വ്യാജ കമ്പനികള്‍ ഇനി പെടും, പുതിയ നിയമ മാറ്റമിതാ
കമ്പനി (രൂപീകരണ) ചട്ടത്തിലെ രജിസ്റ്റേര്‍ഡ് ഓഫീസുകളുടെ പരിശോധനയിലെ മാറ്റങ്ങള്‍ എന്തൊക്കെ, അറിയാം
ഓഗസ്റ്റ് 18നാണ് കമ്പനി (രൂപീകരണ) ഭേദഗതി റൂള്‍സ് 2022 നിലവില്‍ വന്നത്. ഇതനുസരിച്ച് കമ്പനികളുടെ രജിസ്റ്റേര്‍ഡ് ഓഫീസുകളുടെ പരിശോധനയ്ക്ക് ഒരു നടപടിക്രമവും തയ്യാറാക്കിയിട്ടുണ്ട്. നിലവില്‍ പല കമ്പനികളും കമ്പനി വകുപ്പിന്റെ MCA പോര്‍ട്ടലില്‍ രജിസ്‌റ്റേര്‍ഡ് ഓഫീസുകളുടെ മേല്‍വിലാസം നല്‍കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ഓഫീസുകള്‍ പ്രസ്തുത മേല്‍വിലാസത്തില്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത്തരത്തിലുണ്ടാകുന്ന പാകപ്പിഴകള്‍ ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ ഭേദഗതി നിലവില്‍ വന്നത്.
മേല്‍പ്രസ്താവിച്ച ഭേദഗതി അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും സംശയം തോന്നിയാല്‍ കമ്പനി രജിസ്ട്രാര്‍ക്ക് കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ് പരിശോധിക്കുവാന്‍ കഴിയുന്നതാണ്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമമാണ് ഓഗസ്റ്റ് 18 ാം തീയ്യതി മുതല്‍ നിലവില്‍ വന്ന റൂള്‍സില്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. പരിശോധനാ റിപ്പോര്‍ട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം, പരിശോധന ഏത് തരത്തില്‍ വേണം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിരിക്കുന്നു. ഇനി മുതല്‍ കമ്പനി രജിസ്ട്രാറുടെ വിവേചനാധികാരം ഉപയോഗിച്ച് രജിസ്‌റ്റേര്‍ഡ് ഓഫീസിന്റെ പരിശോധന സാധ്യമാവുന്നതല്ല. മറിച്ച് രണ്ട് പ്രദേശവാസികളുടെ ഒപ്പ് (സാക്ഷികളായി) പരിശോധന സമയത്ത് കമ്പനി രജിസ്ട്രാര്‍ വാങ്ങിച്ചിരിക്കണം.
ആവശ്യമെങ്കില്‍ സ്ഥലത്തെ പോലീസിന്റെ സഹായത്തോടെ കമ്പനിയുടെ രജിസ്റ്റേര്‍ഡ് ഓഫീസ് പരിശോധിക്കുവാന്‍ കഴിയുന്നതാണ്. മേല്‍ സാഹചര്യത്തില്‍ വ്യാജമേല്‍വിലാസമുള്ള കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണ്. കമ്പനി രജിസ്ട്രാര്‍ രജിസ്‌റ്റേര്‍ഡ് ഓഫീസ് പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ താഴെ പറയുന്ന വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം.
(1) കമ്പനിയുടെ പേരും സിഐഎന്നും
(2) കമ്പനി വകുപ്പിന്റെ രേഖകളിലുള്ള രജിസ്റ്റേര്‍ഡ് ഓഫീസിന്റെ മേല്‍വിലാസം
(3) രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ അധികാരപത്രത്തിന്റെ തീയ്യതി
(4) രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ പേര്
(5) പരിശോധനാ തീയതിയും സമയവും
(6) ലൊക്കേഷന്‍ വിവരങ്ങള്‍
(7) പരിശോധനാ സമയത്ത് ഹാജരായ വ്യക്തികളുടെ വിവരങ്ങള്‍
(8) ബന്ധപ്പെട്ട രേഖകള്‍
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel