5000 രൂപയ്ക്കു താഴെയുള്ള സ്മാര്‍ട്ട്ഫോണ്‍ ഇനിയില്ല

Update: 2020-02-11 08:34 GMT

5,000 രൂപയില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണുകളുടെ കാലഘട്ടത്തിനു വിരാമം വരാന്‍ പോകുന്നുവെന്ന് വിപണി വിദഗ്ധര്‍. പ്രമുഖ മൊബൈല്‍ ഹാന്‍ഡ്സെറ്റ് നിര്‍മ്മാതാക്കള്‍ ഉടന്‍ തന്നെ ഈ വിഭാഗത്തോടു വിട പറയുമെന്ന് വ്യവസായ എക്‌സിക്യൂട്ടീവുകളും അനലിസ്റ്റുകളും പറയുന്നു.കുറഞ്ഞ ഡിമാന്‍ഡും ഉയര്‍ന്ന വിതരണച്ചെലവുമാണ് ഈ 'എന്‍ട്രി ലെവല്‍' ഹാന്‍ഡ്സെറ്റുകള്‍ക്കു ഭീഷണിയായി മാറിയത്.

അയ്യായിരം രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പന 2019 ല്‍ 45% കുറഞ്ഞു. 2018 ലെ 25% ഇടിവിന് ശേഷമാണ് നിരക്ക് ഇത്രയും താഴ്ന്നതെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പറയുന്നു. മൊത്തത്തിലുള്ള സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഈ സെഗ്മെന്റിന്റെ വിഹിതം 2019 ലെ 4 ശതമാനത്തില്‍ നിന്ന് ഈ വര്‍ഷം വെറും 2 ശതമാനമായി ചുരുങ്ങുമെന്ന് പ്രവചിക്കപ്പെടുന്നതിനാല്‍ അധോഗതിയുടെ മൂര്‍ച്ച ഏറുന്നു.

പ്രമുഖ മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ ഐഡിസിയുടെ ഡാറ്റ പ്രകാരം ഇന്ത്യയില്‍ വില്‍ക്കുന്ന സ്മാര്‍ട്ട്ഫോണുകളുടെ ശരാശരി വില്‍പ്പന വില ഈ വര്‍ഷം 170 ഡോളറിലെത്തും ( 12200 രൂപ). 2019 ലെ 160 ഡോളറും 2018 ലെ 159 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ തുക വളരെ ഉയരത്തിലേക്കാണു നീങ്ങുന്നത്.5,000 ഡോളറില്‍ താഴെ വിലയുള്ള സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കിയ അവസാന ടയര്‍ -1 ബ്രാന്‍ഡായ ഷവോമിയും ഇപ്പോള്‍ ഉയര്‍ന്ന വിലയുള്ള വിഭാഗങ്ങളിലേക്ക് നീങ്ങുകയാണെന്ന് കൗണ്ടര്‍പോയിന്റ് ടെക്നോളജി മാര്‍ക്കറ്റ് റിസര്‍ച്ചിലെ റിസര്‍ച്ച് ഡയറക്ടര്‍ നീല്‍ ഷാ പറഞ്ഞു.

എന്‍ട്രി ലെവല്‍ വിഭാഗത്തില്‍ ഷവോമിക്ക് 40% ഓഹരിയാണുള്ളത്. ഇന്ത്യന്‍ ബ്രാന്‍ഡുകളായ ലാവയും മൈക്രോമാക്സും ഒരുമിച്ചാലും 2 ശതമാനത്തില്‍ താഴെയാണു വിഹിതം. പുതുക്കിയെടുക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് ഫോണുകളുമായുള്ള മത്സരത്തിലും കുറഞ്ഞ വിലയുള്ള സ്മാര്‍ട്ട്ഫോണുകള്‍ പിന്തള്ളപ്പെടുന്നു. സാങ്കേതികതയുടെ പോരായ്മയാല്‍ തൃപ്തികരമായ ഡിജിറ്റല്‍ അനുഭവം നല്‍കാന്‍ കഴിയാത്തതാണ് അവയുടെ പ്രശ്‌നമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

എന്നിരുന്നാലും, എന്‍ട്രി ലെവല്‍ സ്പെയ്സില്‍ ഇപ്പോഴും വലിയ സാധ്യതകളുണ്ടെന്ന് ചില വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. കാരണം ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്ന 450 ദശലക്ഷം പേരുണ്ട് ഇപ്പോഴും. അവരില്‍ നല്ലൊരു പങ്കും ഇത്തരം ഫോണുകളിലൂടെയാകും പുരോഗമന ഡിജിറ്റല്‍ അനുഭവം തേടുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News