ഇന്ത്യന്‍ ഗൃഹോപകരണ വിപണിയില്‍ പിടിമുറുക്കാന്‍ ഒരുങ്ങി ഷവോമി

Update: 2019-03-01 10:44 GMT

സ്മാര്‍ട്ട്‌ഫോണ്‍ മാത്രമല്ല, ഷവോമിയുടെ വാഷിംഗ് മെഷീനും എയര്‍ കണ്ടീഷണറുമെല്ലാം വീട്ടിലെത്തും. ചൈനീസ് കമ്പനിയായ ഷവോമി ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാണ് ഇന്ത്യന്‍ ഗൃഹോപകരണ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരുങ്ങുന്നത്.

ചൈനയില്‍ 80-100 വിഭാഗങ്ങളില്‍ ഷവോമി ഉല്‍പ്പന്നം വില്‍ക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോള്‍ 10-12 വിഭാഗങ്ങളില്‍ മാത്രമാണ് ഷവോമി ബ്രാന്‍ഡില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യം. കഴിഞ്ഞ വര്‍ഷം തന്നെ ടെലിവിഷന്‍, സ്യൂട്ട്‌കെയ്‌സ് തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ ഇവര്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ സാധ്യതയുള്ള മറ്റ് മേഖലകളിലേക്ക് കടക്കുകയാണ് ലക്ഷ്യമെന്ന് ഷവോമി ഇന്ത്യ മേധാവി പറയുന്നു.

എയര്‍ കണ്ടീഷണര്‍, വാഷിംഗ് മെഷീന്‍, റഫ്രിജറേറ്റര്‍, ലാപ്‌ടോപ്പ്, വാക്വം ക്ലീനര്‍, വാട്ടര്‍ പ്യൂരിഫയര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് മി ബ്രാന്‍ഡില്‍ ഷവോമി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഐഒറ്റി (ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്) സൗകര്യമുള്ള ഉപകരണങ്ങളും ഉണ്ടാകും. ഇതില്‍ ചില ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ തന്നെ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്. ഗൃഹോപകരണ വിപണിയിലേക്കുള്ള ഷവോമിയുടെ കടന്നുവരവ് ഈ രംഗത്ത് ശക്തമായ മല്‍സരം സൃഷ്ടിക്കും.

ഇന്ത്യയിലെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഷവോമിയുടെ വളര്‍ച്ച അതിവേഗവും അതിശയിപ്പിക്കുന്നതുമായിരുന്നു. കൗണ്ടര്‍ പോയന്റ് എന്ന അനാലിസിസ് കമ്പനിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഇവര്‍ക്ക് കഴിഞ്ഞ വര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 28 ശതമാനം വിപണി വിഹിതമാണ് ഉണ്ടായിരുന്നത്.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News