ഡിസംബറിലെ ജി.എസ്.ടി വരുമാനത്തില്‍ കുറവ്; കേരളത്തില്‍ നിന്ന് 2,572 കോടി; മുന്നില്‍ മഹാരാഷ്ട്ര
വരുമാനത്തില്‍ കര്‍ണാടക രണ്ടാം സ്ഥാനത്ത്
രാജ്യത്ത് ജി.എസ്.ടി വരുമാനത്തില്‍ മുന്‍ മാസങ്ങളെ അപേക്ഷിച്ച് ഡിസംബറില്‍ കുറവ്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ വരുമാനത്തെക്കാള്‍ ഇത്തവണ മെച്ചപ്പെട്ടെങ്കിലും വളര്‍ച്ചാ നിരക്ക് കുറഞ്ഞതായാണ് കണക്കുകള്‍ കാണിക്കുന്നത്. ദേശീയ തലത്തില്‍ കഴിഞ്ഞ മാസം ലഭിച്ചത് 1.76 ലക്ഷം കോടി രൂപയായിരുന്നു. ഒക്ടോബറിലും (1.87 ലക്ഷം കോടി) നവംബറിലും (1.86 ലക്ഷം കോടി) ലഭിച്ചതിനെക്കാള്‍ ഡിസംബറില്‍ കുറവ് വന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഡിസംബറിനെ അപേക്ഷിച്ച് 7.3 ശതമാനം അധിക വരുമാനമുണ്ടായതായി കേന്ദ്ര സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആണ് ഏറ്റവും കൂടിയ നികുതി വരുമാനമുണ്ടായത്. 2.10 ലക്ഷം കോടി രൂപ.
കേരളത്തില്‍ നിന്ന് 2,572 കോടി രൂപ
കേരളത്തില്‍ നിന്ന് കഴിഞ്ഞ മാസം ജി.എസ്.ടിയായി പിരിച്ചെടുത്തത് 2,575 കോടി രൂപയാണ്. 2023 ഡിസംബറിനേക്കാള്‍ അഞ്ചു ശതമാനം വളര്‍ച്ചയുണ്ടായി. അതേസമയം, നവംബറിലെ വളര്‍ച്ചാ നിരക്കിനെ അപേക്ഷിച്ച് കേരളത്തിന്റെ വരുമാനത്തില്‍ ഇടിവുണ്ടായി. കേന്ദ്രത്തില്‍ നിന്ന് ഏപ്രില്‍-ഡിസംബര്‍ വരെ കേരളത്തിന് ജി.എസ്.ടി വിഹിതമായി ലഭിച്ചത് 24,341 കോടി രൂപയാണ്.
ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്ര
29,260 കോടി രൂപ പിരിച്ച മഹാരാഷ്ട്രയാണ് ഡിസംബറില്‍ ജി.എസ്.ടി വരുമാനത്തില്‍ മുന്നില്‍. സംസ്ഥാനം 9 ശതമാനം വളര്‍ച്ചയും നേടി. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടക 12,526 കോടിയും സ്വന്തമാക്കി. തമിഴ്‌നാട് (10,956 കോടി), ഹരിയാന (10,403 കോടി), ഗുജറാത്ത് (10,279 കോടി), ആന്ധ്ര (3,315 കോടി), തെലങ്കാന (5224 കോടി) എന്നീ സംസ്ഥാനങ്ങളും മികച്ച വരുമാനമുണ്ടാക്കി. രണ്ട് കോടി രൂപ മാത്രം ലഭിച്ച ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. മൈനസ് 54 ശതമാനമാണ് ലക്ഷദ്വീപിന്റെ വളര്‍ച്ചാ നിരക്ക്.