'ആന്‍ഡ്രോയ്ഡിന്റെ പിതാവ്' സ്മാര്‍ട്ട്ഫോണിനു പുതിയ രൂപവും ഭാവവുമേകുന്നു

Update: 2019-10-10 10:58 GMT

സ്മാര്‍ട്ട്ഫോണ്‍ രൂപഘടനയെ മാറ്റിമറിക്കുന്ന തന്റെ

പരീക്ഷണങ്ങള്‍ വിജയത്തിലേക്കെത്തുന്നതായുള്ള അവകാശവാദവുമായി ആന്‍ഡ്രോയ്ഡ്

ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പിതാവെന്നറിയപ്പെടുന്ന മുന്‍ ഗൂഗിള്‍

എഞ്ചിനീയര്‍ ആന്‍ഡി റൂബിന്‍.

വീതി തീരെ

കുറവും നീളം കൂടുതലുമുള്ള 'പ്രൊജക്ട് ജെം' എന്നു പേരിട്ടിരിക്കുന്ന പുതിയ

ഫോണ്‍ 'എസന്‍ഷ്യല്‍' എന്ന സ്മാര്‍ട്ട്ഫോണ്‍ നിര്‍മാണ കമ്പനിയുടെ സ്ഥാപകന്‍

കൂടിയായ  റൂബിന്‍ അധികം വൈകാതെ വിപണിയിലെത്തിക്കുമെന്നാണ് കരുതുന്നത്.

എസന്‍ഷ്യല്‍ പുറത്തിറക്കുന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ ആണിതെന്നും

പരീക്ഷണഘട്ടത്തിലാണെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.ഒമ്പത് വര്‍ഷത്തെ

സേവനത്തിനു ശേഷം 2014-ലാണ് ഒരു ലൈംഗികാപവാദത്തെത്തുടര്‍ന്ന് 56 കാരനായ

റൂബിന്‍ ഗൂഗിള്‍ വിട്ടതും തുടര്‍ന്ന് എസന്‍ഷ്യല്‍ സ്ഥാപിച്ചതും. 

വീതി

തീരെ കുറവും നീളം കൂടുതലുമുള്ള പുതിയ സ്മാര്‍ട്ട്ഫോണിന് റിമോട്ട്

കണ്‍ട്രോളിന്റെ ഏകദേശ രൂപമാണ്. ഫോണിന്റെ ചിത്രങ്ങള്‍ റൂബിന്‍ സോഷ്യല്‍

മീഡിയയിലൂടെ പുറത്തുവിട്ടു. പുതിയ ഫോണിന്റെ പ്രധാന ആകര്‍ഷം നീളമുള്ള യൂസര്‍

ഇന്റര്‍ഫേസ് തന്നെ. ഇപ്പോഴുള്ള സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് തീര്‍ത്തും

വ്യത്യസ്തമായ രൂപഘടനയുള്ള ഫോണില്‍ കാര്‍ഡ് രൂപത്തിലുള്ള ആപ്പുകളും വലിയ

ബട്ടണുകളും കാണാം. പിറകുവശത്ത് വലുതായി ക്യാമറയും തൊട്ടുതാഴെ

ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്ന് തോന്നിക്കുന്ന അടയാളവുമുണ്ട്.

ആന്‍ഡ്രോയ്ഡില്‍ ആയിരിക്കുമോ ഇത് പ്രവര്‍ത്തിക്കുക എന്ന കാര്യം

വ്യക്തമല്ല.

നിരന്തര പരീക്ഷണങ്ങളുടെ

രംഗവേദിയാണ് സ്മാര്‍ട്ട്ഫോണ്‍ വിപണി. ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി

സ്‌ക്രീനിന്റെ വലുപ്പത്തിലും ക്യാമറയുടെ മികവിലും ഫോണിന്റെ കനത്തിലുമെല്ലാം

വലിയ പരീക്ഷണങ്ങളാണ് വിവിധ കമ്പനികള്‍ നടത്തുന്നത്. എഡ്ജ്, നോച്ച്

ഡിസ്പ്ലേ സങ്കല്‍പങ്ങളും ഓണ്‍സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറുമെല്ലാം

ഇന്ന് സാധാരണ സ്മാര്‍ട്ട്ഫോണുകളിലും എത്തിക്കഴിഞ്ഞു.

Similar News