നികുതി നിയമത്തിലെ അനീതി: 20 രൂപ കുറവ് വന്നാലും 20,000 രൂപ പിഴ നല്‍കണോ?

സി.ജി.എസ്.ടി., ഐ.ജി.എസ്.ടി നിയമങ്ങളിലുള്ളത് കടപ്പുമേറിയ ശിക്ഷാനടപടികള്‍; 10 രൂപയുടെ വ്യത്യാസം റിട്ടേണില്‍ വന്നുപോയാല്‍പ്പോലും 20,000 രൂപ പിഴയിനത്തില്‍ അടയ്ക്കേണ്ടി വരും

Update: 2023-10-15 05:15 GMT

Image : Canva

അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കുക, അല്ലാത്തവരോട് ക്ഷമിക്കുക എന്നതാണ് നീതി. പക്ഷേ, നികുതി നിയമങ്ങളില്‍, പ്രത്യേകിച്ച് ജി.എസ്.ടി നിയമത്തില്‍ ഈ നീതി ലഭ്യമല്ല. ജി.എസ്.ടി നിയമവ്യവസ്ഥയില്‍, റിട്ടേണ്‍, അടയ്ക്കുന്ന നികുതി, എടുക്കുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ്, ക്ലെയിം ചെയ്യുന്ന റീഫണ്ട് തുക എന്നിവയില്‍ എന്തെങ്കിലും തെറ്റ് വന്നാല്‍, ആ തെറ്റ് മനഃപൂര്‍വം ചെയ്തതാണെങ്കിലും അബദ്ധത്തില്‍ സംഭവിച്ചുപോയതാണെങ്കിലും ശിക്ഷ ലഭിക്കും.

