ജി.എസ്.ടി ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങാന്‍ ചാര്‍ട്ടേഡ് അക്കൗണ്ട്ന്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട്

Update: 2019-11-19 05:19 GMT

ചരക്കു സേവന നികുതി (ജി.എസ്.ടി) സേവനങ്ങള്‍ ലഭ്യമാക്കാന്‍ രാജ്യവ്യാപകമായി 150 ഹെല്‍പ്പ് ഡെസ്‌കുകള്‍ ആരംഭിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റസ് ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പ്രഫുല്ല ഛജേദ്. ജി.എസ്.ടി നടപ്പാക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

ആഗോളസാമ്പത്തിക മാന്ദ്യത്തിലും സ്ഥിതി കൂടുതല്‍ വഷളാകാത്ത ഏതാനും രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പ്രഫുല്ല പറഞ്ഞു. സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചിട്ടുണ്ട്. എങ്കിലും വിദേശ നിക്ഷേപം ലഭിക്കുന്നതില്‍ രാജ്യത്തിന് മുന്നേറ്റമുണ്ട്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ വിശ്വാസ്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റസ് ഒഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രഫുല്ല ഛജേദ് കൊച്ചിയിലെത്തിയത്. ഇംഗ്‌ളണ്ട് ഉള്‍പ്പെടെ രാജ്യങ്ങള്‍ സി.എ കോഴ്‌സിനെ ബിരുദാനന്തര ബിരുദത്തിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. യോജിച്ച പ്രവര്‍ത്തനത്തിന് കുവൈറ്റ് അക്കൗണ്ടന്റ്‌സ് ആന്‍ഡ് ഓഡിറ്റേഴ്‌സ് അസോസിയേഷനുമായി ധാരണാപത്രം ഒപ്പിട്ടു.

സി.എ പഠനം ആധുനികവും കൂടുതല്‍ ലളിതവുമാക്കുമെന്ന് പ്രഫുല്ല അറിയിച്ചു. അവസാന പരീക്ഷയില്‍ ഒബ്ജക്ടീവ് ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തും. ജമ്മുവിലും ലഡാക്കിലും കേന്ദ്രങ്ങള്‍ ആരംഭിക്കും. ഓണ്‍ലൈനില്‍ പഠിക്കാന്‍ വെര്‍ച്വല്‍ ക്‌ളാസുകള്‍ ആരംഭിച്ചിട്ടുണ്ട് ഡിജിറ്റല്‍ ലേണിംഗ് ഹബിലൂടെ ഇ ബുക്കുള്‍പ്പെടെ പഠനസാമഗ്രികള്‍ ലഭ്യമാക്കും.

സിഎ ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കായി എലക്ടീവ് വിഷയങ്ങളില്‍ ഓപ്പണ്‍ പരീക്ഷ ഐസിഎഐ അവതരിപ്പിച്ചു. പരീക്ഷാ ഹാളിലേക്ക് പഠന സാമഗ്രികള്‍, പ്രാക്ടീസ് മാനുവല്‍, പാഠപുസ്തകങ്ങള്‍, കുറിപ്പുകള്‍ എന്നിവ കൊണ്ടുവരാന്‍ അനുവദിക്കും. എങ്കിലും മൊബൈല്‍ ഫോണുകള്‍ക്കും സമാനമായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും വിലക്കുണ്ടാകുമെന്ന് പ്രഫുല്ല പറഞ്ഞു.

അടുത്തിടെ രാജ്യത്തു നടന്ന ക്യാമ്പസ് പ്ലേസ്‌മെന്റ് പ്രോഗ്രാമുകളിലൂടെ 1,994 പുതിയ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് പ്ലേസ്മെന്റ് വാഗ്ദാനം ലഭിച്ചു. ആഭ്യന്തര പ്ലേസ്മെന്റിന് ഏറ്റവും ഉയര്‍ന്ന ശമ്പളം 24 ലക്ഷം രൂപയാണ്. അന്താരാഷ്ട്ര പോസ്റ്റിംഗിന് 36 ലക്ഷവും.

അക്കൗണ്ടിംഗ് രംഗത്തെ അന്താരാഷ്ട്ര സംഘടനയായ ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഒഫ് അക്കൗണ്ടന്റ്‌സിന്റെ ആഗോളസമ്മേളനം 2022 നവംബറില്‍ മുംബൈയില്‍ നടക്കും. 130 രാജ്യങ്ങളിലെ 6000 പ്രതിനിധികള്‍ പങ്കെടുക്കുമെന്നും പ്രഫുല്ല അറിയിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News