ബിസിനസുകാര്‍ക്ക് സന്തോഷവാര്‍ത്ത, ജിഎസ്ടി റീഫണ്ട് ഉടനടി കിട്ടാന്‍ വഴിതുറക്കുന്നു

ഇക്കഴിഞ്ഞ 14-ാം തിയതി വരെ തീര്‍പ്പ് കല്‍പ്പിക്കാതെ കിടക്കുന്ന ക്ലെയിമുകള്‍ക്ക് 30 ദിവസത്തിനുള്ളില്‍ റീഫണ്ട് ലഭിക്കാന്‍ ഇപ്പോള്‍ അവസരം;

Update:2021-05-17 16:46 IST

കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ബിസിനസുകാര്‍ക്ക് സന്തോഷവാര്‍ത്ത. ജിഎസ്ടി റീഫണ്ട് കാലതാമസമില്ലാതെ ലഭിക്കാന്‍ സ്‌പെഷല്‍ ജിഎസ്ടി റീഫണ്ട് ഡിസ്‌പോസല്‍ ഡ്രൈവ് ആരംഭിച്ചിരിക്കുന്നു.

ജിഎസ്ടി നിയമമനുസരിച്ച് റീഫണ്ട് ലഭിക്കാന്‍ അര്‍ഹതയുള്ളവര്‍ റീഫണ്ട് ലഭിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട രേഖകള്‍ അപ്്‌ലോഡ് ചെയ്ത് ജിഎസ്ടി പോര്‍ട്ടലില്‍ GSTRFD-01 എന്ന ഫോമില്‍ ഓണ്‍ലൈനായി അപേക്ഷ കൊടുക്കണം. അത്തരത്തിലുള്ള അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ ഡിപ്പാര്‍ട്ട്‌മെന്റ് 15 ദിവസത്തിനുള്ളില്‍ അക്‌നോളഡ്‌മെന്റ് രസീത് കൊടുക്കുന്നതാണ്. അപേക്ഷയില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കിലും 15 ദിവസത്തിനുള്ളില്‍ മെമ്മോ (deficiency memo) കൊടുക്കുന്നതാണ്. പരമാവധി 60 ദിവസത്തിനുള്ളില്‍ റീഫണ്ട് അനുവദിക്കണം.

കോവിഡ് രണ്ടാം തരംഗ കാലത്ത്, സിബിഐഡി (Central Board of Indirect Taxes and Customs) വാണിജ്യ സമൂഹത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് വമ്പിച്ച ഒരു സ്‌പെഷല്‍ ജിഎസ്ടി റീഫണ്ട് ഡിസ്‌പോസല്‍ ഡ്രൈവ് ആരംഭിച്ചിരിക്കുന്നത്. മെയ് 15 മുതല്‍ 31 വരെയാണ് ഇതിന്റെ കാലാവധി.

ഈ സ്‌കീം അനുസരിച്ച് നേരത്തെയുള്ള 60 ദിവസത്തിനുള്ളില്‍ റീഫണ്ട് അനുവദിക്കണമെന്ന വ്യവസ്ഥ മേല്‍പ്പറഞ്ഞ കാലയളവില്‍ 30 ദിവസത്തിനുള്ളില്‍ മുന്‍ഗണനാക്രമം അനുസരിച്ച് അനുവദിക്കണം എന്നായി വ്യാഖ്യാനിക്കാന്‍ സിബിസിഐഡി മുതിര്‍ന്ന ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരിക്കുന്നു.

കൂടാതെ നിത്യേന റീഫണ്ട് ഡ്രൈവിന്റെ പുരോഗതി വിലയിരുത്താനും ബോര്‍ഡ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്‌പെഷല്‍ ജിഎസ്ടി റീഫണ്ട് ഡിസ്‌പോസല്‍ ഡ്രൈവ് വലിയ വിജയമാക്കി തീര്‍ത്ത് ഇന്ത്യയിലെ ബിസിനസ് സമൂഹത്തെ ഈ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുവാനാണ് ഗവണ്‍മെന്റ് ശ്രമിക്കുന്നത്.

മെയ് 14ന് തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ലാത്ത ക്ലെയിമുകള്‍ ആണ് ഈ സ്‌പെഷല്‍ ജിഎസ്ടി റീഫണ്ട് ഡിസ്‌പോസല്‍ ഡ്രൈവില്‍ പരിഗണിക്കുക എന്ന കാര്യം ഓര്‍മ്മപ്പെടുത്തുന്നു.


Tags:    

Similar News