ജി.എസ്.ടി: സംരംഭകര്‍ ഇപ്പോള്‍ ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
സാമ്പത്തിക വര്‍ഷം അവസാനിക്കുന്ന മാര്‍ച്ച് മാസത്തില്‍ ബിസിനസുകാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍
പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ബിസിനസുകാര്‍ ശ്രദ്ധിക്കേണ്ടണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം:
- 2023-24 വര്‍ഷത്തിലെ കണക്ക് പ്രകാരമുള്ള ഔട്ട്വേര്‍ഡ് സപ്ലൈകള്‍ ജി.എസ്.ടി.ആര്‍-1ഉം ജി.എസ്.ടി.ആര്‍-3Bയുമായി ഒത്തുനോക്കുക. വിട്ടുപോയവ ഈ മാസം തന്നെ റിപ്പോര്‍ട്ട് ചെയ്യുക.
- എടുക്കാനുള്ളതും എടുത്തു കഴിഞ്ഞതുമായ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് GSTR2B/2Aയും GSTR3Bയുമായി റീകണ്‍സൈല്‍ ചെയ്തുവയ്ക്കുക.
- ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തിട്ടുള്ള ഇന്‍വേര്‍ഡ് സപ്ലൈകളിന്മേല്‍ സപ്ലയര്‍ക്ക് നല്‍കാനുള്ള പേയ്‌മെന്റ് ഇന്‍വോയ്‌സ് ഇഷ്യൂ ചെയ്ത് 180 ദിവസങ്ങള്‍ക്കുള്ളില്‍ നല്‍കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക.
- ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തിട്ടുള്ള എല്ലാ ഇന്‍വേര്‍ഡ് സപ്ലൈകളുടെയും ഇന്‍വോയ്‌സ്/ഡെബിറ്റ് നോട്ട് നമ്മുടെ കൈവശം ഉണ്ടെന്ന് ഉറപ്പുവരുത്തണം.
- സി.ജി.എസ്.ടി ആക്റ്റിന്റെ സെക്ഷന്‍ 16 (2)ന്റെ ഇപ്പോഴുള്ള സ്ഥിതി പ്രകാരം ഗുഡ്‌സ്/സര്‍വീസ് സപ്ലൈ ചെയ്ത സപ്ലയര്‍ അയാളുടെ ജി.എസ്.ടി.ആര്‍-1ല്‍ ആ ഇടപാട് രേഖപ്പെടുത്തുകയും അയാളുടെ ജി.എസ്.ടി.ആര്‍-3Bയില്‍ ആ ഇടപാട് രേഖപ്പെടുത്തി നികുതിയടയ്ക്കുകയും ആ ഇടപാട് നമ്മുടെ ജി.എസ്.ടി.ആര്‍-2A/2Bയില്‍ പ്രതിഫലിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ നമുക്ക് ആ സപ്ലൈയിന്മേല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍ അനുവാദമുള്ളൂ. സപ്ലയറുടെ ജി.എസ്.ടി.ആര്‍1ലോ ജി.എസ്.ടി.ആര്‍ 3Bയിലോ രേഖപ്പെടുത്താതെപോയതോ നമ്മുടെ ജി.എസ്.ടി.ആര്‍-2A/2BÂ പ്രതിഫലിച്ചു വരാത്തതോ ആയ ഏതെങ്കിലും സപ്ലൈയിന്മേല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുത്തിട്ടുണ്ടെങ്കില്‍, ഒന്നുകില്‍ സപ്ലയറെക്കൊണ്ട് അത് രേഖപ്പെടുത്തിക്കുക. അതിന് സാധിക്കാത്ത പക്ഷം ആ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് റിവേഴ്‌സ് ചെയ്ത് പ്രശ്‌നം ഒഴിവാക്കുക. ഇല്ലെങ്കില്‍ ഭാവിയില്‍ വന്‍ പലിശയും പിഴയും സഹിതം ഡിപ്പാര്‍ട്ട്‌മെന്റ് ആ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് തുക തിരിച്ച് അടപ്പിക്കുന്നതാണ്.
