ആദ്യമായി ₹2 ലക്ഷം കോടി ഭേദിച്ച് ജി.എസ്.ടി പിരിവ്; കേരളത്തിനും വരുമാനക്കുതിപ്പ്
ദേശീയതലത്തിലെ സമാഹരണം കഴിഞ്ഞമാസം 2.10 ലക്ഷം കോടി രൂപ
ദേശീയതലത്തില്‍ ചരക്ക്-സേവനനികുതി (GST) സമാഹരണം കഴിഞ്ഞമാസം ചരിത്രത്തിലെ എക്കാലത്തെയും ഉയരം കുറിച്ചു. 2.10 ലക്ഷം കോടി രൂപയാണ് കഴിഞ്ഞമാസം നേടിയത്. 2023 ഏപ്രിലിലെ 1.87 ലക്ഷം കോടി രൂപയെന്ന റെക്കോഡ് ഇനി പഴങ്കഥ. 12.4 ശതമാനമാണ് കഴിഞ്ഞമാസത്തെ സമാഹരണത്തിലെ വാര്‍ഷിക വളര്‍ച്ച.
പൊതുവേ ഏപ്രിലിലാണ് ജി.എസ്.ടി സമാഹരണം കൂടുതല്‍ ഉയര്‍ന്നുനില്‍ക്കാറുള്ളത്. തൊട്ടുമുമ്പത്തെ ചരക്ക്/സേവന ഇടപാടുകളുടെ നികുതി സമാഹരണമാണ് ഓരോ മാസവും നടക്കുക. സാമ്പത്തിക വര്‍ഷത്തെ അവസാന മാസമായ മാര്‍ച്ചിലെ ഇടപാടുകളുടെ സമാഹരണം അപ്രകാരം ഏപ്രിലില്‍ നടക്കുന്നു.
വര്‍ഷാന്ത്യമായതിനാല്‍ മാര്‍ച്ചില്‍ പൊതുവേ ഇടപാടുകള്‍ കൂടുതലായിരിക്കും. ഫലത്തില്‍ ഏപ്രിലില്‍ പിരിച്ചെടുക്കുന്ന തുകയും ഉയര്‍ന്നുനില്‍ക്കും.
കുതിപ്പിന്റെ ജി.എസ്.ടി
2023 ഏപ്രിലില്‍ 1.87 ലക്ഷം കോടി രൂപ നേടിയശേഷം പിന്നീട് സമാഹരണത്തുക കുറയുന്നതായിരുന്നു കാഴ്ച. കഴിഞ്ഞവര്‍ഷം മേയില്‍ പിരിച്ചെടുത്തത് 1.57 ലക്ഷം കോടി രൂപയായിരുന്നു. തുടര്‍ന്ന് ഏറ്റവും ഉയര്‍ന്ന തുക രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്; 1.78 ലക്ഷം കോടി രൂപ.
കഴിഞ്ഞമാസത്തെ സമാഹരണത്തില്‍ 43,846 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും (CGST) 53,538 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ് (SGST). 99,623 കോടി രൂപ സംയോജിത ജി.എസ്.ടിയായി (IGST) ലഭിച്ചു. സെസ് ഇനത്തില്‍ 13,260 കോടി രൂപയും പിരിച്ചെടുത്തു.
ആഭ്യന്തര ചരക്ക്/സേവന ഇടപാടുകള്‍ 13.4 ശതമാനവും ഇറക്കുമതി 8.3 ശതമാനവും വര്‍ധിച്ചത് കഴിഞ്ഞമാസം റെക്കോഡ് ജി.എസ്.ടി സമാഹരണത്തിന് സഹായിച്ചുവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.
കേരളത്തിനും മികച്ച നേട്ടം
കഴിഞ്ഞമാസം കേരളത്തില്‍ ജി.എസ്.ടിയായി പിരിച്ചെടുത്തത് 3,272 കോടി രൂപയാണ്. 2023 ഏപ്രിലിലെ 3,010 രൂപയേക്കാള്‍ 9 ശതമാനം അധികം. അതേസമയം, കഴിഞ്ഞമാസങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ നിന്നുള്ള ജി.എസ്.ടി പിരിവിലുണ്ടായത് വലിയ വളര്‍ച്ചയാണ്.
ഫെബ്രുവരിയില്‍ 2,688 കോടി രൂപയും മാര്‍ച്ചില്‍ 2,598 കോടി രൂപയുമായിരുന്നു കേരളത്തില്‍ നിന്നുള്ള സമാഹരണം. സംസ്ഥാനത്തുനിന്ന് പിരിച്ചെടുത്ത ജി.എസ്.ടി അഥവാ എസ്.ജി.എസ്.ടിയോടൊപ്പം സംയോജിത ജി.എസ്.ടിയില്‍ (IGST) കേന്ദ്രം നല്‍കുന്ന വിഹിതമായി കഴിഞ്ഞമാസം കേരളത്തിന് 3,050 കോടി രൂപ ലഭിച്ചു. 2023 ഏപ്രിലിലെ 2,986 കോടി രൂപയേക്കാള്‍ രണ്ടുശതമാനം അധികമാണിത്.
മുന്നില്‍ മഹാരാഷ്ട്ര
ജി.എസ്.ടി സമാഹരണത്തില്‍ രാജ്യത്ത് ഏറ്റവുമധികം പങ്കുവഹിക്കുന്നത് വാണിജ്യതലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന സംസ്ഥാനമായ മഹാരാഷ്ട്രയാണ്. 13 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 37,631 കോടി രൂപയാണ് മഹാരാഷ്ട്ര കഴിഞ്ഞമാസം പിരിച്ചെടുത്തത്.
15,978 കോടി രൂപയുമായി കര്‍ണാടകയാണ് രണ്ടാംസ്ഥാനത്ത്. ഗുജറാത്തില്‍ നിന്ന് 13,301 കോടി രൂപയും ഉത്തര്‍പ്രദേശില്‍ നിന്ന് 12,290 കോടി രൂപയും തമിഴ്‌നാട്ടില്‍ നിന്ന് 12,210 കോടി രൂപയും ഹരിയാനയില്‍ നിന്ന് 12,168 കോടി രൂപയും ലഭിച്ചു. ഒരുകോടി രൂപ മാത്രം പിരിച്ച ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. ആന്‍ഡമാന്‍ നിക്കോബാര്‍ (65 കോടി രൂപ), ലഡാക്ക് (70 കോടി രൂപ), നാഗാലാന്‍ഡ് (86 കോടി രൂപ) എന്നിവയുടെ പങ്കാളിത്തവും കുറവാണ്.