കോടികള്‍ വെള്ളത്തിലായോ? 5ജി ശരിയാവുന്നില്ലെന്ന് അദാനി; പിടി മുറുക്കാന്‍ ടെലികോം വകുപ്പ്
ലൈസന്‍സ് റദ്ദായേക്കും; ലേല തുകയും പിഴയും നഷ്ടമാകും;
അദാനി ഗ്രൂപ്പ് 5ജി സ്‌പെക്ട്രം ലേലത്തിലെടുത്തിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എന്നാല്‍ ഇതുവരെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. കാരണം കാണിക്കല്‍ നോട്ടീസുമായി ടെലികോം വകുപ്പ് മുന്നോട്ടു വന്നിട്ടുണ്ട്. സ്‌പെക്ട്രം ബിസിനസില്‍ നിന്ന് അദാനി പിന്‍മാറുമെന്നാണ് സൂചനകള്‍. അദാനി ഗ്രൂപ്പിന്റെ തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, വൈദ്യുതി ഉല്‍പാദനം, ലോജിസ്റ്റിക്‌സ് എന്നിവയുള്‍പ്പെടെയുള്ള ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ക്യാപ്റ്റീവ് സ്വകാര്യ നെറ്റ്‌വര്‍ക്കുകള്‍ വിന്യസിക്കുന്നത് വാണിജ്യപരമായി പ്രായോഗികമാകുന്നില്ലെന്ന മറുപടിയാണ് ടെലികോം വകുപ്പിന്റെ ആവര്‍ത്തിച്ചുള്ള നോട്ടീസുകള്‍ക്ക് കമ്പനി നല്‍കിയിട്ടുള്ളത്. 5ജി സേവനങ്ങള്‍ എപ്പോള്‍ ആരംഭിക്കുമെന്ന് അവർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
നഷ്ടമാകുന്നത് കോടികള്‍
അദാനി ഗ്രൂപ്പിന് കീഴിലുള്ള അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക്‌സ് 2022 ജൂലൈയിലാണ് 212 കോടി രൂപ മുടക്കി 5ജി സ്‌പെക്ട്രം ലേലത്തിലെടുത്തത്. 26 ജിഗഹട്‌സ് ബാന്റില്‍ 400 മെഗഹട്‌സ് സ്‌പെക്ട്രമാണ് സ്വന്തമാക്കിയത്. ഗുജറാത്തിലും മഹാരാഷ്ട്രയിലും 100 മെഗഹട്‌സും ആന്ധ്ര, രാജസ്ഥാന്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ 50 മെഗഹട്‌സ് വീതവുമാണ് കരാറിലെത്തിയത്. ടെലികോം, ഇന്റര്‍നെറ്റ് സേവനത്തിന് കമ്പനിക്ക് ലൈസന്‍സുണ്ടെങ്കിലും സ്‌പെക്ട്രത്തിന്റെ ഉപയോഗം പ്രധാനമായും ഗ്രൂപ്പിന്റെ വിവിധ ബിസിനസുകളില്‍ ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നത്.
സ്‌പെക്ട്രത്തില്‍ നിന്ന് പിന്‍മാറിയാല്‍ ലേല തുകയായ 212 കോടിക്ക് പുറമെ കഴിഞ്ഞ ഒരു വര്‍ഷത്തെ പിഴയും അദാനി ഗ്രൂപ്പ് വഹിക്കേണ്ടി വരും. ഒരു വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്ന കരാറിലാണ് സ്‌പെക്ട്രം അനുവദിക്കുന്നത്. ഈ സമയത്തിനകം തുടങ്ങിയില്ലെങ്കില്‍ പിന്നീടുള്ള ആദ്യത്തെ 13 ആഴ്ചകളില്‍ ഓരോ ആഴ്ചയും ഒരു ലക്ഷം രൂപ വീതവും പിന്നീടുള്ള 13 ആഴ്ചകളില്‍ 2 ലക്ഷം രൂപ വീതവും ടെലികോം വകുപ്പിന് പിഴ നല്‍കണം. പിഴ തുക അടച്ചു കഴിഞ്ഞെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ലൈസന്‍സ് റദ്ദായേക്കും
രണ്ട് വര്‍ഷമായിട്ടും അദാനി ഡാറ്റ നെറ്റ്‌വര്‍ക്ക്‌സ് സ്‌പെക്ട്രം കരാറിൽ പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് ടെലികോം വകുപ്പ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കമ്പനി ഇതേ രീതിയില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ സ്‌പെക്ട്രം ലൈസന്‍സ് റദ്ദാക്കുമെന്നാണ് സൂചനകള്‍. സാമ്പത്തികവും സാങ്കേതികവുമായ തടസങ്ങള്‍ ഇക്കാര്യത്തില്‍ അദാനി ഗ്രൂപ്പ് നേരിടുന്നുണ്ട്. കമ്പനി എടുത്തിട്ടുള്ള സ്‌പെക്ട്രത്തിന്റെ ശേഷി ഫിക്‌സഡ് വയര്‍ലെസ് ആക്‌സസ് സംവിധാനത്തിന് പര്യാതപ്തമെല്ലെന്നതാണ് സാങ്കേതിക തടസം. അദാനി ഗ്രൂപ്പിന്റെ കമ്പനികളെ മാത്രം ബന്ധിപ്പിച്ചുള്ള സ്‌പെക്ട്രം ഉപയോഗം സാമ്പത്തികമായി നഷ്ടമുണ്ടാക്കുമെന്നും കമ്പനി കണക്കു കൂട്ടുന്നു.