കയറ്റുമതിയില്‍ സാംസംഗിനെ മറികടന്ന് ആപ്പിള്‍
നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 12, 13, 14, 14+ എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്
ഇന്ത്യയില്‍ നിന്ന് ഒരു മാസത്തിനുള്ളില്‍ ഒരു ശതകോടി ഡോളര്‍ (8,100 കോടി രൂപ) മൂല്യമുള്ള സ്മാര്‍ട്ട്ഫോണുകള്‍ കയറ്റുമതി ചെയ്യുന്ന ആദ്യത്തെ കമ്പനിയായി ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ മാറിയതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡിസംബര്‍ മാസത്തിലാണ് ആപ്പിള്‍ ഈ നേട്ടം കൈവരിച്ചത്. മാത്രമല്ല മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയും 10,000 കോടിക്ക് മുകളിലെത്തിയതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. ചൈനയില്‍ നിന്നും എത്ര വേഗത്തില്‍ ആപ്പിള്‍ ഇന്ത്യയിലേക്ക് അടിത്തറ മാറ്റുന്നു എന്നതിന്റെ സൂചകമാണ് ആപ്പിള്‍ സ്മാര്‍ട്ട്ഫോണുകളുടെ ഡിസംബറിലെ ഈ റെക്കോര്‍ഡ് കയറ്റുമതി.
ഇന്ത്യയില്‍ പൊതുവേ ആപ്പിളും സാംസംഗും സ്മാര്‍ട്ട്ഫോണുകളുടെ മുന്‍നിര കയറ്റുമതിക്കാരാണ്. ഇതില്‍ സാംസംഗാണ് ഏറ്റവും മുന്നില്‍ നിനനിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ സാംസംഗിനെ പിന്തള്ളി കയറ്റുമതിയില്‍ ആപ്പിള്‍ മുന്നിലെത്താന്‍ തുടങ്ങി. പതിവ് അറ്റകുറ്റപ്പണികള്‍ക്കായി ഡിസംബറില്‍ ഏകദേശം 15 ദിവസത്തോളം സാംസംഗിന്റെ ഉല്‍പ്പാദന യൂണിറ്റ് അടച്ചിരുന്നു. ഇത് പൂര്‍ണ്ണ ശേഷിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ മൊത്തം കയറ്റുമതി കൂടുതല്‍ ഉയരുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 12, 13, 14, 14+ എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്. ഫോക്സ്‌കോണ്‍, വിസ്ട്രോണ്‍, പെഗാട്രോണ്‍ എന്നിവരാണ് ഈ ഫോണുകളുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്. മറ്റ് ചില ചെറുകിട കയറ്റുമതിക്കാരും ഐഫോണുകള്‍ കയറ്റുമതി ചെയ്യുന്നതായി റിപ്പോര്‍ട്ട് പറയുന്നു. കേന്ദ്രത്തിന്റെ പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) പദ്ധതിയിലെ പങ്കാളികളാണിവര്‍. പിഎല്‍ഐ പദ്ധതിയുടെ വിജയമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നതെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് അസോസിയേഷന്‍ (ICEA) ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രൂ പറഞ്ഞു.