നികുതി വരുമാനം 21 ലക്ഷം കോടിയാകുമെന്ന് റിപ്പോര്‍ട്ട്
ഉയര്‍ന്ന സാധന വിലയും സാമ്പത്തിക നില മെച്ചപ്പെട്ടു വരുന്നതും നികുതി വരുമാനം കൂട്ടി
കേന്ദ്ര സര്‍ക്കാരിന്റെ നികുതി വരുമാനം നടപ്പ് സാമ്പത്തിക വര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുമെന്ന് കണക്കുകൂട്ടല്‍. ബജറ്റ് എസ്റ്റിമേറ്റ് പ്രകാരമുള്ള 19.34 ലക്ഷം കോടി രൂപ കടന്ന് 20.62 ലക്ഷം കോടിയിലെത്തുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഏകദേശം 1.28 ലക്ഷം കോടി രൂപയുടെ വര്‍ധന.
ഇതോടെ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തിലും വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജിഎസ്ടി ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള വരുമാന നഷ്ടം നികത്തുന്നതിനുള്ള നഷ്ടപരിഹാരം നല്‍കുന്നത് ജൂണ്‍ 30 ഓടെ അവസാനിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് ആശ്വാസമാകും.
ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം 8.17 ലക്ഷം കോടി രൂപയാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത്. ഇതിനൊപ്പം 1.1 ലക്ഷം കോടി രൂപ കൂടി സംസ്ഥാനങ്ങള്‍ക്കായി അധികമായി ലഭിക്കും.
ഉയര്‍ന്ന സാധനവില, സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടുവരുന്നത് തുടങ്ങിയ കാര്യങ്ങള്‍ നികുതി വരുമാനം കൂടാന്‍ കാരണമായെന്ന് വിലയിരുത്തപ്പെടുന്നു.