- ഗുഡ്‌സ്/സര്‍വീസ് സപ്ലൈ ചെയ്ത ഏതെങ്കിലും സപ്ലയര്‍മാരുടെ ജി.എസ്.ടി രജിസ്‌ട്രേഷന്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ റദ്ദ് ചെയ്യപ്പെട്ടിട്ടുണ്ടേണ്ടായെന്ന് നോക്കുക. അങ്ങനെയുണ്ടണ്ടായിട്ടുണ്ടെങ്കില്‍ അയാളില്‍നിന്നുള്ള ഇന്‍വേര്‍ഡ് സപ്ലൈകളിന്മേല്‍ എടുത്ത ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പലിശ സഹിതം റിവേഴ്‌സ് ചെയ്യാന്‍ വാങ്ങിയ ആള്‍ ബാധ്യസ്ഥരാണ്.
- ഫിനാന്‍സ് ആക്റ്റ്, 2023ലൂടെ സി.ജി.എസ്.ടി ആക്റ്റിന്റെ സെക്ഷന്‍ 38ല്‍ വരുത്തപ്പെട്ട മാറ്റം ഏപ്രില്‍ 2023 മുതല്‍ പ്രാബല്യത്തിലുണ്ട്. പുതിയ രൂപത്തിലുള്ള സെക്ഷന്‍ 38, ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാനുള്ള പ്രക്രിയയ്ക്കു മേല്‍ കൂടുതല്‍ നിഷ്‌കര്‍ഷകളും നിബന്ധനകളും ചുമത്തുന്നുണ്ട്. 2024 ഏപ്രില്‍ 1 മുതല്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കുന്ന നികുതി ദായകര്‍ ഈ മാറ്റം ശ്രദ്ധയില്‍ വെച്ചുകൊണ്ട് വേണം ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് എടുക്കാന്‍.
- അടുത്ത സാമ്പത്തിക വര്‍ഷം (2024-25) മുതല്‍ ഏതെങ്കിലും നികുതിദായകര്‍ QRMP സ്‌കീം തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, അല്ലെങ്കില്‍ QRMP സ്‌കീം തിരഞ്ഞെടുത്തിരിക്കുന്നവര്‍ QRMP സ്‌കീമിന് പുറത്തുകടക്കാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍, 30 ഏപ്രില്‍ 2024ന് മുമ്പ് അപ്രകാരമുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടതാണ്.
- ഒന്നരക്കോടി രൂപയേക്കാള്‍ താഴെ ടേണോവറുള്ള വ്യക്തികള്‍ കോംപൊസിഷന്‍ സ്‌കീം തിരഞ്ഞെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, അവര്‍ 31 മാര്‍ച്ച് 2024നു മുമ്പു തന്നെ FORM GST CMP-02 എന്ന ഫോര്‍മാറ്റിലുള്ള അപേക്ഷ സമര്‍പ്പിച്ച് കോംപൊസിഷന്‍ സ്‌കീം തിരഞ്ഞെടുക്കേണ്ടതാണ്.
- 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഐ.ജി.എസ്.ടി അടയ്ക്കാതെ ഗുഡ്‌സ്/സര്‍വീസ് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ 2024 മാര്‍ച്ച് 31ന് മുമ്പുതന്നെ ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ് (LUT) ഓണ്‍ലൈനായി ഫയല്‍ ചെയ്യുക. സ്‌പെഷ്യല്‍ എക്കണോമിക് സോണുകളിലേക്ക് (SEZ) ഉള്‍പ്പെടെ IGST അടയ്ക്കാതെ എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇത് ബാധകമാണ്.
- ഫോര്‍വേര്‍ഡ് ചാര്‍ജ് അടിസ്ഥാനത്തില്‍ ജി.എസ്.ടി അടയ്ക്കാന്‍ ആഗ്രഹിക്കുന്ന ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി (GTA) സേവനദാതാക്കള്‍, അവര്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്യാതെ ജി.എസ്.ടി അടയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണെങ്കിലും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ക്ലെയിം ചെയ്തുകൊണ്ട് ജി.എസ്.ടി അടയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണെങ്കിലും മാര്‍ച്ചില്‍ തന്നെ അപേക്ഷിക്കേണ്ടതാണ്.
