വീണ്ടും യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്കായി ബിനാന്‍സ്; ഇത്തവണ ക്രിപ്‌റ്റോ കാര്‍ഡ്‌

അഭയാര്‍ത്ഥികള്‍ക്ക് 75 ബിനാന്‍സ് യുഎസ്ഡി (ഏകദേശം 5,740 രൂപ) വീതം മൂന്ന് മാസത്തേക്ക് നൽകും

Update: 2022-04-27 07:15 GMT

റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് അഭയാര്‍ത്ഥികളായി മാറിയ യുക്രെയ്ന്‍ ജനതയ്ക്കായി ക്രിപ്‌റ്റോ കാര്‍ഡുകള്‍ അവതരിപ്പിച്ച് ബിനാന്‍സ്. ലോകത്തെ ഏറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്, ബ്ലോക്ക്‌ചെയിന്‍ പ്ലാറ്റ്‌ഫോമുകളിലൊന്നാണ് ബിനാന്‍സ്. യുക്രെയ്‌നില്‍ നിന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കെത്തിയ ബിനാന്‍സ് ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭ്യമാവുക.

ഷോപ്പിംഗിനും ക്രിപ്‌റ്റോ കറന്‍സി കൈമാറ്റത്തിനും ഈ കാര്‍ഡ് ഉപയോഗിക്കാം. യൂറോപ്യന്‍ ഇക്കണോമിക് ഏരിയയില്‍ ആണ്  ക്രിപ്‌റ്റോ കാര്‍ഡ് ഉപയോഗം സാധ്യമാവുക. വിര്‍ച്വലായും ഫിസിക്കലായും ബിനാന്‍സ് ക്രിപ്‌റ്റോ കാര്‍ഡ് വിതരണം ചെയ്യും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് സേവന പ്ലാറ്റ്‌ഫോമായ കോണ്‍ടിസുമായി ചേര്‍ന്നാണ് ബിനാന്‍സ് ക്രിപ്‌റ്റോ കാര്‍ഡ് പുറത്തിറക്കുന്നത്. വേഗമേറിയതും ചിലവുകുറഞ്ഞതുമായ ട്രാന്‍സാക്ഷന്‍ ക്രിപ്‌റ്റോയുടെ പ്രത്യേകതയാണെന്നും അടിയന്തിര ഘട്ടങ്ങളില്‍ കാര്‍ഡ് ഗുണം ചെയ്യുമെന്നുമാണ് ബിനാന്‍സിന്റെ വിലയിരുത്തല്‍.

ക്രിപ്‌റ്റോ കാര്‍ഡ് ഉടമകളായ അഭയാര്‍ത്ഥികള്‍ക്ക് പ്രതിമാസം 75 ബിനാന്‍സ് യുഎസ്ഡി (ഏകദേശം 5,740 രൂപ) വീതം മൂന്ന് മാസത്തേക്ക് ലഭിക്കും. യുദ്ധത്തെ തുടര്‍ന്ന് 4 മില്യണോളം ആളുകളാണ് യുക്രെയ്‌നില്‍ നിന്ന് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയത്. യുക്രെയ്ന്‍ അഭയാര്‍ത്ഥികള്‍ക്കായി ഇതുവരെ 76.5 കോടിയോളം രൂപയാണ് ബിനാന്‍സ് നല്‍കിയത്. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി, യുണീസെഫ് തുടങ്ങിയ സംഘടനകളിലൂടെയായിരുന്നു ബിനാന്‍സിന്റെ സഹായം.

Tags:    

Similar News