അറിയാതെ പോലും ഒരു നികുതിദായകന്‍ നികുതി കാര്യങ്ങളില്‍ തെറ്റ് വരുത്തിക്കൂടാ എന്ന നിര്‍ബന്ധബുദ്ധി ഉള്ളതിനാലാണ് അറിയാതെ വരുത്തുന്ന തെറ്റുകള്‍ക്ക് പോലും ശിക്ഷ നല്‍കാന്‍ ജി.എസ്.ടി നിയമം വ്യവസ്ഥചെയ്യുന്നത്. എങ്കിലും നീതിയെ കരുതി ഒരു കാര്യം ജി.എസ്.ടി നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനഃപൂര്‍വമല്ല തെറ്റു വരുത്തിയത് എന്ന് നികുതിദായകന് തെളിയിക്കാന്‍ സാധിച്ചാല്‍ CGST/SGST ആക്റ്റുകളിലെ സെക്ഷന്‍ 73 പ്രകാരമുള്ള കടുപ്പം കുറഞ്ഞ ശിക്ഷാ നടപടികളായിരിക്കും ആ നികുതിദായകനു മേല്‍ എടുക്കുക. തെറ്റ് മനഃപൂര്‍വമായിരുന്നില്ല എന്ന് നികുതിദായകന് തെളിയിക്കാന്‍ സാധിക്കാതെ വരുന്ന പക്ഷം, CGST/SGST ആക്റ്റുകളിലെ സെക്ഷന്‍ 74 പ്രകാരമുള്ള കടുപ്പം കൂടിയ ശിക്ഷാനടപടികളായിരിക്കും ആ നികുതിദായകനു മേല്‍ എടുക്കുക.
ചെറിയ ശിക്ഷയല്ല
സെക്ഷന്‍ 73 കടുപ്പം കുറഞ്ഞ ശിക്ഷയാണ് നിഷ്‌കര്‍ഷിക്കുന്നതെങ്കിലും, ആ ശിക്ഷ പോലും അത്ര ചെറുതല്ല. അടയ്ക്കുന്ന നികുതിയില്‍ എന്തെങ്കിലും കുറവോ, എടുക്കുന്ന ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിലോ ക്ലെയിം ചെയ്യുന്ന റീഫണ്ട് തുകയിലോ എന്തെങ്കിലും കൂടുതലോ വന്നുപോയാല്‍, അപ്രകാരം വ്യത്യാസം വന്ന തുകയുടെ 10 ശതമാനമോ 10,000 രൂപയോ (ഏതാണോ കൂടുതല്‍, അത്രയും രൂപ) പിഴയായി സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ നികുതിദായകന്‍ ബാധ്യസ്ഥനാണ് എന്നാണ് സെക്ഷന്‍ 73(9)ല്‍ പറയുന്നത്.
സ്വയം വിയിരുത്തല്‍ ആയി അടയ്ക്കേണ്ട തുകയ്ക്കും അതിന്റെ പലിശയ്ക്കും പുറമേയാണ് ഈ നിര്‍ബന്ധമായ (mandatory) പിഴ ഒടുക്കേണ്ടത്. CGST ആക്റ്റ് പറയുന്ന 10,000 രൂപയും SGST/UTGST ആക്റ്റ് പറയുന്ന 10,000 രൂപയും ചേര്‍ക്കുമ്പോള്‍, മനഃപൂര്‍വമല്ലാത്ത തെറ്റ് വരുത്തിയ നികുതിദായകര്‍ കുറഞ്ഞ പക്ഷം 20,000 രൂപ, പിഴയിനത്തില്‍ സര്‍ക്കാരിലേക്ക് അടയ്ക്കേണ്ടതായി വരുന്നതാണ്. 10 രൂപയുടെ വ്യത്യാസം റിട്ടേണില്‍ വന്നുപോയാല്‍പ്പോലും 20,000 രൂപ പിഴയിനത്തില്‍ അടയ്ക്കേണ്ടി വരും എന്ന് സാരം. ആക്റ്റില്‍ വ്യക്തമായ വാക്കുകളില്‍ ഇക്കാര്യം നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതുകൊണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഈ പിഴത്തുക കുറച്ചു നല്‍കാനും സാധ്യമല്ല.
മനഃപൂര്‍വം തെറ്റ് ചെയ്താല്‍ ശിക്ഷ കടുക്കും
മനഃപൂര്‍വം തെറ്റ് ചെയ്യുന്ന വ്യക്തികള്‍ക്കു മേല്‍ സെക്ഷന്‍ 74 പ്രകാരമുള്ള പിഴയാണ് ചുമത്തുക. ഈ പിഴത്തുകയ്ക്ക് സെക്ഷന്‍ 74ല്‍ പരിധിയൊന്നും പ്രസ്താവിച്ചിട്ടില്ല. അടയ്ക്കേണ്ട നികുതിക്ക് തുല്യമായ തുക പിഴയായി ഒടുക്കണം എന്നതില്‍നിന്ന് താഴെ പോകുന്ന പ്രശ്നവുമില്ല. അതിനാല്‍ മനഃപൂര്‍വമുള്ള തെറ്റുകളുടെ പേരില്‍ വേണമെങ്കില്‍ വന്‍ തുക വരെ പിഴ ചുമത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
ജി.എസ്.ടി നിയമത്തിന്റെ ഈ കര്‍ക്കശ നിലപാടില്‍ നിന്ന് ബിസിനസുകാര്‍ പഠിക്കേണ്ട കാര്യം, റിട്ടേണ്‍ സമര്‍പ്പിക്കാന്‍ നേരത്തോ റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞിട്ടോ കണക്കുകള്‍ ശരിയാക്കാന്‍ പോകുന്ന രീതി ജി.എസ്. ടിയില്‍ വന്‍ ബാധ്യതകള്‍ക്ക് വഴിവെയ്ക്കും എന്നതാണ്. ഓരോ ദിവസത്തെയും കണക്കുകള്‍ കൃത്യമായും സത്യസന്ധമായും രേഖപ്പെടുത്തി സൂക്ഷിച്ചാല്‍ മാത്രമേ തെറ്റു കൂടാതെ റിട്ടേണുകള്‍ സമര്‍പ്പിക്കാനും നികുതിയടയ്ക്കാനും ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് എടുക്കാനും റീഫണ്ടുകള്‍ ക്ലെയിം ചെയ്യാനും സാധിക്കുകയുള്ളൂ.
അല്ലാത്ത പക്ഷം ഓരോ തെറ്റിനും 20,000 എന്ന കണക്കില്‍ പിഴയൊടുക്കിക്കൊണ്ടേ ഇരിക്കേണ്ടതായി വരും. അനാവശ്യ ചെലവുകള്‍ ചുരുക്കി ലാഭം കൂട്ടാന്‍ ആണല്ലോ വിവേകമുള്ള ഏതൊരു സംരംഭകനും ശ്രമിക്കേണ്ടത്. ആ ദിശയിലുള്ള ഒന്നാമത്തെ നടപടിയായി കണക്കുകള്‍ കൃത്യമായി പരിപാലിക്കുന്ന പ്രവൃത്തിയെ സംരംഭകര്‍ കാണണം. ഇല്ലെങ്കില്‍ കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പിഴയായി കൊടുത്തുകൊണ്ടിരിക്കേണ്ടി വരും എന്ന് മനസിലാക്കുക.

(This article was originally published in Dhanam Magazine October 15th issue)

Tags:    

Similar News