സാമ്പത്തിക വര്‍ഷം അവസാനിക്കാറാകുമ്പോള്‍ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള പല വഴികള്‍ തേടുകയും അബദ്ധങ്ങളില്‍ ചെന്നു ചാടുകയും ചെയ്യുന്നവരാണ് പലരും. നിശ്ചിത വരുമാനത്തില്‍ കൂടുതലുള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി നല്‍കിയിരിക്കണം.
എന്നാല്‍ ആദായനികുതി വകുപ്പ് തന്നെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള വഴികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. നേരത്തെ തന്നെ ആസൂത്രണം ചെയ്താല്‍ നിയമവിധേയമായി തന്നെ നികുതിയില്‍ നിന്ന് ഒഴിവാകാനോ നികുതിയിളവ് നേടാനോ കഴിയും.
നികുതി ഒഴിവും നികുതി കിഴിവും
സാധാരണ നികുതി ദായകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്ന പദങ്ങളാണ് നികുതി ഒഴിവും നികുതി കിഴിവും. നികുതി ബാധ്യത ഇല്ലാത്തതും മൊത്തവരുമാനത്തിന്റെ ഭാഗമായി വരാത്തതുമായ വരുമാനങ്ങള്‍ക്കാണ് നികുതി ഒഴിവ് ലഭിക്കുന്നത്. ഉദാഹരണം: വീട്ടുവാടക ബത്ത, കാര്‍ഷിക വരുമാനം തുടങ്ങിയവ.
മൊത്തവരുമാനത്തില്‍ നിന്ന് നികുതി ഇളവുകള്‍ക്കു വേണ്ടി നിക്ഷേപിക്കുകയോ ചെലവഴിക്കുകയോ ചെയ്യുന്ന തുകയ്ക്കാണ് നികുതി കിഴിവ് ലഭിക്കുക. എല്‍ഐസി പ്രീമിയം, മെഡിക്ലെയിം പ്രീമിയം, ട്യൂഷന്‍ ഫീസ്, പിഎഫ് തുടങ്ങിയവ ഉദാഹരണം. നികുതി ഒഴിവ് വരുമാനങ്ങള്‍ക്കും നികുതി കിഴിവ്
ചെലവുകള്‍ക്കുമാണെന്നു സാരം.
ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍
എല്ലാ നിക്ഷേപമാര്‍ഗങ്ങളിലും ഒളിഞ്ഞിരിക്കുന്ന കുറേ കാര്യങ്ങളുമുണ്ടാകുമെന്ന് അറിഞ്ഞിരിക്കണം. ഉദാഹരണത്തിന് ഭവന വായ്പയുടെ പ്രീമിയത്തിന്മേല്‍ നികുതിയിളവ് ലഭിക്കുമെങ്കിലും അറ്റകുറ്റപ്പണികള്‍ക്കായും മറ്റുമെടുക്കുന്ന വായ്പകളില്‍ ഈ ഇളവ് ലഭിക്കില്ല.
അതുപോലെ എല്‍ഐസി പോളിസിയില്‍ സം അഷ്വേര്‍ഡ് തുകയുടെ 20 ശതമാനത്തില്‍ കൂടുതലാണ് പ്രീമിയം എങ്കിലും ഇളവ് ലഭിക്കില്ല. അതേസമയം 80 ഡി പ്രകാരം മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത മുതിര്‍ന്ന പൗരന്മാര്‍ക്ക് ചികിത്സാ ചെലവുകളിന്മേല്‍ ഇളവ് അനുവദിക്കുന്നുണ്ട്. ഇങ്ങനെ 50,000 രൂപയ്ക്ക് വരെ ഇളവ് ലഭിക്കും. എന്നാല്‍ ഏതെങ്കിലും ഇലക്ട്രോണിക് രീതിയിലൂടെ മാത്രമായിരിക്കണം പേമെന്റ് എന്നു മാത്രം. പണമായി നേരിട്ട് അടച്ചതാണെങ്കില്‍ ഇളവ് ലഭിക്കില്ല.
ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ശമ്പളവരുമാനക്കാര്‍
- വാര്‍ഷിക വരുമാനം എല്ലാവിധ നികുതി ഒഴിവുകള്‍ക്കു ശേഷവും കിഴിവുകള്‍ക്ക് മുമ്പും രണ്ടര ലക്ഷത്തിനു മുകളില്‍ വരുന്നവര്‍. (സീനിയര്‍ സിറ്റിസണ്‍ (60-80 വയസ്) മൂന്നു ലക്ഷം, സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ (80നു മുകളില്‍) അഞ്ചു ലക്ഷം.
- സ്രോതസ്സില്‍ നികുതി പിടിച്ചവര്‍
- ആദായ നികുതി അടച്ചിട്ടുള്ളവര്‍
സമയത്തിന് റിട്ടേണ്‍ സമര്‍പ്പിക്കുക
മാര്‍ച്ച് 31നകം റിട്ടേണ്‍ സമര്‍പ്പിച്ചിരിക്കണമെന്നാണ് നിയമം. അതിന് കഴിഞ്ഞില്ലെങ്കില്‍ ഡിസംബര്‍ 31 വരെ 5000 രൂപ പിഴയോടെ സമര്‍പ്പിക്കാം. അതിനു ശേഷം അടയ്ക്കുമ്പോള്‍ 10,000 രൂപ പിഴയൊടുക്കേണ്ടി വരും. മാത്രമല്ല നികുതി റീഫണ്ടിനുള്ള സാധ്യതയും അടയും. കൂടാതെ വരുമാനം മറച്ചു വെച്ചതിന് സെക്ഷന്‍ 271 (1)(സി) പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും. തടവ് ശിക്ഷ വരെ ലഭിച്ചേക്കാം. റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ സെക്ഷന്‍ 144 പ്രകാരം ബെസ്റ്റ് ജഡ്ജ്‌മെന്റ് അസസ്സ്‌മെന്റ്ും നടക്കാം.
