നക്ഷത്രത്തിനും ഗ്രഹത്തിനും പേരുകള്‍ ഇന്ത്യയില്‍ നിന്ന്; 'ബിഭ'യും 'സാന്തമാസ'യും

Update: 2019-12-20 06:40 GMT

ഭൂമിയില്‍ നിന്ന് 340 പ്രകാശവര്‍ഷം അകലെയുള്ള സെക്സ്റ്റാന്‍സ് നക്ഷത്രസമൂഹത്തിലെ ഒരു വെളുത്ത മഞ്ഞ നക്ഷത്രവും അതിനെ ചുറ്റുന്ന ഗ്രഹവും ഇനി അറിയപ്പെടുന്നത് ഇന്ത്യന്‍ പേരുകളില്‍. ജ്യോതിശാസ്ത്ര സമൂഹം ഇതുവരെ നല്‍കിയിരുന്ന എച്ച്ഡി 86081, 86081 ബി എന്നീ പേരുകള്‍ യഥാക്രമം 'ബിഭ'യും 'സാന്തമാസ'യുമായി.

ആഗോള മത്സരത്തിലൂടെയാണ് പേരു തിരഞ്ഞടുത്തത്.ബിഭ എന്നാല്‍ ബംഗാളി ഭാഷയില്‍ ശോഭയുള്ള  പ്രകാശ കിരണം എന്നര്‍ത്ഥം. 'പൈ-മെസോണ്‍' ഉപകണിക കണ്ടെത്തിയ വനിതാ ശാസ്ത്രജ്ഞ ഡോ. ബിഭ ചൗധരിക്കുള്ള ആദരം കൂടിയാണീ നാമകരണം.സംസ്‌കൃത പദമായ 'സാന്തമാസ' എന്നാല്‍ 'മേഘം'.

പാരീസ് ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്റെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ആഗോള പേരിടല്‍ മത്സരത്തിന്റെ അവസാനത്തിലാണ് തിരഞ്ഞെടുപ്പു നടത്തിയത്.ലോകമെമ്പാടുമുള്ള 780,000 ആളുകള്‍ പേരിടലില്‍ പങ്കെടുത്തു.   
നക്ഷത്രങ്ങള്‍ക്കും എക്സോപ്ലാനറ്റുകള്‍ക്കുമായി 110 സെറ്റ് പേരുകള്‍ കണ്ടെത്താനുള്ള മല്‍സരത്തില്‍ ഇന്ത്യയ്ക്ക് അനുവദിച്ചതാണ് എച്ച്ഡി 86081 ,എച്ച്ഡി 86081 ബി എന്നിവയെ.

ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ യൂണിയന്റെ നിര്‍ദ്ദേശ പ്രകാരം ജ്യോതിശാസ്ത്ര സൊസൈറ്റി ഓഫ് ഇന്ത്യ (എഎസ്ഐ) ഈ വര്‍ഷം ആദ്യം സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പേരു കണ്ടെത്തല്‍ മത്സരം പ്രഖ്യാപിച്ചിരുന്നു. ലഭിച്ചത് 1,700ലധികം നിര്‍ദ്ദേശങ്ങളാണ്. അതില്‍ അഞ്ചെണ്ണം ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത് വോട്ടെടുപ്പിനു സമര്‍പ്പിച്ചപ്പോള്‍ അവസാന റൗണ്ടില്‍ 5,500 ല്‍ അധികം ആളുകള്‍ വോട്ട് ചെയ്തു.

സൂറത്ത് സര്‍ദാര്‍ വല്ലഭായ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ 20 കാരിയായ അനന്യ ഭട്ടാചാര്യ നക്ഷത്രത്തിന് പേര് നല്‍കിയപ്പോള്‍ പൂനെയിലെ സിംഗാദ് സ്പ്രിംഗ് ഡേല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാസാഗര്‍ ദൗറഡ് എന്ന 13 വയസുകാരന്‍ ഗ്രഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചു.

എച്ച്ഡി 86081 എന്ന നക്ഷത്രം സൂര്യനെക്കാള്‍ ചെറുതും പഴയതുമാണ്. സെക്സ്റ്റാന്‍സ് രാശിയില്‍ സ്ഥിതി ചെയ്യുന്ന ഈ പീതവര്‍ണ്ണ ധാരിയെ രാത്രി ബൈനോക്കുലറുകളിലൂടെ കാണാനാകും.വ്യാഴത്തിന്റെ വലുപ്പത്തിലും പിണ്ഡത്തിലുമുള്ള എച്ച്ഡി 86081 ബി എന്ന ഗ്രഹം ഈ നക്ഷത്രത്തെ കുറഞ്ഞ അകലത്തില്‍ പരിക്രമണം ചെയ്യുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News