55 ലക്ഷം വരെ വാര്‍ഷിക വരുമാനത്തിന് നികുതി കുറയ്ക്കാന്‍ ശുപാര്‍ശ

Update: 2019-08-21 05:30 GMT

ഡയറക്ട് ടാക്‌സ് കോഡ് (ഡി.ടി.സി) ടാസ്‌ക് ഫോഴ്സ് കഴിഞ്ഞ ദിവസം സര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ കോര്‍പ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമായി കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നതോടൊപ്പം പ്രതിവര്‍ഷം 55 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതി ഇളവ് ലഭിക്കാനിടയുള്ള നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതായി സൂചന. അതേസമയം, ഏറ്റവും ഉയര്‍ന്ന ആദായനികുതി സ്ലാബുകളില്‍ ഗണ്യമായ വര്‍ദ്ധനവും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ആഭ്യന്തര, വിദേശ ഭേദമെന്യേയാണ് കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി നിരക്ക് 25 ശതമാനമാക്കാനുള്ള നിര്‍ദ്ദേശം.അമേരിക്ക കോര്‍പ്പറേറ്റ് നികുതി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 21 ശതമാനമായി കുറച്ചിരുന്നു.

നികുതി ബ്രാക്കറ്റും റിബേറ്റുകളും മാറ്റുന്നതിനുള്ള ശുപാര്‍ശകള്‍ സര്‍ക്കാര്‍ സ്വീകരിച്ചാലാണ് പ്രതിവര്‍ഷം 55 ലക്ഷം രൂപ വരെ വരുമാനമുള്ള നികുതിദായകര്‍ക്ക് ഗണ്യമായ നികുതി ഇളവ് ലഭിക്കുക.ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് ഒഴിവാക്കുന്നതിനെ പാനല്‍ അനുകൂലിക്കുന്നു. കേന്ദ്ര ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് അംഗം അഖിലേഷ് രഞ്ജനാണ് 58 വര്‍ഷം പഴക്കമുള്ള ആദായനികുതി നിയമം മാറ്റുന്നതിനായി രൂപീകരിച്ച ഡി.ടി.സി ടാസ്‌ക് ഫോഴ്സിനു നേതൃത്വം നല്‍കിയത്.

നിലവിലെ ഉദ്യോഗസ്ഥ സംവിധാനത്തിലൂടെയുള്ള നികുതി അസസ്‌മെന്റും തുടര്‍ നടപടികളും സമൂലം പരിഷ്‌കരിക്കണമെന്നു ടാസ്‌ക് ഫോഴ്സ് നിര്‍ദ്ദേശിച്ചു.
നികുതിദായകനും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനുമിടയിലെ മധ്യസ്ഥതാ സംവിധാനത്തിലൂടെ നികുതി വ്യവഹാരം കുറയ്ക്കാനാകുമെന്ന നിഗമനവും റിപ്പോര്‍ട്ടിലുണ്ട്.

നികുതിദായകര്‍ക്ക് കമ്മീഷണര്‍മാരുടെ കൊളീജിയം മുമ്പാകെ ഹാജരായി ഒത്തുതീര്‍പ്പ് നിര്‍ദ്ദേശങ്ങള്‍ വയ്ക്കാനും സ്വീകരിക്കാനുമുള്ള സംവിധാനമാണ് നിര്‍ദ്ദേശത്തിലുള്ളത്. മുഴുവന്‍ നികുതി വ്യവഹാര പ്രക്രിയകളും കൈകാര്യം ചെയ്യുന്നതിനു വേണ്ടി പ്രത്യേക ലിറ്റിഗേഷന്‍ മാനേജ്‌മെന്റ് യൂണിറ്റ് വേണമെന്നതാണ് മറ്റൊരു ശുപാര്‍ശ.

Similar News