ഡോളറിനോട് പൊരുതാന്‍ കയറ്റുമതി കൂട്ടണം, നികുതി കുറക്കണം; നിര്‍ദേശങ്ങളുമായി ജിടിആര്‍ഐ
ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ പ്രോല്‍സാഹനം വേണം;
ഡോളറിന് മുന്നില്‍ തളരുന്ന ഇന്ത്യന്‍ രൂപയെ ശക്തിപ്പെടുത്താന്‍ ആഭ്യന്തര ഉല്‍പാദനവും കയറ്റുമതിയും കൂട്ടണമെന്ന നിര്‍ദേശവുമായി ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവ് കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. കയറ്റുമതി നികുതി 10 ശതമാനം കുറക്കുക, സ്ലാബുകളുടെ എണ്ണം അഞ്ചായി കുറക്കുക, അസംസ്‌കൃത വസ്തുക്കള്‍ക്ക് കൂടിയ നികുതി ചുമത്തുന്നത് അവസാനിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ജിടിആര്‍ഐ മുന്നോട്ടു വെച്ചിട്ടുണ്ട്. ഉയര്‍ന്ന നികുതി, 60 ശതമാനം കയറ്റുമതി മേഖലയെയും ബാധിച്ചതായും കയറ്റുമതി വഴിയുള്ള സര്‍ക്കാരിന്റെ വരുമാനം കുറയുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
നികുതി വരുമാനം 6.4 ശതമാനം മാത്രം
കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനത്തില്‍ കയറ്റുമതിയില്‍ നിന്നുള്ളത് 6.4 ശതമാനം മാത്രമാണ്. ആദായ നികുതി വരുമാനം (29.7 ശതമാനം), ജിഎസ്ടി (27.8), കോര്‍പ്പറേറ്റ് നികുതി (26.8) എന്നിവയെ അപേക്ഷിച്ച് കയറ്റുമതി നികുതി വരുമാനം വളരെ കുറവാണ്. നികുതികള്‍ കുറച്ച്, ആഭ്യന്തര ഉല്‍പാദനം കൂട്ടിയും കയറ്റുമതി പ്രോല്‍സാഹിപ്പിച്ചും ഈ മേഖലയില്‍ വളര്‍ച്ചയുണ്ടാക്കണമെന്നും ജിടിആര്‍ഐ നിര്‍ദേശിച്ചു. ഇറക്കുമതി ചെയ്യുന്ന വ്യാവസായിക യന്ത്രങ്ങള്‍ക്ക് നികുതിയിളവ് നല്‍കുന്നത് ആഭ്യന്തര യന്ത്ര നിര്‍മാതാക്കള്‍ക്ക് തിരിച്ചടിയാണ്. കസ്റ്റംസ് കാര്‍ഗോ മേഖലയിലെ സേവനദാതാക്കള്‍ക്കുള്ള നികുതിയിളവ് അടുത്ത ബജറ്റില്‍ പരിഗണിക്കണം. നികുതി സ്ലാബുകളുടെ എണ്ണം കുറച്ച് നടപടി ക്രമങ്ങള്‍ ലഘൂകരിക്കണമെന്നും ജിടിആര്‍ഐ ആവശ്യപ്പെട്ടിട്ടുണ്ട്.