സമയത്തിന് റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ പിഴ ലഭിക്കാം, ജയിലും

Update:2019-07-15 17:46 IST

ഫോം 16 വിതരണം ചെയ്യാനുള്ള അവസാന തീയതി ജൂലൈ 10 വരെ നീട്ടിയ സാഹചര്യത്തിൽ 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യേണ്ട തീയതിയും ജൂലൈ 31നപ്പുറത്തേക്ക് നീട്ടാൻ സാധ്യതയുണ്ട്. 

എന്നാൽ ഇതും പ്രതീക്ഷിച്ച് ടാക്സ് ഫയലിംഗ് അവസാനനിമിഷത്തേയ്ക്ക് മാറ്റി വെക്കരുത്. പറഞ്ഞ സമയത്തിനകം ഐടിആർ സമർപ്പിച്ചില്ലെങ്കിൽ പിഴയടക്കേണ്ടി വരും. ചില സന്ദർഭങ്ങളിൽ ജയിൽ വരെ ലഭിക്കാം.

വൈകി ഫയൽ ചെയ്താൽ...

ഡ്യൂ ഡേറ്റിനകം റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ, പിന്നീട് സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. 2019-20 അസസ്മെന്റ് ഇയറിലേക്കുള്ള ടാക്സ് റിട്ടേൺ സമയത്തിന് സമർപ്പിച്ചില്ലെങ്കിൽ 2019 മാർച്ച് 31 വരെ belated return സമർപ്പിക്കാം. എന്നാൽ ഇതിനോടൊപ്പം പിഴയും അടയ്‌ക്കേണ്ടി വരും.

ഡ്യൂ ഡേറ്റിന് ശേഷം ഫയൽ ചെയ്യുന്നവ ഡിസംബർ 31 മുൻപായി സമർപ്പിക്കുകയാണെങ്കിൽ 5000 രൂപ പിഴയടച്ചാൽ മതിയാവും. ജനുവരി 1 മുതൽ മാർച്ച് 31 വരെ റിട്ടേൺ ഫയൽ ചെയ്യാൻ നോക്കുന്നവർക്ക് 10,000 രൂപ പിഴയടക്കേണ്ടി വരും. എന്നാൽ 5 ലക്ഷത്തിന് താഴെ വരുമാനമുള്ളവർക്ക് 1000 രൂപ പിഴയടച്ചാൽ മതിയാകും. 

അവസാന തീയതിയ്ക്ക് ശേഷമാണ് ഫയൽ ചെയ്യുന്നതെങ്കിൽ മാസം ഒരു ശതമാനം എന്ന നിരക്കിൽ പലിശ നൽകേണ്ടി വരും. റിട്ടേൺ ഫയൽ ചെയ്യുന്ന മാസം വരെ ഈ നിരക്കിൽ പലിശ നൽകേണ്ടി വരും.

സമയത്തിന് റിട്ടേൺ ഫയൽ ചെയ്താൽ മറ്റൊരു ഗുണം കൂടിയുണ്ട്. ടാക്സ് റീഫണ്ട് ക്ലെയിമിന്റെ പുറത്ത് പലിശ കൂടി ലഭിക്കും. വൈകി ഫയൽ ചെയ്യുന്നവർക്ക് അത് ലഭിക്കില്ല.

ഐടിആർ ഫയൽ ചെയ്യാതിരുന്നാൽ നികുതി വകുപ്പിൽ നിന്ന് നോട്ടീസ് ലഭിക്കുകയും പ്രോസിക്യൂഷൻ നേരിടേണ്ടി വരികയും ചെയ്യും. മൂന്ന് മാസം മുതൽ രണ്ടു വർഷം വരെ ജയിൽ ലഭിക്കാവുന്ന വകുപ്പുകൾ ചുമത്താൻ നികുതി വകുപ്പിന് അധികാരമുണ്ട് എന്നോർമ്മിക്കുക. 25 ലക്ഷത്തിന് മുകളിൽ നികുതി ബാധ്യത നിങ്ങൾക്കുണ്ടെങ്കിൽ, 7 വർഷം വരെ ജയിൽ ലഭിക്കാം. 

Similar News