വിവാഹത്തിന് നല്‍കുന്ന സ്വര്‍ണത്തിന് നികുതി ഉണ്ടോ? പാരമ്പര്യമായി കൈമാറുന്ന സ്വര്‍ണത്തിനോ?

സമ്മാനമായി ലഭിക്കുന്ന സ്വര്‍ണത്തിന് നികുതി എങ്ങനെയൊക്കെ എന്ന് വിശദമായി അറിയാം

Update:2023-07-25 12:34 IST

Image : Canva

ഭൗതിക രൂപത്തില്‍ കുറച്ചെങ്കിലും  സ്വർണം  കൈവശം വയ്ക്കുന്നവരാണ് നമ്മളിൽ പലരും. അത് ചിലപ്പോള്‍ പാരമ്പര്യമായി ലഭിച്ചതോ മാതാപിതാക്കളില്‍ നിന്നോ ബന്ധുക്കളില്‍ നിന്നോ സമ്മാനമായി ലഭിച്ചതോ ഒക്കെ ആകാം. അതുമല്ലെങ്കിൽ ആഭരണമായി വാങ്ങി വെച്ചിരിക്കുന്നതാകും. ഈ സാഹചര്യങ്ങളില്‍ നികുതി എങ്ങനെ കണക്കാക്കും? 

പാരമ്പര്യമായി കൈമാറുന്ന സ്വര്‍ണത്തിന് നികുതി

പാരമ്പര്യമായി കൈമാറുന്ന സ്വര്‍ണത്തിന് നികുതി സ്വീകരിക്കാന്‍ നികുതിയൊന്നും നല്‍കേണ്ട. അവ കൈവശം വയ്ക്കുമ്പോഴും നികുതി ബാധകമല്ല. എന്നാല്‍ പാരമ്പര്യമായി ലഭിച്ച സ്വര്‍ണം വില്‍ക്കുമ്പോള്‍ നികുതി ബാധകമാണ്.

മൂലധന നേട്ട നികുതിയായാണ് (capital gain tax)ഈ തുക കണക്കാക്കുക. ആഭരണം വില്‍ക്കുന്ന സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണില്‍  ഇത് കാണിക്കേണ്ടതുമാണ്. അത്തരത്തില്‍ പാരമ്പര്യമായി കിട്ടിയ സ്വത്തുക്കളും, സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളുമെല്ലാം വിറ്റ് പണമാക്കുന്ന വ്യക്തികള്‍ക്ക് മൂലധന നേട്ട നികുതി അടയ്ക്കേണ്ട ബാധ്യതയുണ്ട്.

സമ്മാനമായി ലഭിച്ച സ്വര്‍ണത്തിന് നികുതി

വിവാഹ സമ്മാനമായി ലഭിച്ച സ്വര്‍ണത്തിന് നികുതിയില്ല. എന്നാല്‍ ഇവ കയ്യില്‍ വയ്ക്കുകയോ, വീട്ടില്‍ സൂക്ഷിക്കുകയോ വിദേശത്തേക്കോ മറ്റോ കൊണ്ടു പോകുമ്പോഴോ ബന്ധപ്പെട്ട രേഖകള്‍ കൈവശം വയ്ക്കണം.

മാതാപിതാക്കളോ സഹോദരങ്ങളോ പോലെ രക്തബന്ധമുള്ളവരില്‍ നിന്ന് നിങ്ങള്‍ക്ക് സ്വര്‍ണ്ണം സമ്മാനമായി ലഭിച്ചിട്ടുണ്ടെങ്കില്‍, അവയ്ക്ക് നികുതി ഈടാക്കില്ല. എന്നിരുന്നാലും, ബന്ധു അല്ലാത്ത വ്യക്തികളില്‍ നിന്ന് ഒരു സമ്മാനം ലഭിക്കുകയും മൂല്യം 50,000-ല്‍ കൂടുതലാണെങ്കില്‍, 'മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം' (income from other sources)എന്നതിന് കീഴില്‍ ഒരു നികുതി ഉണ്ടായിരിക്കും.

കയ്യില്‍ വയ്ക്കുന്ന സാധാരണ സ്വര്‍ണത്തിനോ?

സ്വര്‍ണം ആഭരണങ്ങള്‍, നാണയങ്ങള്‍, ബാറുകള്‍ എന്നിങ്ങനെയുള്ള രൂപത്തില്‍ ആര്‍ക്കും വീട്ടിലോ ബാങ്ക് ലോക്കറിലോ സൂക്ഷിക്കാവുന്നതാണ്. വിലയേറിയ ലോഹം ഒരു മൂലധന ആസ്തിയായതിനാല്‍ തന്നെ അതിന് മൂലധന നേട്ടത്തിന് നികുതി നല്‍കേണ്ടതുണ്ട്. മൂന്ന് വര്‍ഷത്തില്‍ താഴെയുള്ള കാലയളവിലേക്കാണ് സ്വര്‍ണം കൈവശം വച്ചിട്ടുള്ളതെങ്കില്‍, ഹ്രസ്വകാല മൂലധന നേട്ടം (Short Term Capital Gains Tax) നികുതി നല്‍കേണ്ടിവരും, അത് വരുമാനത്തിലേക്ക് ചേര്‍ക്കുകയും നിങ്ങളുടെ സ്ലാബ് അനുസരിച്ച് നികുതി അടയ്ക്കുകയും ചെയ്യണം.

മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കൈവശം വച്ചിരിക്കുന്ന സ്വര്‍ണത്തിന്, ദീര്‍ഘകാല മൂലധന നേട്ടത്തിന് (Long Term Capital Gains Tax)പണപ്പെരുപ്പ നിരക്കുമായി തട്ടിക്കിഴിച്ചുകൊണ്ടുള്ള 20% നികുതി (with indexation)അടയ്ക്കണം.

മലയാളിയുടെ ജീവിതത്തില്‍ നിര്‍ണായകമായ ഒരു സ്ഥാനമുണ്ട് സ്വര്‍ണത്തിന്. പ്രത്യേകിച്ചും സ്വര്‍ണാഭരണത്തിന്. അതുകൊണ്ടുതന്നെ അവ വില്‍ക്കുമ്പോഴും വാങ്ങുമ്പോഴും കൈകാര്യം ചെയ്യുമ്പോഴുമുള്ള നികുതി ബാധ്യതകളെക്കുറിച്ച് കൃത്യമായി അറിയുക, നിയമങ്ങള്‍ പാലിക്കുക.

Tags:    

Similar News