ജിഎസ്ടി വെറും നികുതി ചട്ടമല്ല, അഴിമതിക്കെതിരെയുള്ള പോരാട്ടം സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

Update: 2018-03-23 08:32 GMT

മനുഷ്യനെ വലയ്ക്കാനുള്ള ഓരോ നികുതി നിയമങ്ങള്‍. ഇപ്പോഴും ചരക്ക് സേവന നികുതിയെ ഇങ്ങനെ കരുതുന്ന ജനങ്ങളുണ്ട്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജിഎസ്ടി വന്നിട്ടും അവര്‍ക്ക് മെച്ചമില്ല. വാങ്ങുന്ന സാധനങ്ങളുടെ വില കുറയുന്നില്ലെന്ന് മാത്രമല്ല, ചിലതിന് അതിന്റെ പേരില്‍ ഉയര്‍ന്ന വില നല്‍കേണ്ടിയും വരുന്നു.

പക്ഷേ വാസ്തവം എന്താണ്?

ജിഎസ്ടി, നികുതി നിയമത്തില്‍ വന്ന മാറ്റം മാത്രമല്ല. നമ്മുടെ നാടിന്റെ വികസനത്തിനുതകുന്ന മാറ്റവും അഴിമതിക്കെതിരെയുള്ള പോരാട്ടവുമാണ്. പക്ഷേ ഈ തലത്തില്‍ ജിഎസ്ടിയെ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ഒരുപോലെ പരാജയപ്പെട്ടു.

ഇന്ത്യയില്‍ പൂര്‍ണമായും കണക്കുകള്‍ സൂക്ഷിച്ച്, നികുതികള്‍ നല്‍കി നടക്കുന്ന കച്ചവടം വെറും 25 ശതമാനത്തില്‍ താഴെയാണെന്നാണ് സൂചന. എന്നും ഈ നില തുടര്‍ന്നാല്‍ രാജ്യം കള്ളപ്പണം കൊണ്ട് നിറയും. ഇത് തടയാന്‍ കൂടിയാണ് ജിഎസ്ടി കൊണ്ടുവന്നിരിക്കുന്നത്. അത്തരത്തിലുള്ള ബോധവല്‍ക്കരണം ജനങ്ങള്‍ക്കിടയില്‍ നടത്തണമായിരുന്നു. സുതാര്യമായ സമ്പദ് വ്യവസ്ഥ നിലവില്‍ വരണമെങ്കില്‍ എല്ലാ ഇടപാടുകളും സുതാര്യമായിരിക്കണം. അതിന് സാധനങ്ങള്‍ വാങ്ങുന്ന എല്ലാവരും ബില്‍/ ഇന്‍വോയ്‌സ് നിര്‍ബന്ധമായും വാങ്ങണം. ആ ഇന്‍വോയ്‌സുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. അതായത് ഇന്‍വോയ്‌സില്‍ കാണിച്ച ജിഎസ്ടി സര്‍ക്കാരിലേക്ക് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. അതിന് ഇപ്പോള്‍ സംവിധാനമുണ്ട്.

കസ്റ്റമര്‍ വാങ്ങുന്ന ഇന്‍വോയ്‌സ് സ്‌കാന്‍ ചെയ്ത് തൊട്ടടുത്തുള്ള ജിഎസ്ടി ഉദ്യോഗസ്ഥന്റെ ഒഫീഷ്യല്‍ ഇ മെയ്ല്‍ ഐഡിയിലേക്ക് അയച്ചാല്‍ അവ പരിശോധനയ്ക്ക് വിധേയമാക്കും.

ജനങ്ങള്‍ ഇന്‍വോയ്‌സ് ചോദിച്ചു തുടങ്ങുമ്പോള്‍ കച്ചവടക്കാര്‍ക്ക് സ്വാഭാവികമായും കണക്ക് എഴുതിയേ മതിയാകൂ. അപ്പോള്‍ കൊടുക്കുന്നതിനും വാങ്ങുന്നതിനുമൊക്കെ കണക്കുണ്ടാകും. അതോടെ നികുതി വരുമാനം കൂടും. ഓരോന്നിന്റെയും വില പുറത്തുവരും. ലാഭം പുറത്തറിയാന്‍ തുടങ്ങും. ലാഭത്തിന്റെ നികുതിയും വെളിപ്പെടും. ഇതോടെ സര്‍ക്കാര്‍ വരുമാനവും കൂടും.

