വരുന്നു 128 ടിബിയുടെ എസ് ഡി കാർഡ്; ഹാർഡ് ഡ്രൈവുകൾ ഇനി പഴങ്കഥ  

Update: 2018-08-07 10:50 GMT

കയ്യിലുള്ള ചിത്രങ്ങളും സിനിമകളും പാട്ടുകളുമെല്ലാം കൂടി ഒരൊറ്റ എസ് ഡി കാർഡിലാക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടോ? എന്നാലിതാ കേട്ടോളൂ, കയ്യിൽ കൊണ്ടുനടക്കാൻ കഴിയുന്ന മാസ്സ് സ്റ്റോറേജ് സംവിധാനമായ ഹാർഡ് ഡ്രൈവുകൾ ഇനി പഴങ്കഥയാവാൻ പോകുകയാണ്.

എസ് ഡി കാർഡുകളുടെ പരമാവധി സ്റ്റോറേജ് 128 ടെറാബൈറ്റ് (TB) ആക്കിക്കൊണ്ടുള്ള കാർഡ് സ്പെസിഫിക്കേഷൻ എസ്.ഡി അസോസിയേഷൻ പ്രഖ്യാപിച്ചു കഴിഞ്ഞു. സെക്കൻഡിൽ 985 മെഗാബൈറ്റ്സ് വേഗത്തിൽ ഡേറ്റ ട്രാൻസ്‌ഫർ ചെയ്യാൻ കഴിവുള്ളവയായിരിക്കും ഇവ.

എസ് ഡി എക്‌സ്പ്രസ്‌ എന്നറിയപ്പെടുന്ന പുതിയ സ്റ്റാൻഡേർഡ് PCIe, NVMe എന്നീ രണ്ട് ഇന്റർഫേസുകൾ കൂട്ടിയോജിപ്പിച്ച് നിർമ്മിച്ചതാണ്.

നിലവിലെ എസ് ഡി കാർഡുകളുടെ നിരയിൽ ഏറ്റവും ഒടുവിലത്തെ SD 6.0 ന്റെ സ്റ്റോറേജ് ശേഷി 2 TB ആണ്. ഡേറ്റ ട്രാൻസ്‌ഫർ വേഗത 624MB/s ഉം.

എസ്ഡി എക്‌സ്പ്രസിന്റെ കാർഡിൽ 25,000 ലധികം HD സിനിമകൾ സ്റ്റോർ ചെയ്യാനാകുമെന്നാണ് അസോസിയേഷൻ അവകാശപ്പെടുന്നത്. പ്രധാനമായും 360 ഡിഗ്രി വീഡിയോകളും 8K വീഡിയോകളും റെക്കോർഡ് ചെയ്യാൻ ഇവ ഉപയോഗിക്കാം.

Similar News