സമ്പന്നര്‍ക്ക് കൂടുതല്‍ നികുതി കൊടുത്തുകൂടേ? ബില്‍ ഗേറ്റ്‌സ് ചോദിക്കുന്നു

Update: 2020-01-03 12:24 GMT

ലോകത്തിലെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് ബില്‍ ഗേറ്റ്‌സ്. അദ്ദേഹം തന്നെപ്പോലെ സമ്പന്നരായ മറ്റുള്ളവരോട് വളരെ പ്രസക്തമായ ഒരു കാര്യം ആവശ്യപ്പെടുന്നു. താനും ഭാര്യയും ഉള്‍പ്പെടുന്ന സമ്പന്നര്‍ ഉയര്‍ന്ന നികുതി നല്‍കണമെന്നാണ് അദ്ദേഹം പറയുന്നത്.

സ്റ്റേറ്റ്, ലോക്കല്‍ ഗവണ്‍മെന്റുകളോട് കൂടുതല്‍ നീതിപൂര്‍വ്വമായ ഒരു നികുതി സമ്പ്രദായം പിന്തുടരാനും അദ്ദേഹം ആവശ്യപ്പെടുന്നു. നികുതി വെട്ടിക്കാനുള്ള പഴുതുകള്‍ നിയമനിര്‍മ്മാതാക്കള്‍ അടയ്ക്കണമെന്നും എസ്റ്റേറ്റ് ടാക്‌സ്, ക്യാപ്പിറ്റല്‍ ഗെയ്ന്‍ ടാക്‌സ് എന്നിവ കൂട്ടി കൂടുതല്‍ നീതിപൂര്‍വ്വമാക്കണമെന്നുമാണ് ബില്‍ ഗേറ്റ്‌സ് ആവശ്യപ്പെട്ടത്.

''എന്റെ പ്രയത്‌നത്തെ വെച്ചുള്ള അനുപാതത്തിലല്ല, അതിനെക്കാള്‍ എത്രയോ കൂടുതലാണ് എന്റെ വരുമാനം. എന്നാല്‍ ഏറെപ്പേര്‍ക്കും കഠിനമായി പരിശ്രമിച്ചിട്ടും മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല. അതുകൊണ്ടാണ് കൂടുതല്‍ പണമുള്ളവര്‍ അതിനനുസരിച്ച് കൂടുതല്‍ ഉയര്‍ന്ന ശതമാനം നികുതി നല്‍കുന്ന നികുതി സമ്പ്രദായം വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാനും മെലീന്‍ഡയും അടങ്ങുന്ന സമ്പന്നര്‍ ഇപ്പോള്‍ നല്‍കുന്നതിലും കൂടുതല്‍ നികുതി നല്‍കേണ്ടതുണ്ട്.'' ബില്‍ ഗേറ്റ്‌സ് പറയുന്നു.

ബ്ലൂംബെര്‍ഗ് ബില്യയണര്‍ ഇന്‍ഡെക്‌സ് പ്രകാരം 64കാരനായ ബില്‍ ഗേറ്റ്‌സിന്റെ ആസ്തി 113.7 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ ദശകത്തില്‍ അദ്ദേഹത്തിന്റെ ആസ്തി ഇരട്ടിയായി.

Similar News