- ജോബ് വര്‍ക്കിനായി സാധനങ്ങള്‍ അയച്ചുകൊടുത്തിട്ടുള്ള വ്യക്തികള്‍ സമയാസമയം ITC04 എന്ന രേഖ സമര്‍പ്പിക്കേണ്ടതാണ്. അഞ്ച് കോടി രൂപ വരെ ടേണോവര്‍ ഉള്ളവര്‍ വാര്‍ഷികാടിസ്ഥാനത്തിലും അഞ്ച് കോടി രൂപയേക്കാള്‍ കൂടുതല്‍ ടേണോവര്‍ ഉള്ളവര്‍ അര്‍ധവര്‍ഷാടിസ്ഥാനത്തിലും ITC04 സമര്‍പ്പിക്കേണ്ടതാണ്. വര്‍ഷം/അര്‍ധവര്‍ഷം അവസാനിച്ചതിനു ശേഷം വരുന്ന മാസത്തിന്റെ 25-ാം തീയതിയ്ക്കുള്ളിലാണ് ITC04 സമര്‍പ്പിക്കേണ്ടത്.
- 2017-2018 മുതല്‍ 2023-2024 വരെ ഏതെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍, ഒരു പാനില്‍ (PAN) രാജ്യത്താകമാനമുള്ള ജി.എസ്.ടി രജിസ്‌ട്രേഷനുകളില്‍ മൊത്ത വാര്‍ഷിക വിറ്റുവരവ് (Aggregate Turnover) അഞ്ച് കോടി കടന്നിട്ടുള്ള നികുതിദായകര്‍ നിബന്ധനകള്‍ക്കനുസൃതമായി 2024 ഏപ്രില്‍ 1 മുതല്‍ സാധനങ്ങളുടെയോ സേവനങ്ങളുടെയോ സപ്ലൈയുമായി ബന്ധപ്പെട്ട എല്ലാ ബിസിനസ്-ടു-ബിസിനസ് (B 2 B) ഇടപാടുകളില്‍ നിര്‍ബന്ധമായും ഇ-ഇന്‍വോയ്‌സിംഗ് ചെയ്യേണ്ടതാണ്. ഇ-ഇന്‍വോയ്‌സിംഗ് ബാധ്യതയുള്ള വ്യാപാരി അത് നടത്തിയില്ലെങ്കില്‍ സ്വീകര്‍ത്താവിന് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയുണ്ടാവുകയില്ല.
- റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍വേര്‍ഡ് സപ്ലൈയിന്മേല്‍ ജി.എസ്.ടി അടയ്ക്കാന്‍ ബാധ്യത വന്നിട്ടുള്ള ഏതെങ്കിലും ഇടപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുക. സര്‍വീസുകളുടെ ഇംപോര്‍ട്ട്, അഡ്വക്കേറ്റ് ഫീസ്, ടാക്‌സി റെന്റല്‍ സര്‍വീസ് ചാര്‍ജുകള്‍, വാണിജ്യാവശ്യത്തിനു വേണ്ടി വീട് വാടകയ്ക്ക് എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വാടക, തുടങ്ങിയവ റിവേഴ്‌സ് ചാര്‍ജ് മെക്കാനിസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സ്വീകര്‍ത്താവിന് ജി.എസ്.ടി അടയ്ക്കാന്‍ ബാധ്യത വരുന്ന ഇടപാടുകളാണ്. അപ്രകാരമുള്ള ഏതെങ്കിലും സപ്ലൈയിന്മേല്‍ റിവേഴ്‌സ് ചാര്‍ജ് അടിസ്ഥാനത്തില്‍ ജി.എസ്.ടി അടയ്ക്കാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ മാര്‍ച്ച് 31ന് മുമ്പായി അതെല്ലാം അടച്ചുതീര്‍ക്കുക.
- അതാത് ദിവസം കണക്കുകള്‍ രേഖപ്പെടുത്തുക.
- ഏപ്രില്‍ 1 2024 മുതല്‍ പുതിയ യുണീക്ക് സീരീസില്‍ ഇന്‍വോയ്‌സ് എഴുതി തുടങ്ങേണ്ടതാണ്. Example : 001/202425 etc.
- ഏതെങ്കിലും വ്യക്തികള്‍ സി.ജി.എസ്.ടി ആക്റ്റിന്റെ സെക്ഷന്‍ 17 (5) പ്രകാരം ബ്ലോക്ക് ചെയ്യപ്പെട്ടതായ ഏതെങ്കിലും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അബദ്ധത്തിലോ തെറ്റിദ്ധാരണയുടെ പുറത്തോ എടുത്തുപോയിട്ടുണ്ടെങ്കില്‍ അത് റിവേഴ്‌സ് ചെയ്യേണ്ടതാണ്.
