ഇന്ത്യയിൽ 4 ഐഫോണുകളുടെ വില്പന ആപ്പിൾ നിർത്തുന്നു

Update: 2019-07-15 05:50 GMT

പുതിയ ബിസിനസ് സ്ട്രാറ്റജിയുടെ ഭാഗമായി ഇന്ത്യയിൽ നാല് ഐഫോണുകളുടെ വില്പന ആപ്പിൾ നിർത്തുന്നു. വില്പനയുടെ അളവ് കൂട്ടുന്നതിന് പകരം മൂല്യം ഉയർത്താൻ ലക്ഷ്യമിടുകയാണ് കമ്പനി ഇപ്പോൾ. 

ഐഫോൺ നിരയിൽ ഏറ്റവും വിലകുറഞ്ഞ നാല് ഫോണുകളുടെ വിൽപ്പനയാണ് ആപ്പിൾ നിർത്തുന്നത്. ഐഫോൺ SE, ഐഫോൺ 6, ഐഫോൺ 6 Plus, ഐഫോൺ 6s Plus എന്നിവയാണവ.

ഇനി ഒരു എൻട്രി-ലെവൽ ഐഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്ന ഉപഭോക്താവ് 8,000 രൂപ അധികം മുടിക്കേണ്ടി വരുമെന്നർത്ഥം. ഈ നാല് ഫോണുകളുടെ സ്റ്റോക്ക് തീർന്നാൽ, ഐഫോൺ 6s ആയിരിക്കും ഐഫോണിന്റെ എൻട്രി-ലെവൽ ഫോൺ. ഇതിന് 29,500 രൂപയാണ് വില. 

നിലവിലെ എൻട്രി-ലെവൽ ഫോണായ ഐഫോൺ SE 21,000-22,000 രൂപയ്ക്കാണ് വിൽക്കുന്നത്. ആമസോൺ അടക്കം പല ഇ-കോമേഴ്‌സ് സൈറ്റുകളിലും ഈ നാല് മോഡലുകൾ ഔട്ട് ഓഫ് സ്റ്റോക്ക് ആയിട്ടുണ്ട്. 

2018-19 സാമ്പത്തിക വർഷത്തിൽ വില്പന കുറഞ്ഞെങ്കിലും വരുമാനവും ലാഭവും ഉയർന്നതാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കടക്കാൻ ആപ്പിളിനെ പ്രേരിപ്പിച്ചത്. 

Similar News