ചരക്ക് സേവന നികുതി (ജി എസ് ടി) എന്നാല്‍ ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്‌സ് (Good and simple tax) എന്നൊക്കെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വിശദീകരണം. എന്നാല്‍ സംസ്ഥാനത്തെ ചെറുകിട ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ഇത് ഇപ്പോള്‍ ഗ്രേറ്റ് സഫറിംഗ് ടാക്‌സ് (Great Suffering Tax അങ്ങേയറ്റം കഷ്ടപ്പെടുത്തുന്ന ടാക്‌സ്) ആയി മാറിയിരിക്കുകയാണ്.
സമയാസമയം റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ ഒരു റിട്ടേണിന് പ്രതിദിനം 200 രൂപ പിഴയാണ് ഈടാക്കുന്നത്. ഇതിനൊന്നും ഇതുവരെ ഇളവ് ലഭിച്ചിട്ടില്ല. ഈ പിഴ തുക അടയ്ക്കാതെ ജിഎസ്ടി നെറ്റ് വര്‍ക്കില്‍ നികുതിദായകന് പ്രവേശിക്കാന്‍ തന്നെ പറ്റില്ല. കൂടാതെ ജിഎസ്ടി തുകയ്ക്ക് 18 മുതല്‍ 24 ശതമാനം വരെ പിഴ വേറെയും.
വില കുറയാത്തത് എന്തുകൊണ്ട്?
ജിഎസ്ടി നടപ്പിലായി മൂന്നുമാസമായെങ്കിലും കുറയുമെന്ന് പ്രതീക്ഷിച്ച വിലകള്‍ പോലും കുറയാത്തതെന്തുകൊണ്ട് എന്ന പ്രസക്തമായ ചോദ്യം ഉയരുന്നുണ്ട്. ജിഎസ്ടി ഇല്ലാതായ സാധനങ്ങള്‍ക്ക് കമ്പോളത്തില്‍ വില കൂടുകയാണ് ചെയ്തത്. ജി.എസ്.ടി വരുന്നതിനു മുമ്പ് ഉള്ള സ്റ്റോക്കിന്റെ ടാക്‌സ് ക്രെഡിറ്റ്, ജിഎസ്ടി തുടങ്ങിയ ജൂലായ് മാസത്തില്‍ തന്നെ കച്ചവടക്കാര്‍ക്ക് ലഭ്യമാക്കിയിരുന്നുവെങ്കില്‍ തീര്‍ച്ചയായും പലചരക്കുകളുടെയും സേവനങ്ങളുടെയും വിലയില്‍ ജിഎസ്ടിയുടെ നിയമപ്രകാരമുള്ള ഓപ്പണിംഗ് സ്റ്റോക്ക് ക്രെഡിറ്റ് കിട്ടുമായിരുന്നു.
എന്നാല്‍ ജിഎസ്ടി അധികൃതര്‍ ഓപ്പണിംഗ് സ്റ്റോക്ക് ക്രെഡിറ്റിന്റെ ബന്ധപ്പെട്ട ക്രെഡിറ്റ് അനുവദിച്ചു തരുവാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതിയായി പ്രഖ്യാപിച്ചിട്ടുള്ളത് ഒക്‌റ്റോബര്‍ 31 നാണ്. ഒക്‌റ്റോബര്‍ 31 നു ശേഷം TRAN- 1 ഫോമിന്റെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കിട്ടുമ്പോഴേക്കും ഓപ്പണിംഗ് സ്റ്റോക്കിന്റെ ആനുകൂല്യം എടുക്കേണ്ട അവസാന തിയതിയായ ഡിസംബര്‍ 31 കഴിഞ്ഞിരിക്കും. ഫലത്തില്‍ ആര്‍ക്കും അതിന്റെ ആനുകൂല്യം കിട്ടുന്നില്ല. ചുരുക്കത്തില്‍ വാറ്റ് കാലഘട്ടത്തില്‍ കൊടുത്ത നികുതിയുടെ ആനുകൂല്യം സമയബന്ധിതമായി കണക്ക് നോക്കി തിട്ടപ്പെടുത്തി അനുവദിച്ചു തരുന്നതിലുള്ള താമസം വില കുറയാതിരിക്കാന്‍ കാരണമായിട്ടുണ്ട്.
ഹെല്‍ത്ത് കെയറുമായി ബന്ധപ്പെട്ട സേവനങ്ങളെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എക്‌സ് റേ, സ്‌കാനിംഗ് എന്നിവയ്‌ക്കൊന്നും ജിഎസ്ടിയില്‍ നികുതിയില്ല. പക്ഷേ ജിഎസ്ടി വന്നതിന് ശേഷം ഇതിന്റെ ഒന്നും നിരക്ക് താഴ്ന്നിട്ടില്ല. മുന്‍പ് നികുതി ഉണ്ടോ ഇല്ലെയോ എന്നതിന് വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ ചുമത്തിയിരുന്ന അതേ നിരക്കു തന്നെ ഇപ്പോഴുമുണ്ട്. ഇത് കുറയ്ക്കാന്‍ എവിടെ നിന്നും ഇടപെടലുകളുമില്ല.
നൂലാമാലകള്‍ കൂടുന്നു
ചെറിയ ബിസിനസുകാര്‍ക്ക് കേരളത്തില്‍ പ്രത്യേകിച്ച് 2000 മുതല്‍ തന്നെ സിംപ്ലിഫൈഡ് കണക്ക് സൂക്ഷിക്കല്‍ രീതി പ്രാബല്യത്തില്‍ ഉണ്ടായിരുന്നു. പര്‍ച്ചേസ് ബില്ലുകളും സെയ്ല്‍സ് ബില്ലുകളും ഒരു ചെറിയ ബുക്കും മാത്രം സൂക്ഷിച്ചാല്‍ ഒരു ചെറുകിട വ്യാപാരിയുടെ കണക്കുകള്‍ സംബന്ധമായ ബാധ്യത ഒട്ടുമിക്കവാറും പൂര്‍ണയ്ക്കായി എന്ന അവസ്ഥ കണക്കുകള്‍ സംബന്ധമായ നൂലാമാലകളില്‍ നിന്നും ചെറുകിട കച്ചവടക്കാര്‍ക്ക് ഒരു സമാധാനമായിരുന്നു. എന്നാല്‍ പുതുതായി വന്ന ജിഎസ്ടി നിയമത്തില്‍ ചെറുകിടക്കാരനായാലും വന്‍കിടക്കാരനായും ജിഎസ്ടി രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു ബിസിനസുകാരന്‍ ബിസിനസ് സംബന്ധമായ 10ഓളം രേഖകള്‍ സൂക്ഷിക്കണം എന്നത് മാനസികമായി ചെറുകിട മേഖലയെ കാര്യമായി തളര്‍ത്തിയിട്ടുണ്ട്. കച്ചവടം ചെയ്യാതെ ഉള്ള കാശ് ബാങ്കിലിട്ട് സ്വസ്ഥമായിരിക്കുന്നതാണ് നല്ലത് എന്ന ഒരു പ്രതീതി ചെറുകിട മേഖലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.