അടിയന്തരഘട്ടത്തില്‍ സഹായം, ഐഫോണില്‍ സാറ്റ്‌ലൈറ്റ് ഫീച്ചര്‍ ഉള്‍പ്പെടുത്താനൊരുങ്ങി ആപ്പിള്‍

ഈ മാസം പകുതിയോടെ ആപ്പിള്‍ തങ്ങളുടെ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്

Update:2021-09-01 15:20 IST

അടിയന്തരഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് പുത്തന്‍ ഫീച്ചര്‍ ഐഫോണുകളില്‍ ഉള്‍പ്പെടുത്താനൊരുങ്ങി ആപ്പിള്‍. ഭാവിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഐഫോണുകളില്‍ സാറ്റ്‌ലൈറ്റ് സാങ്കേതിക വിദ്യകള്‍ കൂടി ഉള്‍പ്പെടുത്താനാണ് ടെക് വമ്പന്മാര്‍ ലക്ഷ്യമിടുന്നത്. ഇതുവഴി, സെല്ലുലാര്‍ കവറേജുകളില്ലാത്ത മേഖലകളില്‍ അടിയന്തര സഹായം ആവശ്യമായി വന്നാല്‍ സാറ്റ്‌ലൈറ്റ് ഫീച്ചറിലൂടെ ഉപഭോക്താവിന് സന്ദേശങ്ങള്‍ അയക്കാനും, ആശയവിനിമയം നടത്താനും സാധിക്കും.

ഇതിന്റെ മുന്നോടിയായ സാറ്റലൈറ്റ് നെറ്റ്വര്‍ക്കുകളുമായി ബന്ധപ്പെട്ട രണ്ട് ഫീച്ചറുകള്‍ കമ്പനി വികസിപ്പിച്ചുവെന്ന് കമ്പനിയുമായുള്ള അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആപ്പിള്‍ സാറ്റലൈറ്റ് സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2017 മുതല്‍ കമ്പനിയുടെ ഒരു ടീം ഈ മേഖലയില്‍ പര്യവേക്ഷണം നടത്തിവരികയാണ്.
നിലവില്‍ രണ്ട് സവിശേഷതകളാണ് ആപ്പിള്‍ വികസിപ്പിച്ചെടുത്തത്, എന്നിരുന്നാലും ഈവര്‍ഷം വരാനിരിക്കുന്ന ഐഫോണില്‍ ഈ സവിശേഷത ഉള്‍പ്പെടുത്തുമോ എന്ന കാര്യം സംശയമാണ്. സെല്‍ സിഗ്‌നല്‍ ലഭ്യമല്ലാത്തപ്പോള്‍ സാറ്റലൈറ്റ് നെറ്റ്വര്‍ക്കിലൂടെ അടിയന്തര സേവനങ്ങളും കോണ്‍ടാക്റ്റുകളും ടെക്സ്റ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് വികസിപ്പിച്ചെടുത്ത ഒന്നാമത്തെ ഫീച്ചര്‍. കൂടാതെ, വിമാനാപകടങ്ങളും കപ്പല്‍ മുങ്ങുകയോ ചെയ്താല്‍ ആശയവിനിമയം നടത്താനുള്ള സവിശേഷതയുമാണ് കമ്പനി വികസിപ്പിച്ചിട്ടുള്ളത്.
അതേസമയം, ഈ മാസം പകുതിയോടെ ആപ്പിള്‍ തങ്ങളുടെ ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. പുതിയ മോഡലില്‍ ക്യാമറ ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍ അപ്ഗ്രേഡുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Tags:    

Similar News