അധികം കാലതാമസമില്ലാതെ, ഒരു പഞ്ചായത്തില്‍ നിന്ന് പിരിക്കുന്ന നികുതിയുടെ ഒരു ഭാഗം ആ സ്ഥലത്തേക്ക് തന്നെ ലഭ്യമാക്കുന്ന വ്യവസ്ഥ വന്നേക്കാം.

സ്റ്റാമ്പ് പേപ്പര്‍, രജിസ്‌ട്രേഷന്‍ ഫീസ് എന്നീ വസ്തുകൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതത് പഞ്ചായത്തുകള്‍ക്ക് ആ തുകയുടെ ഒരു വിഹിതം സര്‍ക്കാരിന്റെ കണക്കില്‍ നിന്നും ഉള്‍ക്കൊള്ളിക്കുന്നുണ്ട്. ഇന്‍വോയ്‌സ് വാങ്ങാനുള്ള ക്ഷമയും ജിഎസ്ടി നല്‍കാനുള്ള മനസും ഉപഭോക്താവിന് വേണം.ബിസിനസുകാര്‍ക്കും കുരുക്കാവുംകണക്കെഴുത്ത് പറ്റില്ലെന്ന് ഇനിയും വാശി പിടിക്കുന്നവരുണ്ടെങ്കില്‍ അത്തരം ബിസിനസുകാരുടെ ശ്രദ്ധയ്ക്ക്. കണക്കെഴുതാതെ കച്ചവടം നടത്തുന്നത് കട പരിശോധന ഒന്നും ഇല്ലാതെ തന്നെ കണ്ടുപിടിക്കാന്‍ ആധുനിക സൗകര്യങ്ങള്‍ സജ്ജമായി കഴിഞ്ഞു. ജിഎസ്ടിയെ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളില്‍, ഉദാഹരണത്തിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസിലൊക്കെ ഈ സംവിധാനങ്ങളുണ്ടെന്ന് പലരും മനസിലാക്കുന്നില്ല.

ഒരു ബിസിനസ് സ്ഥാപനത്തിലേക്ക് വരുന്ന വാഹനങ്ങളുടെ വിശദ വിവരങ്ങള്‍, ക്രെഡിറ്റ് - ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍, സ്ഥാപനത്തിന്റെ വാടക, സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം, സ്ഥാപന ഉടമയുടെ ജീവിത ചെലവ്, വിദേശ യാത്രാ വിവരങ്ങള്‍, ബാങ്ക് നിക്ഷേപം, കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലെ എക്കൗണ്ടുകളുടെ വിശദ വിവരങ്ങള്‍ തുടങ്ങിയവ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സംവിധാനങ്ങള്‍ ജിഎസ്ടി നിയമങ്ങള്‍ നടപ്പാക്കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ക്കുണ്ടെന്ന് ശ്രദ്ധിക്കാത്തവരാണ് ഏറെ. കച്ചവടം എല്ലാം കഴിഞ്ഞ്, ആറ് വര്‍ഷവും പിന്നെ ഒന്നര കൊല്ലവും കഴിഞ്ഞ് നോട്ടീസ് കിട്ടുമ്പോഴാണ് പലരുടെയും കണ്ണ് തള്ളാന്‍ പോകുന്നത്. ജിഎസ്ടി ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഈ കാലയളവിന് ശേഷവും ഇത്തരം നോട്ടീസുകള്‍ ബിസിനസുകാര്‍ക്ക് നല്‍കാം.

ഇത്തരം നോട്ടീസില്‍ ഒരു പക്ഷേ നികുതിയും പലിശയും പിഴയും ഒക്കെ ചേരുമ്പോള്‍ ബിസിനസിന്റെ ആകെ തുകയേക്കാള്‍ കൂടി പോയാലും അത്ഭുതപ്പെടാനുമില്ല. കേന്ദ്ര, സംസ്ഥാന ബജറ്റുമായി ബന്ധപ്പെട്ട് പ്രമുഖ ചാനലുകളില്‍ ചര്‍ച്ചകളില്‍ പങ്കെടുത്തുകൊണ്ട് ഇക്കാര്യങ്ങള്‍ വിശദമായി ഞാന്‍ അവതരിപ്പിച്ചിരുന്നു. അപ്പോള്‍ പലരും ചോദിച്ച ഒരു കാര്യം കൂടി സൂചിപ്പിക്കാം.

