'ആപ്പിൾ' എന്നാൽ ഇനി ഫോണും ലാപ്ടോപ്പും മാത്രമല്ല!

Update:2019-03-26 12:01 IST

'ആപ്പിൾ' ഇതാ വീണ്ടും ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. ഇത്തവണ പക്ഷേ പുതിയ ഐഫോൺ അവതരിപ്പിച്ചിട്ടല്ല, പകരം ഇതുവരെ അന്യമായിരുന്ന പുതിയ മേഖലകളിയ്ക്ക് കടന്നുചെന്നുകൊണ്ടാണ് ലോകത്തെ ഏറ്റവും വലിയ ടെക്ക് കമ്പനി എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

ആപ്പിൾ ടിവി പ്ലസ്, ന്യൂസ് പ്ലസ്, ക്രെഡിറ്റ് കാര്‍ഡ്, മാഗസിന്‍ സബ്‌സ്‌ക്രിപ്ഷന്‍, ഗെയിമിങ് സേവനം തുടങ്ങിയവയാണ് ആപ്പിള്‍ പുതിയതായി പരിചയപ്പെടുത്തിയത്.

ആപ്പിള്‍ ന്യൂസ് പ്ലസ്

Image credit: apple.com

മുന്നൂറിലധികം മാഗസിനുകൾ ഒറ്റ സബ്‌സ്‌ക്രിപ്ഷനില്‍ ലഭ്യമാക്കുന്ന സേവനമാണ് ന്യൂസ് പ്ലസ്. ഇതിനായി ആപ്പിൾ ന്യൂസ് ആപ്പ് ഉണ്ട്. ഇപ്പോൾ യുഎസിലും കാനഡയിലും മാത്രമാണ് ന്യൂസ് പ്ലസ് സേവനം ലഭിക്കുക. നാഷണല്‍ ജ്യോഗ്രഫിക്, ദി ന്യൂയോര്‍ക്കര്‍, പോപ്പുലര്‍ സയന്‍സ്, വോഗ് തുടങ്ങിയ മാഗസിനുകളും ലോസ് ആഞ്ജൽസ് ടൈംസ്, ദി വോള്‍സ്ട്രീറ്റ് ജേണല്‍ തുടങ്ങിയ പത്രങ്ങളുമടക്കം ലഭ്യമാകും. ആദ്യമാസം സൗജന്യമായിരിക്കും. സാധാരണ ഓൺലൈൻ മാഗസിൻ സബ്‌സ്‌ക്രിപ്‌ഷനിൽ നിന്ന് വ്യത്യസ്തമായ റീഡർ എക്സ്പീരിയൻസ് ആയിരിക്കും ആപ്പിൾ പ്രദാനം ചെയ്യുക.

ആപ്പിള്‍ ടിവി പ്ലസ്

Image credit: apple.com

ഇതിനോടൊപ്പം അവതരിപ്പിച്ച ഉൽപന്നമാണ് ആപ്പിൾ ടിവി പ്ലസ്. നെറ്റ്ഫ്ലിക്‌സ് പോലുള്ള വീഡിയോ സ്ട്രീമിങ് സേവനമായിരിക്കും ഇതും. ഒറിജിനൽ സീരീസുകൾ, സിനിമകൾ, ഡോക്യൂമെന്ററികൾ എന്നിവ ലഭ്യമാക്കുന്ന സബ്‌സ്‌ക്രിപ്ഷൻ സേവനമായിരിക്കും ഇതു നൽകുക. ഓപ്ര വിൻഫ്രേ, സ്റ്റീവൻ സ്പീൽബർഗ്, ജെന്നിഫർ ആനിസ്റ്റൻ, റീസ് വിതർസ്പൂൺ തുടങ്ങിയ വലിയൊരു താരനിരതന്നെ ഇതുമായി ചേർന്ന് പ്രവർത്തിക്കും.

ആപ്പിൾ ടിവി, ടിവി പ്ലസ് എന്നിവയുൾപ്പെടെയുള്ള സേവങ്ങൾ എല്ലാം ആപ്പിൾ ടിവി ആപ്പിൽ ലഭ്യമാകും. മേയ് 2019 മുതൽ ടിവി ആപ്പും, ആപ്പിൾ ടിവി ചാനലുകളും ലഭ്യമായിത്തുടങ്ങും.

ആപ്പിള്‍ കാര്‍ഡ്

Image credit: apple.com

ആപ്പിളിന്റെ ഏറ്റവും ഇന്നവേറ്റീവായ പ്രൊഡക്ടുകളിൽ ഒന്നാണ് ആപ്പിൾ കാർഡ്. ഇതൊരു ക്രെഡിറ്റ് കാർഡാണ്. ഐഫോണിലെ ആപ്പിൾ വാലറ്റ് ആപ്പുമായി ബന്ധിപ്പിച്ചിരിക്കുകയാണ് ഈ കാർഡിനെ. ഗോള്‍ഡ്മാന്‍ സാക്ക്സിന്റെ പിന്തുണയോടെയാണ് കാർഡ് പ്രവർത്തിക്കുക. എന്നാൽ എന്താണ് മറ്റ് ക്രെഡിറ്റ് കാർഡുകളിൽ നിന്നും ആപ്പിൾ കാർഡിനെ വ്യത്യസ്തമാക്കുന്നത്? തിരിച്ചടവ് വൈകിയാൽ പിഴയുണ്ടായിരിക്കില്ല.

വാര്‍ഷിക നിക്ഷേപം ആവശ്യമില്ല. ലോകത്ത് എവിടെയും സ്വീകാര്യമായിരിക്കും. ആപ്പിള്‍ കാര്‍ഡിലൂടെ എന്തെങ്കിലും വാങ്ങുമ്പോള്‍ രണ്ടു ശതമാനം കിഴിവ് അപ്പോള്‍ തന്നെ ലഭ്യമാണ്. ആപ്പിളിന്റെ എന്തെങ്കിലും പ്രൊഡക്ടാണു വാങ്ങുന്നതെങ്കില്‍ കിഴിവ് മൂന്നു ശതമാനമായിരിക്കും. ഡെയ്‌ലി കാഷ് എന്ന ഫീച്ചറിലൂടെ ഈ ഇളവുകൾ ഉടൻ തിരിച്ചു കിട്ടും. സ്വകാര്യത ഉറപ്പാക്കുന്ന സേവനമായിരിക്കുമിതെന്നാണ് ആപ്പിളിന്റെ വാഗ്ദാനം.

ആപ്പിള്‍ ആര്‍ക്കെയ്ഡ്

Image credit: apple.com

പ്രീമിയം ഗെയിമുകളുടെ സബ്‌സ്‌ക്രിഷന്‍ പാക്കേജാണ് ആപ്പിള്‍ ആര്‍ക്കെയ്ഡ്. എല്ലാ ആപ്പിള്‍ ഡിവൈസുകളിലും ഇങ്ങനെ സബ്‌സ്‌ക്രൈബ് ചെയ്ത ഗെയിമുകള്‍ കളിക്കാം. ഐഫോണില്‍ തുടങ്ങിയ ഗെയിം ഐപാഡിലോ ആപ്പിള്‍ ടിവിയിലോ തുടരാം.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ  Click Here . നമ്പർ സേവ്  ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കുക. 

Similar News