₹14 ലക്ഷം വരെ ശമ്പളമുള്ളവര്‍ക്ക് ആദായ നികുതി ഇളവോ? നിര്‍മലയുടെ എട്ടാം ബജറ്റില്‍ എന്തൊക്കെ പ്രതീക്ഷിക്കാം?
രാജ്യത്തിന്റെ സാമ്പത്തിക നില വിലയിരുത്തുന്ന സര്‍വേ റിപ്പോര്‍ട്ട് 31ന്;
ഫെബ്രുവരി ഒന്നിന് നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി തിരക്കിട്ട ചര്‍ച്ചകളിലാണ് നികുതി ദായകര്‍. തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങുന്ന നിര്‍മല തന്റെ പുതിയ ബജറ്റില്‍ എന്തൊക്കെയാകും കരുതുക എന്നതിലേക്കാണ് എല്ലാവരുടെയും ശ്രദ്ധ. രാജ്യത്തിന്റെ സാമ്പത്തിക നില വിലയിരുത്തുന്ന സര്‍വേ റിപ്പോര്‍ട്ട് ഈ മാസം 31ന് ലോക്‌സഭയില്‍ സമര്‍പ്പിക്കും.
പ്രതിവര്‍ഷം 14 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതിയില്‍ ഉളവുകള്‍ നല്‍കിയേക്കുമെന്ന സൂചനകളാണ് കേന്ദ്രത്തില്‍ നിന്ന് വരുന്നത്. കൂടാതെ നികുതി ഫയലിംഗ് ചട്ടങ്ങള്‍ ലളിതമാക്കുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങളും കേന്ദ്രബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്.
ഉടന്‍ തിരഞ്ഞെടുപ്പ് നേരിടുന്ന ഡല്‍ഹിയിലെയും വോട്ടര്‍മാരെയും ലക്ഷ്യം വച്ചുള്ള പൊതു പ്രഖ്യാനങ്ങളും ഇളവുകളും ഉണ്ടാകുമെന്നാണ് കരുതുന്നത്.
ഉപഭോഗം കൂട്ടാന്‍ നികുതി ഇളവ്
പ്രതിവര്‍ഷം 14 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വ്യക്തികളുടെ നികുതി ഭാരം കുറയ്ക്കുന്നതിലൂടെ ചെലവഴിക്കാവുന്ന വരുമാനം കൂട്ടാനും അതുവഴി നഗരങ്ങളിലെ ഉപഭോഗം വര്‍ധിപ്പിക്കാനുമാണ് ലക്ഷ്യം. എന്നാല്‍ മറ്റു നികുതി നിരക്കുകളിലും നയങ്ങളിലും കാര്യമായ മാറ്റങ്ങള്‍ ഉണ്ടായേക്കില്ല.
നിലവില്‍ പുതിയ നികുതി പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാണ്. മൂന്ന് മുതല്‍ ആറു ലക്ഷം രൂപ വരെ വരുമാനത്തിന് അഞ്ച് ശതമാനമാണ് നികുതി. 6-9 ലക്ഷക്കിന് 10 ശതമാനം, 9-12 ലക്ഷത്തിന് 15 ശതമാനം, 12-15 ലക്ഷത്തിന് 20 ശതമാനം, 15ലക്ഷത്തിന് മുകളില്‍ 30 ശതമാനം എന്നിങ്ങനെയുമാണ് നികുതി. 75000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനുമുണ്ട്. ഇതു വരെ 7.75 ലക്ഷം രൂപ വരെയുള്ള വരുമാനം നികുതി രഹിതമാണ്.
ആദായ നികുതിയില്‍ അടിസ്ഥാന ഇളവ് പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷം രൂപയായി ഉയര്‍ത്തിയേക്കാം. അതിനനുസരിച്ച് മറ്റ് സ്ലാബുകളിലും വ്യത്യാസം വരും. ഉദാഹരണത്തിന് നാല് ലക്ഷം രൂപ മുതല്‍ 7 ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ 5 ശതമാനം നികുതി സ്ലാബിലേക്ക് വന്നേക്കാം. അങ്ങനെ 14 ലക്ഷം രൂപ വരെയുള്ളവര്‍ക്ക് ആദായ നികുതിയില്‍ നേട്ടമുണ്ടാകും.
പുതിയ നികുതി പദ്ധതിയിലും മാറ്റം?
2020-21 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിച്ച പുതിയ നികുതി പദ്ധതിയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ലളിതമായ ഘടന മൂലം 70 ശതമാനം നികുതി ദായകരെ ഇതിലേക്ക് ആകര്‍ഷിക്കാനായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ അവതരിപ്പിച്ച പുതിയ നികുതി പദ്ധതിയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടു വരുന്നതും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ലളിതമായ ഘടന മൂലം 70 ശതമാനം നികുതി ദായകരെ ഇതിലേക്ക് ആകര്‍ഷിക്കാനായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍ മുതല്‍ നവംബര്‍ വരെ വ്യക്തിഗത ആദായ നികുതി പിരിവ് 25 ശതമാനം വര്‍ധിച്ച് 7.41 ലക്ഷം കോടിയായത് പുതിയ പരിഷ്‌കാരങ്ങള്‍ക്ക് സര്‍ക്കാരിന് കരുത്തു പകരുന്നുണ്ട്. എന്തായാലും പരിഷ്‌കാരങ്ങള്‍ നടപ്പായാല്‍ നികുതി ദായകര്‍ക്ക് വലിയ ആശ്വാസമായിരിക്കുമിത്.
ശനിയാഴ്ചയാണെങ്കിലും പാര്‍ലമെന്റിന്റെ പ്രത്യേക സിറ്റിംഗ് നടത്തിയാണ് ഈ വര്‍ഷത്തെ സമ്പൂര്‍ണ പൊതു ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് ദിനത്തില്‍ ഓഹരി വിപണിയും അവധി ഒഴിവാക്കി രാവിലെ 9.15 മുതല്‍ 3.30 വരെ സാധാരണ പ്രവര്‍ത്തി ദിനത്തിലെന്നപോലെ പ്രവര്‍ത്തിക്കും. ബജറ്റ് പ്രഖ്യാപനങ്ങളോട് ഉടനടി പ്രതികരിക്കാന്‍ നിക്ഷേപകര്‍ക്ക് അവസരം ഉറപ്പാക്കാനായാണ് അവധി ഒഴിവാക്കിയത്.