സൈബര്‍ ഇന്‍ഷുറന്‍സിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?

Update: 2019-11-12 09:54 GMT

ഓണ്‍ലൈന്‍ മീഡിയകളും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗും ഡിജിറ്റല്‍ ബാങ്കിംഗും പേമെന്റുകളുമെല്ലാമായി ഓരോ ദിവസവും നമ്മള്‍ ഇന്റര്‍നെറ്റിലാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറി വരുന്നു. ഡാറ്റ മോഷണം, വ്യക്തിവിവരങ്ങളുടെ മോഷണം തുടങ്ങി പലവിധത്തിലുള്ള തട്ടിപ്പുകളുണ്ട്. ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ഇത്തരം തട്ടിപ്പുകളില്‍ നിന്ന് ഒരു പരിധി വരെ സംരക്ഷണം നല്‍കാന്‍ സൈബര്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് കഴിയും.

ഫസ്റ്റ് ആന്‍ഡ് തേര്‍ഡ് പാര്‍ട്ടി ബാധ്യതകള്‍ക്ക് ഒരു പോലെ സംരക്ഷണം നല്‍കുന്നവയാണ് സൈബര്‍ ഇന്‍ഷുറന്‍സ്. വ്യക്തികളുടേയോ സംഘടനകളുടേയോ കണ്ടന്റുകളും ട്രാന്‍സാക്ഷന്‍സും സംബന്ധിച്ചുമുള്ള റിസ്‌ക് കുറയ്ക്കാന്‍ ഇതിലൂടെ കഴിയും. മാത്രമല്ല, മറ്റൊരാളുടെ വ്യക്തിപരമായതും മറ്റുമുള്ള രഹസ്യ വിവരങ്ങള്‍ ചോരുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ സൈബര്‍ ഇന്‍ഷുറന്‍സിലൂടെ കഴിയും.

സംരക്ഷണം എന്തിനൊക്കെ?

1. വ്യക്തിപരമായതും രഹസ്യാത്മകവുമായ വിവരങ്ങളുടെ ചോര്‍ച്ച

2. ഐഡന്റിറ്റി ചോര്‍ച്ചയ്ക്ക് ഇടവരുത്തുന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലെ സൈബര്‍ അറ്റാക്ക്

3. ഏത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും ഉണ്ടാകാവുന്ന വ്യക്തിപരമായ ഭീഷണിക്കെതിരെയുള്ള സംരക്ഷണം

4. ഇ മെയ്ല്‍, എസ്എംഎസ്, ഡൗണ്‍ലോഡ് എന്നിവ വഴി വൈറസുകളുടെ കടന്നു കയറ്റം മൂലമുള്ള നഷ്ടം

5. അനധികൃതമായി വിവരങ്ങള്‍ കട്ടെടുത്ത് എക്കൗണ്ടില്‍ നിന്ന് പണാപഹരണം നടത്തുന്നതിനെതിരെ സംരക്ഷണം

6. യൂസര്‍ നെയിം, പാസ് വേര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഡീറ്റെയ്ല്‍സ് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെതിരെ

7. സൈബര്‍ അറ്റാക്ക് നടത്തി നിങ്ങളുടെ സോഷ്യല്‍ മീഡിയ എക്കൗണ്ടിലൂടെ തെറ്റായതും മോശവുമായ കാര്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്

8. തേര്‍ഡ് പാര്‍ട്ടി കംപ്യൂട്ടറുകളില്‍ നിന്ന് നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപഹരിക്കുന്നത്

ഇത്തരത്തില്‍ ഡാറ്റ നഷ്ടത്തിനും ധനനഷ്ടത്തിനും കേസ് നടത്തുന്നതിനും ഡാറ്റ തിരിച്ചു പിടിക്കുന്നതിനുമടക്കം സൈബര്‍ ആക്രമണത്തിലൂടെ നിങ്ങള്‍ക്കുണ്ടാകുന്ന എല്ലാത്തരം നഷ്ടങ്ങള്‍ക്കും പരിഹാരമാകാന്‍ സൈബര്‍ ഇന്‍ഷുറന്‍സിന് കഴിയുന്നു.
നിയമനടപടികള്‍ക്കായുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡോക്യുമെന്റേഷന്‍ എന്നിവയും ഇത്തരം പോളിസികളില്‍ ഉള്‍പ്പെടും. വൈറസോ മറ്റു മാല്‍വെയറുകളോ മൂലം നിങ്ങളുടെ കംപ്യൂട്ടറുകള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടം, ബാങ്ക് എക്കൗണ്ടില്‍ നിന്ന് അനധികൃതമായി പണം നഷ്ടപ്പെടല്‍ എന്നിവയ്‌ക്കെല്ലാം സൈബര്‍ ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നു. നിയമപോരാട്ടത്തിനുള്ള ചെലവും ലഭിക്കും.
സൈബര്‍ ഭീഷണിയുയര്‍ത്തുന്ന ആരോഗ്യ മാനസിക പ്രശ്‌നങ്ങള്‍ക്കും സൈബര്‍ ഇന്‍ഷുറന്‍സ് പരിഹാരം കാണുന്നു. സൈക്യാട്രിസ്റ്റ് അടക്കമുള്ള കൗണ്‍സലര്‍ സേവനങ്ങള്‍ക്കുള്ള തുക ഇന്‍ഷുറന്‍സ് കമ്പനി നല്‍കും. സൈബര്‍ ആക്രമണത്തിന് വിധേയമായ കംപ്യൂട്ടറുകള്‍ നന്നാക്കുന്നതിനും പണം ലഭിക്കും. ഒരു സ്ഥാപനത്തെ സംബന്ധിച്ച് നാശനഷ്ടത്തിന് കാരണക്കാരന്‍ അതേ കമ്പനിയിലെ ജീവനക്കാരനാണെങ്കിലും ക്ലെയിം ലഭിക്കാന്‍ അര്‍ഹനാണ്.

എത്രയാണ് പ്രീമിയം?

ഒരു ലക്ഷം രൂപയുടെ കവര്‍ ലഭിക്കാന്‍ ഏകദേശം അഞ്ഞൂറിനും ആയിരത്തിനും ഇടയില്‍ വരുന്ന പ്രീമിയം മാത്രമേ വ്യക്തികള്‍ക്ക് ആകുകയുള്ളൂ.
സാധാരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കവര്‍ ചെയ്യപ്പെടുന്ന തുകയ്ക്ക് അനുസരിച്ച് ഏതാനും ലക്ഷങ്ങള്‍ മുതല്‍ കോടിക്കണക്കിന് രൂപ വരെ പ്രീമിയം വരാം. ഉദാഹരണത്തിന് അഞ്ചു കോടി രൂപയുടെ സംരക്ഷണം ലഭിക്കാന്‍ ഏത് ഇന്‍ഡസ്ട്രിയാണ് എന്നതിനനുസരിച്ച് അഞ്ചു മുതല്‍ പത്തു ലക്ഷം രൂപ വരെയാകും വാര്‍ഷിക പ്രീമിയം. അതേസമയം ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഹെല്‍ത്ത് കെയര്‍, ടെലികോം തുടങ്ങിയ സൈബര്‍ ആക്രമണ സാധ്യത കൂടിയ സ്ഥാപനങ്ങള്‍ക്ക് പ്രീമിയം കൂടും.മറ്റു ഇന്‍ഷുറന്‍സ് പോളിസികള്‍ നല്‍കുന്ന മിക്ക ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളും സൈബര്‍ ഇന്‍ഷുറന്‍സ് പോളിസകളും നല്‍കി വരുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News