വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍, ഭൂമിക്ക് വേണ്ടി
ടെക്‌നോളജി മാറുന്നതിനൊപ്പം അപ്‌ഗ്രേഡ് ചെയ്യാവുന്ന, കാലങ്ങളോളം ഉപയോഗിക്കാവുന്ന ഒരു ഫോണിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ.
ഒരു സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയാല്‍ അത് എത്ര നാള് ഉപയോഗിക്കാന് കഴിയും. ഒരു കൊല്ലം, രണ്ട് കൊല്ലം, കൂടിപ്പോയാല്‍ ഒരു മൂന്നുകൊല്ലം അല്ലെ. കൂടുതല്‍ കാലം ഉപയോഗിക്കണം എന്ന് ആഗ്രഹിച്ചാലും സ്മാര്‍ട്ട്‌ഫോണ് കമ്പനികള്‍ അതിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല. ടെക്‌നോളജിമാറും ഈ പഴഞ്ചന്‍ ഫോണ്‍ മാറ്റിയിട്ട് പുതുതായി ഒന്ന് വാങ്ങാമെന്ന് വിചാരിക്കും.
ടെക്‌നോളജി മാറുന്നതിനൊപ്പം അപ്‌ഗ്രേഡ് ചെയ്യാവുന്ന ഒരു ഫോണിനെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ. കഴിഞ്ഞകൊല്ലം വാങ്ങിയ 4ജി ഫോണ്‍ കടയില് കൊണ്ടുപോയി 5ജി ടെക്‌നോളജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നത്. അല്ലെങ്കില്‍ ഫോണിന് സ്പീഡ് പോരെന്ന് തോന്നി. പ്രശ്‌നം റാം ആണ്, ബാക്കിയെല്ലാം കൊള്ളാം. നേരെ കടയില്‍ പോയി ഫോണിന്റെ റാം മാത്രം മാറ്റുന്നു. വലിയ ടെക്‌നോളജി ഒക്കെ വികസിപ്പിച്ചെടുക്കുന്ന കമ്പനികള്‍ക്ക് ഇതൊക്കെ നിസാരം. വേണമെങ്കില് അവര്‍ക്ക് ഫോണിന്റെ ക്യാമറ വരെ മാറ്റിവെക്കാം അല്ലെ.
ഇത്തരം സൗകര്യങ്ങളൊക്കെ കിട്ടിയിരുന്നെങ്കില്‍ ഒരു ഫോണ്‍ തന്നെ അഞ്ചാറു കൊല്ലം ഉപയോഗിക്കാമായിരുന്നു. സ്റ്റാന്‍ലി കുബ്രിക്കിന് 1968ല്‍ ടാബ്ലറ്റില്‍ ബിബിസി ന്യൂസ് കാണുന്നത് സിനിമയില്‍ കാണിക്കാമെങ്കില്‍് വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണിനെക്കുറിച്ച് നമുക്കും ചിന്തിക്കാം. ഒരു ഫോണ്‍ കൂടുതല്‍കാലം ഉപയോഗിക്കുണമെന്ന് വാശി പിടിക്കുന്നത് എന്തിനാണെന്ന ചോദ്യം വന്നേക്കാം. ഒരു ഫോണ്‍ മാത്രമല്ല നമ്മുടെ കൈയ്യിലുള്ള ഏതൊരു ഇലട്രിക്ക് ഉപകരണവും പരമാവധി കാലം ഉപയോഗിക്കണം. എന്തുകൊണ്ടെന്ന് ചോദിച്ചാല്‍ അതിന്റെ ഉത്തരം എത്തി നില്‍ക്കുന്നത് ഇ-വേസ്റ്റിലായിരിക്കും.
ലോകം ഇ-വേസ്റ്റുകളുടെയും
ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് ഇലട്രോണിക് വേസ്റ്റ് അഥവാ ഇ-വേസ്റ്റ്. 2019-20 കാലയളവില് ഇന്ത്യക്കാര്‍ ഉപയോഗിച്ച് തള്ളിയ ഇ-വേസ്റ്റ് 1,014,967.25 ടണ്‍ ആണ്.
ലോകത്തെ ആകെ ഇ വേസ്റ്റിന്റെ 10 ശതമാനവും സംഭാവന ചെയ്യുന്നത് മൊബൈല്‍ ഫോണുകളാണ്. 2019ല്‍ നമ്മള്‍ വേസ്റ്റ്കൂനയില്‍ തള്ളിയ മൊബൈല്‍ ഫോണുകളുടെ ആകെ ഭാരം ഏകദേശം 50 മില്യണ്‍ ടണ്‍ വരും. ഇതിലേക്ക് ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായ ഇന്ത്യയുടെ സംഭാവന എത്രയായിരിക്കും എന്ന് നിങ്ങള്‍ സ്വയം ഒന്ന് ചിന്തിച്ചു നോക്കുക. ഇ-വേസ്റ്റിന്റെ കാര്യത്തില്‍ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നില്‍ മൂന്നാമതാണ് ഇന്ത്യ.
