നികുതി വരുമാനത്തില്‍ നേട്ടവുമായി കേന്ദ്രം; പുതുക്കിയ ബജറ്റ് ലക്ഷ്യത്തെ മറികടന്നു

കോര്‍പ്പറേറ്റ് നികുതി വിഹിതം കുറഞ്ഞു

Update:2024-04-22 17:57 IST

 image:@canva

കേന്ദ്ര സര്‍ക്കാരിന് ആശ്വാസം പകര്‍ന്ന് അറ്റ പ്രത്യക്ഷ നികുതി (Net Direct Tax collections) പിരിവ് 2023-24ല്‍ 17.7 ശതമാനം വര്‍ധിച്ച് 19.58 ലക്ഷം കോടി രൂപയിലെത്തി. വ്യക്തിഗത ആദായനികുതിയിലുണ്ടായ (പി.ഐ.ടി) വര്‍ധനയാണ് ഇതിന് പ്രധാന കാരണം. വ്യക്തിഗത ആദായനികുതിയുടെ വിഹിതം 2022-23ലെ 50.06 ശതമാനത്തില്‍ നിന്ന് 53.3 ശതമാനമായി ഉയര്‍ന്നു.

അതേസമയം കോര്‍പ്പറേറ്റ് നികുതി വിഹിതം 49.6 ശതമാനത്തില്‍ നിന്ന് 46.5 ശതമാനത്തിലേക്ക് കുറഞ്ഞു.പുതുക്കിയ ബജറ്റ് ലക്ഷ്യം അനുസരിച്ച് പ്രതീക്ഷിച്ച അറ്റ പ്രത്യക്ഷ നികുതി 19.45 ലക്ഷം കോടി രൂപയാണ്. നേരിയ തോതിലാണെങ്കിലും പുതുക്കിയ ബജറ്റ് ലക്ഷ്യത്തെ പിരിവ് മറികടന്നു. മാര്‍ച്ച് 17 വരെയുള്ള കാലയളവില്‍ നികുതി പിരിവ് 18.9 ലക്ഷം കോടി രൂപയിലെത്തിയിരുന്നു.

♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം

പിന്നീട് വ്യക്തിഗത ആദായനികുതി, സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്സ് (എസ്.ടി.ടി) എന്നിവ ഉയരുകയാണുണ്ടായത്. അറ്റ പ്രത്യക്ഷ നികുതിയില്‍ 11.32 ലക്ഷം കോടി രൂപയായിരുന്നു കോര്‍പ്പറേറ്റ് നികുതിയെങ്കിലും റീഫണ്ടുകള്‍ക്ക് ശേഷം ഇത് 9.11 ലക്ഷം കോടി രൂപയിലെത്തി. എസ്.ടി.ടി ഉള്‍പ്പെടെ വ്യക്തിഗത ആദായനികുതി 10.44 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

2023-24ലെ മൊത്ത പ്രത്യക്ഷ നികുതി 23.37 ലക്ഷം കോടി രൂപയായിരുന്നു. ഇത് 2022-23ലെ 19.72 ലക്ഷം കോടി രൂപയേക്കാള്‍ 18.5 ശതമാനം കൂടുതലാണ്. ഇതില്‍ പി.ഐ.ടി, എസ്.ടി.ടി എന്നിവയുടെ മൊത്തം പിരിവ് 12.01 ലക്ഷം കോടി രൂപയാണ്. 2023-24ല്‍ നടത്തിയ നികുതി റീഫണ്ടുകള്‍ മുന്‍ സാമ്പത്തിക വര്‍ഷം നല്‍കിയ 3.09 ലക്ഷം കോടിയില്‍ നിന്ന് 22.74 ശതമാനം ഉയര്‍ന്ന് 3.79 ലക്ഷം കോടി രൂപയായതായി ധനമന്ത്രാലയം ചൂണ്ടിക്കാട്ടി.

Tags:    

Similar News