- ജി.എസ്.ടിയുടെ TDS അല്ലെങ്കില്‍ TCS ബാധകമായവര്‍ തങ്ങളുടെ ടേണോവര്‍, TDS, TCS എന്നിവ, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫോം 26AS പോലുള്ള റെക്കോര്‍ഡുകളുമായി താരതമ്യം ചെയ്യുകയും ഇന്‍വേര്‍ഡ് സപ്ലയര്‍മാരുടെയും ഔട്ട് വേര്‍ഡ് സപ്ലയര്‍മാരുടെയും കണക്കുകളുടെ സ്റ്റേറ്റ്‌മെന്റ് വാങ്ങി ഒത്തുനോക്കി ഇടപാടുകള്‍ യഥാവിധി രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുകയും ചെയ്യണം.
- ഇ-വേ ബില്ലും ഇന്‍വേര്‍ഡ് സപ്ലൈയുമായും ഔട്ട്വേര്‍ഡ് സപ്ലൈയുമായും ബന്ധപ്പെട്ട ഇടപാടുകള്‍ പരസ്പരം ഒത്തുനോക്കി എന്തെങ്കിലും ന്യൂനതകളുണ്ടെങ്കില്‍ പരിഹരിക്കണം.
- കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുക. എല്ലാ രേഖകളും പരസ്പരം ഒത്തുപോകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. കൃത്യമായ കണക്കുകളുടെ പിന്‍ബലത്തോടെ റിട്ടേണുകള്‍ സമര്‍പ്പിക്കുക.
- മാര്‍ച്ച് 31ലെ യഥാര്‍ത്ഥ ഫിസിക്കല്‍ സ്റ്റോക്ക്, വര്‍ക്ക് ഇന്‍ പ്രോഗ്രസ് എന്നിവയും കണക്കിലെ സ്റ്റോക്ക്, വര്‍ക്ക് ഇന്‍ പ്രോഗ്രസ് എന്നിവയുമായി യാതൊരു വ്യത്യാസവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
- 2023-24 സാമ്പത്തിക വര്‍ഷത്തിലെ എല്ലാ ഡെബിറ്റ് നോട്ടുകളും ക്രെഡിറ്റ് നോട്ടുകളും മാര്‍ച്ച് മാസത്തിലെ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ തന്നെ സെറ്റ് ഓഫ് ചെയ്യേണ്ടതാണ്.
മേല്‍പ്പറഞ്ഞവ കൂടാതെ ആദായ നികുതിയുമായി ബന്ധപ്പെട്ട് 26AS, AIS തുടങ്ങിയ ഇന്‍കം ടാക്‌സ് പോര്‍ട്ടലിലെ നികുതിദായകനുമായി ബന്ധപ്പെട്ട ഫോമുകള്‍, മറ്റു കണക്കുകള്‍ എന്നിവ ഒത്തുനോക്കേണ്ടതാണ്.
കമ്പനികളെ സംബന്ധിച്ച് ഇന്‍കം ടാക്സ് നിയമത്തിലെ Sec .43 B (h) എന്ന നിയമം 01-04 -2024 മുതല്‍ പ്രാബല്യത്തില്‍ വരുകയാണ്. അതനുസരിച്ചു എം.എസ്.എം.ഇയില്‍ നിന്നും വാങ്ങുന്ന സാധനങ്ങള്‍/സേവനങ്ങള്‍ക്ക് 45 ദിവസത്തിനുള്ളില്‍ പേയ്‌മെന്റ് നല്‍കണമെന്ന് വ്യവസ്ഥ ഉണ്ട്. ഇത് പ്രത്യേകം ശ്രദ്ധിക്കുക.
(തയ്യാറാക്കിയത്: അഡ്വ. കെ.എസ്. ഹരിഹരന്‍ കേരള ഹൈക്കോടതിയിലെ അഭിഭാഷകനും ജി.എസ്.ടി ഉള്‍പ്പെടെയുള്ള ബിസിനസ് നിയമങ്ങളുടെ ഉപദേശകനുമാണ്. എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന K.S Hariharan & Asosciatesന്റെ സാരഥിയും 'GST നിയമങ്ങള്‍ മലയാളത്തില്‍' എന്ന പുസ്തകത്തിന്റെ രചയിതാവും കൂടിയാണ് ലേഖകന്‍.Ph:98462 27555, 98950 69926).