2019ലെ കണക്കനുസരിച്ച് ലോകത്താകമാനമുള്ള ഇ-വേസ്റ്റുകളില്‍ വെറും 17 ശതമാനം മാത്രമാണ് റീസൈക്കിള്‍ ചെയ്യപ്പെടുന്നത്. റോയല്‍ സൊസൈറ്റി ഓഫ് കെമിസ്ട്രി പറയുന്നത് മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന മൂലകങ്ങളില്‍ ആറോളം മൂലകങ്ങളുടെ പ്രകൃതിദത്ത ഉറവിടങ്ങള്‍ അടുത്ത 100 കൊല്ലത്തിനുള്ളില്‍ ഇല്ലാതാകും എന്നാണ്. മൊബൈല്‍ ഫോണ്‍ നിര്‍മാണത്തിന് മുപ്പതോളം പ്രകൃതിദത്ത മൂലകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണ്‍ നിര്‍മാണ സമയത്തും അത് റീസൈക്കിള്‍ ചെയ്യുമ്പോഴും ഉണ്ടാകുന്ന കാര്‍ബണ്‍ നിര്‍ഗമനം വളരെ വലുതാണ്.
യൂറോപ്യന്‍ യൂണിയന്‍ ഇ- വേസ്റ്റ് ഒഴിവാക്കാനുള്ള മാര്‍ഗമെന്ന നിലയില്‍ ഒരു നിര്‍ദേശം വെച്ചിരുന്നു. മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളോട് ഉള്‍പ്പടെ എല്ലാ കമ്പനികളോടും പൊതുവായി ഉപയോഗിക്കാവുന്ന ചാര്‍ജറുകള്‍ ഇറക്കണമെന്ന്. പ്രകൃതി സംരംക്ഷണം ചൂണ്ടിക്കാട്ടി ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കുന്ന പരിപാടി ഐഫോണും നിര്‍ത്തിയിരുന്നു.
ഇ-വേസ്റ്റ് കൈകാര്യം ചെയ്യാന്‍ നമ്മുടെ രാജ്യത്ത് നിയമങ്ങളുണ്ട്. കൂടാതെ ഇ-വേസ്റ്റുകളെ 6 വിഭാഗങ്ങളായി സര്‍ക്കാര്‍ തിരിച്ചിട്ടുമുണ്ട്. കൂടാതെ ഇ-വേസ്റ്റ് റീസൈക്ലിങ് ചെയ്യാനായി പല കമ്പനികളും നിരവധി പദ്ധതികളും രാജ്യത്ത് നടപ്പാക്കുന്നുണ്ട്. മിക്ക ഇലട്രോണിക്‌സ് കമ്പനികളുടെയും വെബ്‌സൈറ്റ് പരിശോധിച്ചാല്‍ അവരുടെ ഇ-വേസ്റ്റ് റീസൈക്ലിങ് സേവനത്തെക്കുറിച്ച് അറിയാം. ഉദാഹരണത്തിന് എറണാകുളത്ത് സാംസങ്ങിന് ഇ-വേസ്റ്റ് കളക്ഷന്‍ സെന്റെറുണ്ട്. പലര്‍ക്കും ഇ-വേസ്റ്റിനെക്കുറിച്ചും അതുണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ചും അറിയില്ല എന്നതാണ് വാസ്തവം. പ്ലാസ്റ്റിക് ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചെന്ന പോലെ ഇ-വേസ്റ്റിനെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ട്.
ഫെയര്‍ ഫോണ്‍
ഇ-വേസ്റ്റിനെക്കുറിച്ച് പറയുമ്പോള്‍ പരാമര്‍ശിക്കേണ്ട സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാണ് ഫെയര്‍ ഫോണ്‍. മൊബൈല്‍ ഫോണ്‍ നിര്‍മാണ രംഗത്ത് സുസ്ഥിരവും ധാര്‍മ്മികവുമായ ബദലുകള്‍ തേടുകയാണ് ഈ യൂറോപ്യന്‍ കമ്പനി. ഫെയര്‍ഫോണിന്റെ മോഡലുകള്‍ വര്‍ഷങ്ങളോളം ഉപയോഗിക്കാന്‍ പാകത്തിന് നിര്‍മിച്ചിരിക്കുന്നതാണെന്നാണ് കമ്പനിയുടെ അവകാശവാദം. അപ്‌ഗ്രേഡ് ചെയ്യാനും എളുപ്പം നന്നാക്കാനും ഒക്കെ പറ്റുന്ന രീതിയിലാണ് നിര്‍മാണം. റീസൈക്കിള്‍ ചെയ്ത വസ്തുക്കളും ഇവര്‍ ഫോണ്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നു. ഒരു ഫോണ്‍ എത്രനാള്‍ ഉപയോഗിക്കാമോ അത്രയും പാരിസ്ഥിതിക ആഘാതം കുറയുമെന്ന തത്വമാണ് ഫെയര്‍ഫോണ്‍ പിന്തുടരുന്നത്. ഏറ്റവും പുതിയ ഫോണിന് 5 വര്‍ഷം വാറന്റിയും രണ്ട് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളുമാണ് ഫെയര്‍ ഫോണ്‍ നല്‍കുന്നത്.