ആപ്പിള്‍ ഗെയ്മിംഗ് മേഖലയിലേക്ക് കടക്കുന്നു, ഇ-സ്‌പോര്‍ട്‌സ് പിസി അവതരിപ്പിക്കും

Update: 2020-01-02 10:53 GMT

ഈ വര്‍ഷം പെഴ്‌സണല്‍ കംപ്യൂട്ടര്‍ ഗെയ്മിംഗ് ഇന്‍ഡസ്ട്രിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് ആപ്പിള്‍. ഇതിന്റെ ഭാഗമായി 2020 WWDC കോണ്‍ഫറന്‍സില്‍ ഇ-സ്‌പോര്‍ട്ട്‌സ് മാക് എന്ന പുതിയ പ്രീമിയം പെഴ്‌സണല്‍ കംപ്യൂട്ടര്‍ അവതരിപ്പിക്കും. വിലയില്‍ മുന്നിട്ട് നില്‍ക്കുന്ന ഇതിന്റെ നിരക്ക് 5000 ഡോളറിന് മുകളിലേക്കായിരിക്കും.

ഇതാദ്യമായാണ് ആപ്പിള്‍ പിസി ഗെയ്മിംഗ് മേഖലയിലേക്ക് കടക്കുന്നത്. എന്നിരുന്നാലും പുതിയ ഗെയ്മിംഗ് കംപ്യൂട്ടര്‍ മാക് പ്രോ ആണോ ഐമാക് ആണോ എന്ന കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടില്ല. ആഗോള ഇ-സ്‌പോര്‍ട്‌സ് വിപണി വരുമാനം 2018നെ അപേക്ഷിച്ച് 2019ല്‍ 26.7 ശതമാനം ഉയര്‍ന്ന് 1.1 ബില്യണ്‍ ഡോളറായി മാറി. അതിവേഗം വളരുന്ന ഈ വിപണിയിലേക്ക് കടന്ന് സ്വന്തമായി സ്ഥാനമുറപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വ്യക്തം.

സെപ്റ്റംബര്‍ 2019ല്‍ ആപ്പിള്‍ ആര്‍ക്കേഡ് സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ അവതരിപ്പിച്ചിരുന്നു. 99 രൂപയുടെ ആപ്പിള്‍ ആര്‍ക്കേഡ് പ്ലാനാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇതുസരിച്ച് വരിക്കാര്‍ക്ക് ഐഫോണ്‍,ഐപാഡ്, ആപ്പിള്‍ ടിവി, മാക് സിസ്റ്റം തുടങ്ങിയവയില്‍ ഗെയിം കളിക്കാം. ഫാമിലി പ്ലാനാണെങ്കില്‍ ആറ് പേര്‍ക്ക് ഉപയോഗിക്കാം. ഇപ്പോള്‍ 100ലേറെ ഗെയ്മുകളാണ് ആപ്പിള്‍ ആര്‍ക്കേഡ് സേവനത്തിലുള്ളത്.

ആപ്പിള്‍ തങ്ങളുടെ 11 ഇഞ്ച് ഐപാഡ്, 12.9 ഇഞ്ച് ഐപാഡ് പ്രോ മോഡലുകള്‍, ഐഫോണ്‍ 11 പ്രോ തുടങ്ങിയ മോഡലുകള്‍ നവീകരിക്കാന്‍ പദ്ധതിയിടുന്നുവെന്ന് അഭ്യൂഹങ്ങളുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News