എന്തുകൊണ്ട് ആദായനികുതിദായകര്‍ വെറും രണ്ടുശതമാനത്തില്‍ താഴെ മാത്രം?

എന്തുകൊണ്ട് ഇന്ത്യയിലെ നികുതി ദായകരുടെ എണ്ണം ഇത്ര കുറവായിരിക്കുന്നു

Update: 2022-03-06 09:30 GMT

ഇന്ത്യക്കാര്‍ സത്യസന്ധരല്ലേ? നമ്മള്‍ പൊതുവേ പറയാറുണ്ട്, മറ്റ് രാജ്യക്കാരില്‍ നിന്ന് വ്യത്യസ്തരായി നികുതി നല്‍കുന്നത് ഒഴിവാക്കാന്‍ ഇന്ത്യക്കാര്‍ വഴിവിട്ട് സഞ്ചരിക്കുന്നവരാണെന്ന്. കേന്ദ്രമന്ത്രി തന്നെ അടുത്തിടെ നടത്തിയ ബജറ്റ് പ്രസംഗത്തില്‍, ഇന്ത്യന്‍ സമൂഹം പൊതുവില്‍ നികുതിചട്ടങ്ങള്‍ പാലിക്കുന്നവരല്ലെന്നും പറഞ്ഞിരുന്നു. ഇന്ത്യയില്‍ എന്തുകൊണ്ട് ആദായനികുതി ദായകര്‍ രണ്ടു ശതമാനത്തില്‍ താഴെ മാത്രമുള്ളതെന്ന കാര്യം രാജ്യത്തിനകത്തും പുറത്തും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്. ചൈന ഉള്‍പ്പടെയുള്ള മിക്കവാറും രാജ്യങ്ങളില്‍ ആദായ നികുതി ദായകരുടെ എണഅണം പത്തുശതമാനത്തിലേറെയാണ്.

കേന്ദ്ര ബജറ്റ് അവതരിപ്പിക്കപ്പെട്ട നാളുകളില്‍ വാട്‌സാപ്പില്‍ കറങ്ങി നടന്ന രസകരമായൊരു വൈറല്‍ സന്ദേശമുണ്ട്.

ഐറ്റി റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുടെ എണ്ണം: ആറ് കോടി

കൃത്യമായി നികുതി നല്‍കുന്നവരുടെ എണ്ണം: മൂന്ന് കോടി

ആദായനികുതി നിരക്ക് കുറയ്ക്കണമെന്നാഗ്രഹിക്കുന്നവരുടെ എണ്ണം: 100 കോടി

ഇതൊരു ഊതിപ്പെരുപ്പിച്ച കണക്കാവാം. പക്ഷേ പൊതുവില്‍ ജനങ്ങള്‍ നികുതി നിരക്ക് കുറയണമെന്ന ചിന്ത ബാധപോലെ കയറിക്കൂടിയവരാണ്.

2020ലെ കണക്കുകള്‍ അനുസരിച്ച് 1.5 കോടിയോളം പേരാണ് ആദായനികുതി അടച്ചിരിക്കുന്നത്. അതായത് ഇന്ത്യന്‍ ജനസംഖ്യയില്‍ ഒരു ശതമാനത്തിന് തൊട്ടുമുകളില്‍ നില്‍ക്കുന്നത്രയും ജനങ്ങള്‍. ഒരിക്കല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എന്തുകൊണ്ടാണ് രാജ്യത്തെ നികുതിദായകര്‍ വെറും ഒരു ശതമാനം മാത്രമായി നില്‍ക്കുന്നുവെന്ന് ചോദിച്ചിരുന്നു. എന്തുകൊണ്ടാണിത്? എന്താണ് ഇതിന് പിന്നിലെ കാരണം?

ഇന്ത്യന്‍ ഇന്‍കംടാക്‌സ് ചട്ടപ്രകാരം കാര്‍ഷികാദായം ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളുടെയും ഉപജീവനമാര്‍ഗം കൃഷിയാണ്. കൃഷിയില്‍ നിന്നുള്ള ആദായം ആദായനികുതിക്ക് പുറത്തായപ്പോള്‍ വലിയൊരു വിഭാഗം തന്നെ ഇന്‍കം ടാക്‌സ് ചട്ടങ്ങളില്‍ നിന്ന് പുറത്തുപോയി. ജിഡിപിയില്‍ കാര്‍ഷിക മേഖലയുടെ സംഭാവന 20 ശതമാനത്തില്‍ താഴെയാണെങ്കിലും ജനസംഖ്യയില്‍ 60 ശതമാനത്തോളം പേര്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടാണ് ഉപജീവനം നടത്തുന്നത്. 2016ലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം വാര്‍ഷിക കാര്‍ഷിക വരുമാനം 96,703 കോടി രൂപയാണ്. അതായത് പ്രതിമാസം 8060 രൂപ. 2018-19ലെ കണക്കുകള്‍ പ്രകാരം കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടുള്ള കുടുംബങ്ങളുടെ ശരാശരി കാര്‍ഷിക വരുമാനം 10,218 രൂപയും.

നികുതിദായകരുടെ എണ്ണത്തില്‍ കുത്തനെ ഇടിവുണ്ടാക്കിയ മറ്റൊരു കാര്യം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മറ്റൊരു പ്രഖ്യാപനമാണ്. അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരെയെല്ലാം നികുതി വലയ്ക്ക് പുറത്തായി. ശരിക്കുള്ള നികുതി ദായകരുടെ എണ്ണം മൂന്ന് കോടിയില്‍ നിന്ന് 1.5 കോടിയായി.


Tags:    

Similar News