ആപ്പിള്‍, വണ്‍പ്ലസ്, സാംസംഗ്.... 2022 കാത്തിരിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍

മെറ്റാവേഴ്‌സുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് അവതരിച്ചാല്‍ വിആര്‍ ഹെഡ്‌സെറ്റുകളും വ്യാപകമാവും

Update:2021-12-31 17:45 IST

ഏറ്റവും വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ടെക്‌നോളജികള്‍ ഏത് മേഖലയിലാണെന്ന് ചോദിച്ചാല്‍ അതിന് ഉത്തരം സ്മാര്‍ട്ട്‌ഫോണുകള്‍ എന്നായിരിക്കും. 2021ല്‍ നിരവധി മാറ്റങ്ങളാണ് നാം കണ്ടത്. 5ജി നെറ്റ്വര്‍ക്ക് എത്താതെ തന്നെ 5ജി ഫോണുകള്‍ ഇന്ത്യയില്‍ വലിയ വില്‍പ്പന നേടി. മെഗാപിക്‌സലുകളുടെ കണക്കിലും ബാറ്ററിയുടെ വലുപ്പത്തിലും സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍ അത്ഭുതപ്പെടുത്തി.

ഈ വര്‍ഷം എത്തിയ മടക്കാവുന്ന സ്മാര്‍ട്ട് ഫോണുകളുടെ ഭാവി 2022ല്‍ അറിയാം. ഇതുവരെ വ്യാപകമായിട്ടില്ലാത്ത വയര്‍ലെസ് ചാര്‍ജറുകള്‍ ഒരുപക്ഷെ വരും നാളുകളില്‍ കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചേക്കാം. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ്‌സെറ്റ്, കൂടുതല്‍ സവിശേഷതകള്‍ ഉള്ള ക്യാമറ, പവര്‍ഫുള്‍ ഹാർഡ്‌വെയര്‍, സെക്യൂരിറ്റി തുടങ്ങിയവയാണ് 2022ല്‍ എത്തുന്നത്. ഇതിനിടയില്‍ മെറ്റാവേഴ്‌സുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് 2022ല്‍ അവതരിച്ചാല്‍ വിആര്‍ ഹെഡ്‌സെറ്റുകളും വ്യാപകമാവും.
2021 പിന്നിടുമ്പോള്‍ ഉണ്ടായ മറ്റൊരു പ്രധാനമാറ്റം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളുടെ ഉല്‍പ്പന്ന വൈവിധ്യം തന്നെയാണ്. റിയല്‍മിയും, മോട്ടോറോളയും, വണ്‍പ്ലസുമൊന്നും കേവലം മൊബൈല്‍ ബ്രാന്‍ഡുകള്‍ മാത്രമല്ല. ടിവി മുതല്‍ ലാപ്‌ടോപ്പ് വരെ പുറത്തിറക്കുന്ന ബ്രാന്‍ഡുകളായി പലരും മാറി. ഒരേ പ്രൈസ് റേഞ്ചില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കുന്ന ഗാഡ്ജറ്റുകളുടെ എണ്ണം കൂടി എന്നതാണ് ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം 2021 നല്‍കിയ നേട്ടം.
സാസംസഗ് ഗ്യാലക്‌സി എസ്22 സീരീസും ഗ്യാലക്‌സി എസ്21 എസ്ഇയും
സാംസംഗിന്റെ ഏറ്റവും പവര്‍ഫുള്‍ എന്ന് വിശേഷിപ്പിക്കാവുന്ന പ്രീമിയം ഫോണുകളാണ് ഗ്യാലക്‌സി എസ് സീരീസ് ഫോണുകള്‍. ഫെബ്രുവരിയില്‍ ഗ്യാലക്‌സി എസ്22 സീരീസ് (Galaxy S22 series) പുറത്തിറങ്ങുമെന്നാണ് വിവരം. 2022ല്‍ ആദ്യം എത്തുക ഗ്യാലക്‌സി എസ്21എസ്ഇയും (Galaxy s21 SE) ആയിരിക്കും.
ആന്‍ഡ്രോയിഡ് 12 അധിഷ്ടിത വണ്‍ ui4.0 ഓഎസിലായിരിക്കും സാംസംഗിന്റെ ഫോണുകള്‍ എത്തുക. ശക്തമായ ഹാർഡ്‌വെയറും പുത്തന്‍ ഡിസൈനും കമ്പനി അവതരിപ്പിച്ചേക്കും. ഗ്യാലക്‌സി എസ് 22 അള്‍ട്രാ, എസ്22 നോട്ട് എന്നിവയാണ് പുതിയ സീരിസില്‍ നിന്ന് എത്തുന്ന ഫോണുകള്‍.
വണ്‍പ്ലസ് ഫോണുകള്‍
