എയര്‍ടെല്‍ ബ്ലാക്ക്; മൂന്ന് സര്‍വീസുകള്‍ ഒരുമിച്ച് ഒരു പായ്ക്കില്‍, ഓഫറുകള്‍ അറിയാം
പോസ്റ്റ്‌പെയ്ഡ്, ഡിടിഎച്ച്, ഫൈബര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ സംയോജിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ഉപയോക്താക്കള്‍ക്ക് എങ്ങനെ ഗുണകരമാകും? വിവിധ ഓഫറുകള്‍ അറിയാം.
പോസ്റ്റ്‌പെയ്ഡ്, ഡയറക്റ്റ്-ടു-ഹോം (ഡിടിഎച്ച്), ഫൈബര്‍ സേവനങ്ങള്‍ എന്നിവ ഒരൊറ്റ ബില്ലില്‍ സംയോജിപ്പിക്കാന്‍ വരിക്കാര്‍ക്ക് സൗകര്യമൊരുക്കുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് എയര്‍ടെല്‍. വിവിധ ഓഫറുകള്‍ അടങ്ങുന്ന 'എയര്‍ടെല്‍ ബ്ലാക്ക്' എന്ന പദ്ധതി വെള്ളിയാഴ്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെയാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ഒരു കസ്റ്റമര്‍ കെയര്‍ നമ്പര്‍, പ്രിയോരിറ്റി സര്‍വീസ് റെസലൂഷന്‍ എന്നിവ പോലുള്ള സവിശേഷതകള്‍ ഒരു ഡെഡിക്കേറ്റഡ് റിലേഷന്‍ഷിപ്പ് ടീം വഴി ഉപയോക്താക്കള്‍ക്ക് ടെലികോം കമ്പനി ലഭ്യമാക്കുന്നു.
പായ്ക്കുകള്‍ ഇങ്ങനെ
ജൂലൈ 2 മുതല്‍ 998 രൂപ മുടക്കിയാല്‍ ഉപയോക്താക്കള്‍ക്ക് തന്നെ ഒന്നിലധികം സേവനങ്ങള്‍ ഒരു പായ്ക്കായി തെരഞ്ഞെടുക്കാനുള്ള അവസരവും ഇതുവഴി ലഭിക്കുന്നു. വിവിധ പായ്ക്കുകള്‍ ഇത്തരത്തില്‍ ലഭ്യമാക്കിയിട്ടുണ്ട് എയര്‍ടെല്‍. ഒരു ഡിടിഎച്ച് കണക്ഷനും രണ്ട് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ കണക്ഷനുകളും ഒരു മാസം 998 രൂപ എന്ന നിരക്കില്‍ എയര്‍ടെല്‍ ബ്ലാക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലെങ്കില്‍ മൂന്ന് മൊബൈല്‍ കണക്ഷനുകളും ഒരു ഡിടിഎച്ച് കണക്ഷനും 1,349രൂപയ്ക്കും ലഭിക്കും.
ഒരു മാസം 1,598 രൂപ മുടക്കിയാല്‍ ഒരു ഫൈബര്‍ കണക്ഷനും രണ്ട് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ കണക്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അല്ലെങ്കില്‍ മൂന്ന് മൊബൈല്‍ കണക്ഷനുകള്‍, ഒരു ഫൈബര്‍, ഡിടിഎച്ച് കണക്ഷന്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന ടോപ്പ് എന്‍ഡ് പ്ലാന്‍ 2,099 രൂപയ്ക്ക് തെരഞ്ഞെടുക്കാം.
ഈ പായ്ക്കുകളൊന്നും വേണ്ടെങ്കില്‍ നിങ്ങളുടെ ഏതെങ്കിലും രണ്ട് കണക്ഷനുകളോ അതുമല്ലെങ്കില്‍ ഏതെങ്കിലും രണ്ട് സേവനങ്ങളോ യോജിപ്പിച്ച് ഒരു പായ്ക്കായും എര്‍ടെല്‍ നല്‍കും. എയര്‍ടെല്‍ ബ്ലാക്ക് പ്രോഗ്രാമിലേക്ക് പോകുന്ന ഉപഭോക്താക്കള്‍ക്ക് ഒരൊറ്റ ബില്ലിംഗ് സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്. അത് ഒന്നിലധികം ബില്‍ പേയ്‌മെന്റ് തീയതികള്‍ ഓര്‍ത്തിരിക്കേണ്ട തലവേദനകളും നീക്കുന്നു.