''അപ്പോള്‍ ജിഎസ്ടി യഥാര്‍ത്ഥ കണക്കിലേക്കും യഥാര്‍ത്ഥ വിലയിലേക്കും നയിക്കുമല്ലേ? ഇന്‍വോയ്‌സ് എഴുതുമ്പോള്‍ രാജ്യത്തെ പ്രത്യക്ഷ/ പരോക്ഷ നികുതി വരുമാനം വര്‍ധിക്കുമല്ലേ? സര്‍ക്കാര്‍ എന്നിട്ടുമെന്തേ ജിഎസ്ടിക്ക് ആ വിധത്തില്‍ പ്രചാരണം കൊടുക്കാത്തത്? ജിഎസ്ടി പരോക്ഷ നികുതിയ്ക്കപ്പുറത്ത് അഴിമതിക്കും കള്ളപ്പണത്തിനും എതിരെയുള്ള നിയമമാണല്ലേ?''

ധനത്തില്‍ തുടര്‍ച്ചയായി എഴുതുന്ന ലേഖനങ്ങള്‍ വായിച്ചും ഇത്തരത്തിലുള്ള ഒട്ടേറെ പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്.

എറണാകുളം ജില്ലാ കണ്‍സ്യൂമര്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജിഎസ്ടി നിയമബോധവല്‍ക്കരണ ക്ലാസില്‍, കണ്‍സ്യൂമര്‍ പറഞ്ഞ കാര്യവും പ്രസക്തമാണ്. ''ജിഎസ്ടിയുടെ മൂന്ന് മണിക്കൂര്‍ ക്ലാസ് കേട്ടപ്പോള്‍ ഒന്നു മനസിലായി. ഈ നിയമം ശരിയായ രീതിയില്‍ നടപ്പാക്കിയാല്‍ കണ്‍സ്യൂമര്‍ക്ക് ശരിയായ വിലയ്ക്ക് ശരിയായ സാധനം കിട്ടുമെന്ന് മാത്രമല്ല, ശരിയായ ഇന്‍വോയ്‌സ് കിട്ടുമ്പോള്‍ രാജ്യത്തെ യഥാര്‍ത്ഥ വില്‍പ്പനയുടെ കണക്കുകളും അതുവഴി ശരിയായ വരുമാനവും പുറത്തുവരും.''

e WAY bill സ്വീകാര്യത കൂട്ടും

ജിഎസ്ടിയുടെ രണ്ടാം ഘട്ടം e WAY bill ആയിരുന്നു. ജിഎസ്ടി നെറ്റ് വര്‍ക്കിന്റെ വീഴ്ച മൂലം ഇത് നടപ്പാക്കുന്നത് മാറ്റിവെച്ചിരിക്കുകയാണ്. ഇത് കുറ്റമറ്റ രീതിയില്‍ നടപ്പാക്കി കഴിഞ്ഞാല്‍ ജിഎസ്ടിയുടെ പ്രസക്തിയും സ്വീകാര്യതയും വര്‍ധിക്കും.

ജിഎസ്ടിയുടെ അടുത്ത പല ഘട്ടങ്ങളുടെയും പ്രവര്‍ത്തന വിജയത്തിന് സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ക്ക് ഇച്ഛാശക്തി വേണം. ഉദ്യോഗസ്ഥര്‍ പ്രതിബദ്ധത കാണിക്കണം. സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മനപൂര്‍വ്വമല്ലാത്ത വീഴ്ചയ്ക്ക് നടപടി സ്വീകരിക്കാതെ സര്‍ക്കാരും ആര്‍ജ്ജവം കാണിക്കണം. ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ക്ക് തീവ്ര പരിശീലനം നല്‍കണം.

ലേഖകന്‍ കേരളത്തിനകത്തും പുറത്തുമായി നടത്തപ്പെടുന്ന ധാരാളം നിയമസംബന്ധിയായ ട്രെയ്‌നിംഗ് പ്രോഗ്രാമുകളില്‍ ട്രെയ്‌നറാണ്. ട്രൈബ്യൂണലുകള്‍, അപ്പീല്‍ ഫോറങ്ങള്‍, ഹൈക്കോടതി എന്നിവിടങ്ങളില്‍ ഹാജരാകുന്ന എറണാകുളത്തെ കെ.എസ് ഹരിഹരന്‍ & അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ സാരഥിയുമാണ്.

Similar News