദ്രശേഖരന്റെ പ്രവര്‍ത്തനം കൊണ്ട് വ്യക്തമാകുന്നതും അതാണ്.