പുതിയ നിയമപ്രകാരം മാര്‍ച്ച് 31ന് മുമ്പ് സമര്‍പ്പിച്ചില്ലെങ്കില്‍ ടാക്‌സ് റിട്ടേണ്‍ രേഖകള്‍ ലഭിക്കുന്നതിന് അത് തടസ്സമാകും. ബാങ്കുകളിലും മറ്റും വായ്പയ്ക്കായി അപേക്ഷിക്കുമ്പോഴാണ് ഇതിന്റെ ബുദ്ധിമുട്ട് അറിയുക. നിലവില്‍ മൂന്നു വര്‍ഷം മുമ്പു വരെയുള്ള ടാക്‌സ് റിട്ടേണ്‍ രേഖകള്‍ ബാങ്കുകള്‍ ചോദിക്കാറുണ്ട്. മുമ്പ് മുന്‍വര്‍ഷങ്ങളിലെ റിട്ടേണ്‍ പിന്നീട് സമര്‍പ്പിച്ച് രേഖകള്‍ എടുക്കാവുന്നതാണെങ്കിലും ഇപ്പോള്‍ അതു പറ്റില്ല.
നികുതിയിളവിനുള്ള വഴികള്‍
- 80 സി: നികുതിയിളവിന് ആശ്രയിക്കാവുന്ന വകുപ്പുകളില്‍ പ്രധാനം 80 സി ആണ്. അതനുസരിച്ച് 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് നികുതിയിളവ് ലഭിക്കും. വീട്ടുവാടക അലവന്‍സ്, ലീവ് ട്രാവല്‍ അലവന്‍സ്, കുട്ടികളുടെ വിദ്യാഭ്യാസ അലവന്‍സ്, കുട്ടികളുടെ ഹോസ്റ്റല്‍ അലവന്‍സ്, ട്രാന്‍സ്‌പോര്‍ട്ട് അലവന്‍സ്, യൂണിഫോം അലവന്‍സ് എന്നിവ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സെക്ഷന്‍ 16 പ്രകാരം വിനോദ അലവന്‍സ്, തൊഴില്‍ നികുതി എന്നിവയ്ക്ക് കിഴിവ് ലഭിക്കും. 80 സി സെക്ഷന്‍ പ്രകാരം എല്‍ഐസി പ്രീമിയം, ഇപിഎഫ്, എന്‍എസ്‌സി, കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഭവന വായ്പ തിരിച്ചടവ് പ്രീമിയം, സുകന്യ സമൃദ്ധി, യുലിപ്, ഇഎല്‍എസ്എസ്, സ്ഥിര നിക്ഷേപം, മറ്റ് നോട്ടിഫൈ ചെയ്തിട്ടുള്ള നിക്ഷേപങ്ങള്‍ എന്നിവയ്ക്ക് ഇളവ് ലഭിക്കും.
- 80 സിസി പ്രകാരം പെന്‍ഷന്‍ ആന്വിറ്റി പ്ലാനില്‍ നിക്ഷേപിച്ച തുകയ്ക്ക് ആനുകൂല്യം ലഭിക്കും. മറ്റു കിഴിവുകള്‍
- 80 സിസിഡി(2): തൊഴിലുടമ എന്‍പിഎസില്‍ അടയ്ക്കുന്ന തുക (പരമാവധി ശമ്പളത്തിന്റെ 10 ശതമാനം)
- 80സിസിഡി (1ബി): എന്‍പിഎസിലേക്കുള്ള അധിക അടവ് (പരമാവധി 50,000 രൂപ)
- 80ടിടിഎ(1) സേവിംഗ്‌സ് ബാങ്ക് എക്കൗണ്ട് പലിശ (പരമാവധി 10,000 രൂപ)
- 80 ടിടിബി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ബാങ്ക് എക്കൗണ്ട് പലിശ (10,000 രൂപ)
- 80 ജിജി: വീട്ടുവാടക (എച്ച് ആര്‍ എ ലഭിക്കാത്തവര്‍ക്ക് മാത്രം)
- 80 ഇ: വിദ്യാഭ്യാസ വായ്പ തിരിച്ചടവ്
- 80 ഇഇ: ഭവന വായ്പ പലിശ- ആദ്യത്തെ വീടിന് പരമാവധി 50,000 രൂപ
- 80 ഡി: മെഡിക്കല്‍ ഇന്‍ഷുറന്‍സ് (സ്വയം, ഭാര്യ, കുട്ടികള്‍, മാതാപിതാക്കള്‍ 25,000 മുതല്‍ 60000 വരെ)
- 80ഡിഡി, 80 ഡിഡിബി: ചികിത്സാ ചെലവ്. നിഷ്‌കര്‍ഷിച്ചിരിക്കുന്ന രോഗങ്ങള്‍ക്കും വികലാംഗനായ ആശ്രിതനും. (40,000 മുതല്‍ 1.25 ലക്ഷം വരെ)
- 80ജിജിസി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള സംഭാവന
- കൂടാതെ ഭവന വായ്പയുടെ പലിശ അടവിന്മേല്‍ രണ്ടു ലക്ഷം രൂപ വരെ കിഴിവ് ലഭിക്കും.