ജനുവരി ആദ്യം വണ്‍പ്ലസ് 10 സീരീസ് (Oneplus 10 series) അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വണ്‍പ്ലസ് 10, 10 പ്രൊ എന്നിങ്ങനെ രണ്ട് മോഡലുകളാവും പുറത്തിറക്കുക. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 ചിപ്പ് സെറ്റുകള്‍ ഈ ഫോണുകളില്‍ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. അതേ സമയം ഓപ്പോയുടെ കളര്‍ ഒഎസും, വണ്‍പ്ലസിന്റെ ഓക്‌സിജന്‍ ഒഎസും ഒന്നിക്കുന്ന പുതിയ ഓഎസ് ആയിരിക്കും 10 സീരിസിലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. താമസിയാതെ പലയെ വണ്‍പ്ലസ് ഫോണുകള്‍ക്കും ഈ ഒഎസ് അപ്‌ഡേഷന്‍ ലഭിക്കും. മീഡിയടെക്ക് ഡൈമണ്‍സിറ്റി പ്രൊസസറില്‍ എത്തുന്ന വണ്‍പ്ലസ് നോര്‍ഡ്2 സിഇ ആയിരിക്കും കമ്പനി പുതുവര്‍ഷം അവതരിപ്പിക്കുന്ന മറ്റൊരു മോഡല്‍.
ആപ്പിള്‍ ഐഫോണ്‍ 14, ഐഫോണ്‍ എസ്ഇ3
വമ്പന്‍ മാറ്റങ്ങളോടെ ഐഫോണ്‍ 14 (Iphone 14) അടുത്ത സെപ്റ്റംബറോടെ എത്തിയേക്കും. പുതിയ എ16 ബയോണിക് ചിപ്പ്‌സെറ്റുകള്‍, പഞ്ച്‌ഹോള്‍ ഡിസൈന്‍, 48 എംപി ക്യാമറ തുടങ്ങിയവ ഐഫോണ്‍ 14ന്റെ സവിശേഷതകളായിരിക്കും എന്നാണ് അഭ്യൂഹങ്ങള്‍. പ്രൊ മോഡലുകള്‍ക്ക് 2 ടിബിവരെ സ്‌റ്റോറേജ്, വൈഫൈ 6ഇ സപ്പോര്‍ട്ട്, വലിയ ബാറ്ററി, മെച്ചപ്പെട്ട ഡിസ്‌പ്ലെ പാനല്‍ തുടങ്ങിയവയാണ് പ്രതീക്ഷിക്കുന്ന മറ്റ് സവിശേഷതകള്‍. ഐഫോണ്‍ 14ന് സിം സ്ലോട്ട് ഉണ്ടാകില്ലെന്നും നോച്ച് പൂര്‍ണമായും ഒഴിവാക്കിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഐഫോണ്‍ എസ്ഇ 5ജി ആണ് ആപ്പിളില്‍ നിന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മോഡല്‍.
ഗൂഗില്‍ പിക്‌സല്‍
സോഫ്റ്റ് വെയറിന്റെ മികവും ക്യാമറയും കൊണ്ട് ആരാധകരെ സൃഷ്ടിച്ച മോഡലുകളാണ് ഗൂഗിള്‍ പിക്‌സലിന്റേത്. എല്ലാ മോഡലുകളും കൃത്യമായി ഇന്ത്യയില്‍ ഗൂഗിള്‍ അവതരിപ്പിക്കാറില്ല എന്നതാണ് ആരാധകരുടെ പ്രധാന പരാതി. ഗൂഗിളിന്റെ ടെന്‍സര്‍ പ്രൊസസറില്‍ എത്തിയ പിക്‌സല്‍ 6, 6 പ്രൊ മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നില്ല. പകരം പുതുതായി എത്തുന്ന 6എ (google pixel 6a) ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഓപ്പോ ഫൈന്‍ഡ് എന്‍, ഷവോമി 12
ഡിസ്‌പ്ലെ മടക്കാവുന്ന (foldable) ഓപ്പോയുടെ ആദ്യ ഫോണായിരിക്കും ഫൈന്‍ഡ് എന്‍ (oppo find N). നിലവില്‍ ഇത്തരം ഫോണുകള്‍ പുറത്തിറക്കുന്ന മോട്ടോ, സാംസംഗ്, ഹുവാവെ എന്നിവരാകും ഓപ്പോ ഫൈന്‍ഡിന്റെ എതിരാളികള്‍. 7.9 ഇഞ്ച് ആണ് ഫോണിന്റെ ഡിസ്‌പ്ലെ വലുപ്പം. ചൈനയില്‍ വില്‍പ്പന ആരംഭിച്ച ഫൈന്‍ഡ് 2022 ആദ്യം ഇന്ത്യയിലെത്തും.
പുതുവര്‍ഷം എത്തുന്ന പ്രീമിയം മോഡലാണ് ഷവോമി 12. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 1 പ്രൊസസറിലെത്തുന്ന ഫോണിന് 50 എംപിയുടെ പ്രൈമറി ക്യാമറയാണ് ഷവോമി നല്‍കിയിരിക്കുന്നത്. ഷവോമി 12x, ഷവോമി 12, ഷവോമി 12 പ്രൊ എന്നീ മൂന്ന് മോഡലുകളാണ് 12 സീരീസില്‍ കമ്പനി അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ മോട്ടോറോള എഡ്ജ് സീരീസ്, നോക്കിയ എക്‌സ് സീരീസ്, റിയല്‍മി ജിടി, നാര്‍സോ സീരുസുകളും 2022ല്‍ എത്തും.


Tags:    

Similar News