ആമസോണ്‍ അക്കാദമി ഇന്ത്യയില്‍ അടച്ചുപൂട്ടുന്നു; ഉപഭോക്താക്കള്‍ക്ക് പണം തിരികെ നല്‍കുമെന്ന് കമ്പനി

നിലവിലുള്ള ബാച്ചിന്റെ ടെസ്റ്റ് പ്രിപ്പറേഷന്‍ മൊഡ്യൂള്‍ ആമസോണ്‍ അക്കാദമി പൂര്‍ത്തിയാക്കും. ഘട്ടം ഘട്ടമായി കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കും.

Update: 2022-11-24 11:30 GMT

ആമസോണിന്റെ പഠന പ്ലാറ്റ്‌ഫോമായ ആമസോണ്‍ അക്കാദമിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 2023 ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലെ എഡ്ടെക് ഓഫര്‍ അവസാനിപ്പിക്കുമെന്നും നിലവിലെ അക്കാദമിക് ബാച്ചില്‍ എന്റോള്‍ ചെയ്തിരിക്കുന്നവര്‍ക്ക് മുഴുവന്‍ ഫീസും തിരികെ നല്‍കുമെന്നും ആമസോണ്‍ അറിയിച്ചു.

നിലവില്‍ ഉപഭോക്താക്കള്‍ക്ക് 2024 ഒക്ടോബര്‍ വരെ ഒരു വര്‍ഷത്തേക്ക് മുഴുവന്‍ കോഴ്സ് മെറ്റീരിയലുകളിലേക്കും ഓണ്‍ലൈനില്‍ ലഭ്യമായിരിക്കും. കൂടാതെ, നിലവിലെ അക്കാദമിക് ബാച്ചില്‍ എന്റോള്‍ ചെയ്തിട്ടുള്ളവര്‍ക്ക് അക്കാദമി മുഴുവന്‍ ഫീസും തിരികെ നല്‍കും. ഇത് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചത്. അത്‌കൊണ്ടു തന്നെ നിലവിലുള്ള ബാച്ചിന്റെ ടെസ്റ്റ് പ്രിപ്പറേഷന്‍ മൊഡ്യൂള്‍ ആമസോണ്‍ അക്കാദമി പൂര്‍ത്തിയാക്കും.

എഞ്ചിനീയറിംഗ് കോളേജുകളിലേക്കുള്ള ജോയിന്റ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി 2022 ജനുവരിയിലാണ് ആമസോണ്‍ അക്കാദമി ആരംഭിച്ചത്. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവരില്‍ തുടങ്ങി എല്ലാവരിലും ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ വിദ്യാഭ്യാസം എത്തിക്കുന്നതിനാണ് ഇത് ആരംഭിച്ചത്. 2023 ന്റെ തുടക്കത്തില്‍ ആമസോണ്‍ ലോകമെമ്പാടുമുള്ള ജോലികള്‍ വീണ്ടും വെട്ടിക്കുറയ്ക്കുമെന്നും ആമസോണ്‍ അറിയിച്ചിട്ടുണ്ട്.



Tags:    

Similar News