മൂല്യ വര്‍ധിത നികുതി (വാറ്റ്) നിയമത്തിലെ പെന്‍ഡിംഗ് അസസ്‌മെന്റുകളുടെ സമയപരിധി അവസാനിക്കുന്നുവെന്ന വ്യാഖ്യാനത്തില്‍ വ്യാപാരികള്‍ക്ക് നിയമവിരുദ്ധമായ നികുതി വെട്ടിപ്പ് എന്ന പേരില്‍ ലഭിച്ചിരിക്കുന്നത് കോടികളുടെ പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ്! യാതൊരു വിശദീകരണവും നല്‍കാതെ ഒറ്റ പേജുള്ള ഒരു നോട്ടീസിലാണ് പതിനായിരം കോടി വരെ 'Escaped Turnover' നോട്ടീസ് നല്‍കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ വാറ്റ് പണ്ടേ തീര്‍ന്നെങ്കിലും കേരളത്തില്‍ ഇപ്പോഴും അതിന്റെ പ്രേതബാധ ഒഴിഞ്ഞിട്ടില്ല.
2012-13 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു കോടി മുപ്പതുലക്ഷം രൂപ നികുതി ഒടുക്കിയ സത്യസന്ധനായ ഒരു സംരംഭകന് അടുത്തിടെ ലഭിച്ചിരിക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ നോട്ടീസാണ്.
യഥാര്‍ത്ഥത്തില്‍ പഴയ കൊമേഴ്‌സ്യല്‍ നികുതി വകുപ്പിന്റെ സോഫ്റ്റ് വെയറില്‍ മാറ്റങ്ങള്‍ വരുത്തിയപ്പോള്‍ വന്ന പിശകാണ് വ്യാപാരികള്‍ ക്രമക്കേട് നടത്തിയെന്ന പേരില്‍ ഇപ്പോള്‍ നോട്ടീസുകള്‍ വരുന്നതിന്റെ പ്രധാന കാരണം. ഇതിന്റെ പേരില്‍ വ്യാപാരികളെ ബുദ്ധിമുട്ടിക്കരുതെന്ന ധനമന്ത്രിയുടെ നിര്‍ദേശങ്ങള്‍ പോലും അവഗണിച്ചാണ് വ്യാപക ഡിമാന്റ് നോട്ടീസുകള്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. തെറ്റായ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെങ്കിലും ജപ്തി ഭീഷണിയുടെ നിഴലില്‍ തന്നെയാണ് വ്യാപാരികള്‍.
സമാനമായ പ്രശ്‌നത്തിന്റെ പേരിലാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്പലപ്പുഴയില്‍ ഒരു വ്യാപാരി ആത്മഹത്യ ചെയ്തത്. അദ്ദേഹത്തിന്റെ മരണശേഷം കുടിശ്ശിക തുക സര്‍ക്കാര്‍ എഴുതിത്തള്ളുകയായിരുന്നു. ഡാറ്റ മിസ് മാച്ച് പരിഗണിക്കുമ്പോള്‍ ഡീലര്‍മാരെ വിശ്വാസത്തിലെടുത്ത് മനസ്സര്‍പ്പിച്ച് വേണം തീരുമാനമെടുക്കാന്‍ എന്ന സര്‍ക്കുലര്‍ നിലനില്‍ക്കുമ്പോഴാണ് വാറ്റ് സോഫ്റ്റ് വെയര്‍ മൊഡ്യൂളിലെ തെറ്റുമൂലം വ്യാപാരികള്‍ക്ക് റവന്യു റിക്കവറി നോട്ടീസ് ഉദ്യോഗസ്ഥര്‍ അയക്കുന്നത്.
ഈ പുലിവാലുകള്‍ കാരണം ബിസിനസില്‍ ശ്രദ്ധിക്കാന്‍ സാധിക്കുന്നില്ലെന്ന വ്യാപാരികളുടെ പരിദേവനം ആരും കേള്‍ക്കുന്നില്ല. ബിസിനസ് മറ്റ് സംസ്ഥാനത്തിലേക്ക് മാറ്റാമെന്ന് സംരംഭകര്‍ തീരുമാനിച്ചാല്‍ അതിന് ഉത്തരവാദികള്‍ സര്‍ക്കാരും നികുതി വകുപ്പ് ഉദ്യോഗസ്ഥരും മാത്രമായിരിക്കും.
ഈ പ്രശ്‌നപരിഹാരത്തിന് ധനകാര്യവകുപ്പ് ചെയ്യേണ്ടത്
1. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് തെറ്റായ സോഫ്റ്റ് വെയര്‍ സിസ്റ്റം പിന്‍വലിക്കുക.
2. KVAT നിയമത്തില്‍ റിട്ടേണ്‍ റിവൈസ് ചെയ്യാന്‍ അസസ്സിംഗ് അധികാരിക്ക് പൂര്‍ണ അധികാരം നല്‍കുക.
3. പെന്‍ഡിംഗ് നോട്ടീസുകളില്‍ ഓരോ വിശദ വിവരവും ഇന്‍വോയ്‌സ് അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ ബില്ലിന്റെ അടിസ്ഥാനത്തില്‍ വ്യാപാരികള്‍ക്ക് നല്‍കണം. മിസ് മാച്ച് ഇടപാടിന്റെ വിശദരൂപം വ്യക്തമായി നല്‍കിയിരിക്കണം. അതില്‍ വ്യാപാരികളുടെ വിശദീകരണ കുറിപ്പിനുള്ള സൗകര്യവും നല്‍കിയിരിക്കണം.
4. വ്യാപാരികള്‍ക്ക് വിശദീകരണത്തിന് ഉതകുന്ന രീതിയില്‍ മതിയായ സൗകര്യവും സമയവും കുറവുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള പ്രായോഗിക സമീപനവും നികുതി വകുപ്പ് കൈക്കൊള്ളണം. പരിരക്ഷ നല്‍കിയെന്ന് തോന്നിക്കാന്‍ വേണ്ടിമാത്രമുള്ള ഇടപെടലല്ല ഇക്കാര്യത്തില്‍ ധനമന്ത്രി നടത്തേണ്ടത്. നികുതി വകുപ്പിന്റെ അനാസ്ഥ കൊണ്ട് ഒരു വ്യാപാരിയും ആത്മഹത്യയില്‍ അഭയം നേടില്ല എന്ന നിശ്ചയദാര്‍ഢ്യമാണ് സര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടത്.
5. ജിഎസ്ടി കാലം തുടങ്ങുന്ന 2017 ജൂലൈ ഒന്നു വരെയുള്ള വാറ്റ് കുടിശ്ശിക അസസ്‌മെന്റുകള്‍ തീര്‍പ്പായ തായി ധനമന്ത്രി പ്രഖ്യാപിച്ചാലും അത് കേരളത്തിന് നല്ലതേ വരുത്തൂ. കേരളത്തില്‍ മാത്രമേ വാറ്റ് കേസുകളില്‍ വ്യാപാരികളെ ഇത്രയേറെ ക്രൂശിക്കുന്നുള്ളൂ.
നികുതി, മറ്റു ബിസിനസ് നിയമങ്ങളില്‍ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖ നിയമ ഉപദേശകസ്ഥാപനമായ കെ.എസ് ഹരിഹരന്‍ അസോസിയേറ്റ്‌സിന്റെ സാരഥിയും കേരള ഹൈക്കോര്‍ട്ടിലെ അഭിഭാഷകനുമാണ് ലേഖകന്‍. ഫോണ്‍ 9895069926